അമൃതാനന്ദമയി അമ്മ
നിങ്ങള്‍ ആരാണ് എന്ന് മക്കളോടു ചോദിച്ചാല്‍ പല മറുപടികളാവും ലഭിക്കുന്നത്.
‘ഞാന്‍ ഹിന്ദു’, ‘ഞാന്‍ ക്രിസ്ത്യാനി’, ‘ഞാന്‍ മുസ്ലിം’,’ഞാന്‍ എന്‍ജിനിയര്‍ ‘, ‘ഞാന്‍ ഡോക്ടര്‍’ എന്നിങ്ങനെയാണ് ഓരോരുത്തരും പറയുനന്നത്. എല്ലാവരിലും ഒരുപോലെയുള്ള, സര്‍വവ്യാപിയായ ഒന്നേയുള്ളൂ- ‘ഞാന്‍’ ഈ ‘ഞാനിന്’ നാമവും രൂപവും ഇല്ല. ആ പരമതത്വത്തെത്തന്നെയാണ് ആത്മാവ്, ബ്രഹ്മം, ഈശ്വരന് എന്നെല്ലാം വിളിക്കുന്നത്.
ഈശ്വരനില്ലെന്നു പറയുന്നത്, നാവുകൊണ്ട് നാവില്ലെന്നു പറയുന്നതു പോലെയാണ്, താനില്ലെന്ന് താന്‍തന്നെ പറയുന്നതിനു സമമാണത്. ഈശ്വരന് നമ്മളിലോരോരുത്തരിലും കുടികൊള്ളുന്നു. സകല ജീവജാലങ്ങളിലും അവിടത്തെ ചൈതന്യമാണു തുടിക്കുന്നത്. ഈശ്വരന് ആകാശം പോലെയാണ്. ആകാശം എല്ലായിടത്തുമുണ്ട്.
ഈ പ്രപഞ്ചം സ്ഥിതിചെയ്യുന്നത് ആകാശത്തിലാണ്. നാം ഒരു വീട് പണിയുന്നതിന് മുന്‍പ് ആകാശം അവിടെയുണ്ട്. വീടുപണികഴിഞ്ഞതിന്ശേഷവും ആകാശം അവിടെയുണ്ട്. മുന്‍പുണ്ടായിരുന്ന ആകാശത്തില്‍ത്തന്നെയാണ് വീട് സ്ഥിതിചെയ്യുന്നത്. വീട് പൊളിച്ചു മാറ്റിയാലും ആകാശം അവിടെത്തന്നെയുണ്ട്. ഇതുപോലെ എന്നെന്നും- ഭൂതകാലത്തിലും- മാറ്റമില്ലാതെ വര്‍ത്തിക്കുന്ന പരമതത്വമാണ് ഈശ്വരന്.
‘ഈശ്വരന് സര്‍വവ്യാപിയാണെങ്കില്‍ എന്തുകൊണ്ടാണ് അമ്മേ, നമുക്ക് അവിടത്തെ കാണാന്‍ കഴിയാത്തത്’ എന്നൊരു മകന് അമ്മയോട് ചോദിച്ചത് ഇപ്പോള്‍ ഓര്‍മവരുന്നു. വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ കറന്റുള്ള ഒരു വയറില്‍ തൊട്ടു നോക്കിയാല്‍ ഷോക്കടിക്കും.
വൈദ്യുതിയെ നമ്മള് അനുഭവിക്കുകയാണ്. ഈശ്വരതത്വം അനുഭവമാണ്. അനുഭവത്തിലൂടെയാണ് അവിടത്തെ അറിയേണ്ടത്.നാം ഒരു വൃക്ഷത്തിന്റെ മറവില്‍ നില്ക്കുമ്പോള് ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെകാണാന്‍ കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിയ്ക്കുകയാണെന്ന് മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല.വൃക്ഷത്തിന് സൂര്യനെ മറയ്ക്കുവാനുള്ള ശക്തിയില്ല. എന്നാല്‍ വ്യക്ഷം സൂര്യനെ കാണുന്നതില്‍ നിന്നും നമ്മുടെ കാഴ്ചയെ മറയ്ക്കുന്നു. അതുപോലെ അജ്ഞാനം കാരണം നമുക്ക് ഈശ്വരനെ ദര്‍ശിക്കുവാനാവുന്നില്ല.
നമ്മില്‍ ജീവചൈതന്യമായി, ബോധമായി ഈശ്വരന് കുടികൊള്ളുന്നു. ആനന്ദസ്വരൂപനായ അവിടുന്നുതന്നെ നമ്മുടെ ആത്മാവ്. ഈശ്വരന് സര്‍വവ്യാപിയാണെങ്കിലും ഞാനെന്നും എന്റേതെന്നുമുള്ള നമ്മുടെ മനോഭാവം നമ്മുടെ സത്യദര്‍ശനത്തെ മറയ്ക്കുകയും നമ്മുടെ മനസ്സിനെ ബാധിക്കുകയും ചെയ്തിരിക്കുന്നു. മനസ്സ് ഒന്നു മാത്രമാണ് മനുഷ്യന്റെ ബന്ധത്തിനും മോക്ഷത്തിനും കാരണം. വികാര വിചാരങ്ങളില്‍ നിന്നും മനസ്സിനെ വിമുക്തമാക്കാന്‍ മക്കള്‍ പഠിക്കണം. ഞാനെന്നും എന്റേതെന്നും ഉള്ള ഭാവമാണ് ഇന്നു നമ്മളെ അസ്വതന്ത്രരാക്കിയിരിക്കുന്നത്.
