അമൃതാനന്ദമയി അമ്മ
പ്രകൃതിയോളം വലിയ ഒരു സര്‍വ്വകലാശാല ഇല്ല. എന്തെല്ലാം പാഠങ്ങളാണ് പ്രകൃതി നമുക്ക് പറഞ്ഞു തരുന്നത്. പ്രകൃതിയിലെ ഓരോ കാഴ്ചയും മക്കള്‍ ഒന്നു ശ്രദ്ധിച്ചു നോക്കണം. ഒരുപാട് കാര്യങ്ങളുണ്ട് ഈ കാഴ്ചകളില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍. ചെറുതെങ്കിലും മഹത്തരമായ ഒരു ദര്‍ശനം നമുക്കു തുറന്നു കിട്ടും. നമ്മുടെ മനസ്സിലേക്ക് അവ വെളിച്ചം വീശും. ജീവിതം ആനന്ദ പൂര്‍ണ്ണമാകും.
ഒരു നദിയെ നോക്കുക. മഹാമേരുവിന്റെ നെറുകയില്‍ നിന്നു താഴേക്ക് ഒഴുകി സകലരെയും തഴുകി തലോടി അതു സമുദ്രത്തില്‍ച്ചെന്നു പതിക്കുന്നു. അതുപോലെ നമ്മളിലെ വ്യക്തി ഭാവം പരമാത്മഭാവത്തില്‍ വിലയിക്കണം. അതിനു നമ്മളും ആ നദിയുടെ ഭാവം ഉള്‍ക്കൊള്ളണം. നദിയില്‍ ആര്‍ക്കും കുളിക്കാം. ദാഹം ശമിപ്പിക്കുന്നത് സ്ത്രീയെന്നോ പുരുഷനെന്നോ നദിക്കു നോട്ടമില്ല. കുഷ്ഠരോഗിയെന്നോ ആരോഗ്യവാനെന്നോ ദാരിദ്രനെന്നോ ധനികനെന്നോ അതു ഗണിക്കാറില്ല. തന്നെ സമീപിക്കുന്ന സകലരെയും തഴുകി അവരിലെ അഴുക്ക് സ്വയം സ്വീകരിക്കുക എന്നതാണ് നദിയുടെ സ്വഭാവം. നദിയെക്കുറിച്ച് ഒരാള്‍ കവിത രചിച്ചാലോ മറ്റൊരാള്‍ പുച്ഛിച്ചാലോ നദിക്കു ഭാവമാറ്റമില്ല.
ഒരാള്‍ കുടിക്കുന്നു, ഒരാള്‍ കുളിക്കുന്നു ഒരാള്‍ ശൗചം ചെയ്യുന്നു നദിക്ക് ആരോടും പ്രത്യേകതയില്ല. നദിയുടെ ഈ ഭാവമാറ്റം ഒരു വ്യക്തിയുടെ നോക്കിലും പ്രവര്‍ത്തിയിലും നിറഞ്ഞു കവിയുമ്പോള്‍ അതിനെയാണ് കാരുണ്യം എന്ന് പറയുന്നത്. അതാണ് നദിയില്‍നിന്ന്, പ്രക്യതിയില്‍ നിന്ന് നമ്മള്‍ പഠിക്കുന്ന പ്രഥമ പാഠം. കാരുണ്യം എന്ന ഗുണം മക്കളില്‍ വരണം.
ഒരു വൃക്ഷം വെട്ടിയാല്‍ പത്തു തൈ നടണമെന്ന് പറയും. ഇതിലെന്തര്‍ത്ഥമാണുള്ളത്? കെട്ടിടത്തിന്റെ തേക്കില്‍ തൂണുകള്‍ മാറ്റിയിട്ടു തീപ്പട്ടിക്കൊള്ളികള്‍ നാട്ടുന്നതുപോലെയാണിത്. വലിയ ഒരു വൃക്ഷം അന്തരീക്ഷത്തിനു നല്‍കുന്ന ശുദ്ധിയും പരിസരത്തിനു പകരുന്ന കുളിര്‍മ്മയും പത്തോ നൂറോ ചെറുതൈകള്‍ക്കു നല്‍കാനാവില്ല. ഈ പറഞ്ഞതു കൊണ്ട് തൈകള്‍ നടരുത് എന്ന് പറഞ്ഞതായി മക്കള്‍ വിചാരിക്കരുത്. പുതിയ തൈകള്‍ നട്ടിരിക്കണം. ഒരു വൃക്ഷം വെട്ടണമെങ്കില്‍ പകരം ഒന്നു നട്ട് ഒരു വിധം വലുതാകുന്നതു വരെ കാത്തിരിക്കണം. വലിയ ഒരു വൃക്ഷം പ്രകൃതിക്ക് കൊടുക്കുന്ന താളലയം ഒരു ചെറുതൈക്ക് നല്‍കാനാവില്ല. ഒരു ബക്കറ്റ് വെള്ളം ശുദ്ധീകരിക്കാന്‍ ഒരു സ്പൂണ്‍ ക്ലോറിന്‍ ഇട്ടാലെ കഴിയൂ. പക്ഷേ, അതിന്റെ നൂറിലൊരു അംശം ഇട്ടിട്ട് പ്രയോജനം ഇല്ല. വൃക്ഷങ്ങളുടെ നാശം മനുഷ്യ വര്‍ഗ്ഗത്തിന്റെ നാശമാണ്. പണ്ടത്തെ പല ജീവജാലങ്ങളും ഇന്ന് ഭൂമുഖത്ത് കാണുന്നില്ല. മാറിയ കാലാവസ്ഥയില്‍ അവയുടെ വംശനാശം വന്നു കഴിഞ്ഞു. മിന്നാമിനുങ്ങകളെ കൂടുതല്‍ കാണുന്നത് നാട്ടിന്‍ പുറങ്ങളിലാണ്. നഗരങ്ങളില്‍ അവയെ കാണാനേയില്ലാതായിരിക്കുന്നു.