പുറം ലോകത്തില്‍ ഒരിക്കലും നമുക്ക് പൂര്‍ണ്ണത കണ്ടെത്താനാവില്ല. എന്നിട്ടും ഇന്നത്തെ ലോകത്തില്‍ മനുഷ്യന് പൂര്‍ണതയും സന്തോഷവും സദാ പുറത്തുതേടുകയാണ്.
പല സ്ത്രീകളും അമ്മയോട് വന്നു പറയാറുണ്ട്. ‘അമ്മാ, എനിക്കു നല്പതുവയസ്സായി, ഇതുവരെ കല്യാണം നടന്നിട്ടില്ല. പറ്റിയ പുരുഷനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല’. ഇതുപോലെതന്നെ പുരുഷന്മാരും പറയാറുണ്ട്. ‘അമ്മാ, ഇത്രവയസ്സായിട്ടും എന്റെ സങ്കല്പത്തിലെ ഭാര്യയെ കണ്ടെത്താനായില്ല. ഞാന്‍ തേടുകയാണ്’. അങ്ങനെ അവര്‍ നിരാശരാകുന്നു. ജീവിതം ദുഃഖപൂര്‍ണ്ണമാകുന്നു.
വിവാഹം കഴിക്കാന്‍ പെണ്ണിനെത്തേടി രാജ്യങ്ങള്‍ കറങ്ങിയ ഒരാളെക്കുറിച്ച് അമ്മയ്ക്ക് ഓര്‍മവരുന്നു. സ്പെയിനില്‍ വെച്ച് സുന്ദരിയും ബുദ്ധിമതിയുമായ ഒരു പെണ്‍കുട്ടിയെ ആ മോന് കണ്ടെത്തി. പക്ഷേ, അവള്‍ക്ക് ലോകകാര്യങ്ങളില്‍ പഠിപ്പില്ല. കൊറിയയില്‍ വെച്ച് ആ മോന് കണ്ട പെണ്‍കുട്ടിക്ക് സൗന്ദര്യവും ലോകപരിചയവും ബുദ്ധിയും ഉണ്ടായിരുന്നു. പക്ഷേ, അവര്‍ തമ്മില്‍ അടുത്തിടപഴകാന്‍ വൈഷമ്യം തോന്നി. വേറൊരു രാജ്യത്തുവെച്ച് എല്ലാം തികഞ്ഞ ഒരു പെണ്‍കുട്ടിയെ ആ മോന് കണ്ടെത്തി. ‘സങ്കല്പത്തിലെ കുട്ടിയെ കല്യാണം കഴിച്ചോ?’ എന്ന് അമ്മ ചോദിച്ചു.
‘ഇല്ല’. വിഷാദത്തോടെ ആ മോന് മറുപടിപറഞ്ഞു.
‘അതെന്തുപറ്റി’ എന്ന അമ്മയുടെ ചോദ്യത്തിന് കിട്ടിയ മറുപടി എല്ലാവര്ക്കും പാഠം ആകേണ്ടതാണ്.
അതോ? അമ്മാ, അവളും എല്ലാം തികഞ്ഞ പുരുഷനെത്തേടി നടക്കുകയായിരുന്നു.’
മക്കളേ പുറത്തു പൂര്‍ണ്ണത തേടിയാല്‍ എന്നും നിരാശയായിരിക്കും ഫലം. എന്താണ് മനുഷ്യന് തേടുന്നത്? ശാന്തിയും സന്തോഷവും അല്ലേ? ഒരിറ്റു ശാന്തിക്കുവേണ്ടി മനുഷ്യന് പരക്കം പായുന്നു. പക്ഷേ, നമ്മുടെ ആന്തരികലോകം നരകതുല്യമാക്കിയിരിക്കുന്നത് നമ്മള് തന്നെയാണ്. സുഖവും സന്തോഷവും ബാഹ്യവസ്തുക്കളാണങ്കില്‍ ആഡംബര ജീവിതത്തില്‍ നിന്ന് അവ കിട്ടിയേനെ. കാറുകളും മുറികളും എയര്‍കണ്ടീഷന്‍ ചെയ്താല്‍ പോരാ, മക്കള്‍ മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിക്കണം.
മക്കളെ ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം. സ്വര്‍ഗ്ഗവും നരകവും മനസ്സിന്റെ സൃഷ്ടികളാണ് എന്നു മക്കള്‍ ഓര്‍മ്മിക്കണം.
കടപ്പാട്: മാതൃഭുമി