ഒരിടത്ത് ഒരു മദ്യവില്‍പ്പനക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ ഭാര്യയോടു പറഞ്ഞു:’എടീ, കൂടുതല്‍ ആളുകള്‍ കുടിക്കാനെത്താന്‍ നീ നിത്യവും പ്രാര്‍ത്ഥിക്കണം’. മദ്യപിക്കാന്‍ വന്ന ഒരാള്‍ ഈ പ്രാര്‍ത്ഥന കേട്ടു. അയാള്‍ ആ സ്ത്രീയോടു പറഞ്ഞു ‘എനിക്ക് ജോലികിട്ടാന്‍ വേണ്ടിക്കൂടി നിങ്ങള്‍ ഒന്നു പ്രാര്‍ത്ഥിക്കണം’. ആ സ്ത്രീ അയാളോടു ചോദിച്ചു:’എന്താണ് നിങ്ങളുടെ ജോലി?’
‘ശവപ്പട്ടി നിര്‍മ്മാണം’ അയാള്‍ പറഞ്ഞു. ഇതാണ് ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഒന്നുകൂടി പ്രകൃതിയെനോക്കൂ. പ്രകൃതി എന്തു ത്യാഗം ചെയ്യുന്നു! പ്രകൃതിയിലെ ഏതൊരു വസ്തു എടുത്ത് നോക്കിയാലും അവ അവയ്ക്കു വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്നു കാണാന്‍ കഴിയും. എല്ലാം മനുഷ്യനന്മയ്ക്കുവേണ്ടി മാത്രം. അങ്ങനെ നിസ്വാര്‍ഥമായി യാതൊരു ഫലകാംഷയും കൂടാതെ മനുഷ്യസേവനം ചെയ്യുന്ന പ്രകൃതിയെ ദ്രോഹിക്കുവാന്‍ മക്കള്‍ ശ്രമിക്കരുത്. പ്രകൃതിയിലൂടെ ത്യാഗം നമുക്ക് മറ്റൊരു പാഠമാണ്. പ്രകൃതിയുടെ ത്യാഗത്തിന്റെ കോടിയിലൊരംശം നമ്മള്‍ പ്രകൃതിയോട് കാണിക്കണം. സഹജീവികളോടുള്ള പെരുമാറ്റത്തില്‍ ത്യാഗ മനോഭാവം ഉണ്ടാവണം.
ശകുന്തളയുടെ കഥ അറിയില്ലേ? കണ്വമുനിക്ക് കാട്ടില്‍ നിന്ന്, പ്രകൃതിയില്‍ നിന്ന് കിട്ടിയതാണ് ശകുന്തളയെ. ശകുന്തള ആശ്രമത്തില്‍ നിന്നു പോകാന്‍ നേരം അവള്‍ ലാളിച്ചു വളര്‍ത്തിയിരുന്ന മുല്ലവള്ളി അവളെ വിടാതെ കാലില്‍ ചുറ്റി. വളര്‍ത്തു മൃഗങ്ങള്‍ കണ്ണീരൊഴുക്കി. സസ്യങ്ങളെയും മൃഗങ്ങളെയും സ്നേഹിച്ചാല്‍ അവ നമ്മെയും അതുപോലെ സ്നേഹിക്കുമെന്നാണ് ഇത് കാണിക്കുന്നത്. സ്വാര്‍ത്ഥത മുറ്റിയ മനുഷ്യന് സ്നേഹം എന്തെന്ന് കൂടി അറിയാതെയായി. സ്നേഹത്തിന്റെ ബാലപാഠങ്ങള്‍ മക്കള്‍ പ്രകൃതിയില്‍ നിന്ന് പഠിക്കണം. കരുണ, ത്യാഗം തുടങ്ങിയ മറ്റു മൂല്യങ്ങളും നമുക്ക് പ്രകൃതിയില്‍ നിന്ന് പഠിക്കാം. അതിനാല്‍ മക്കള്‍ കണ്ണും കാതും തുറന്ന് പ്രകൃതിയെ വീക്ഷിക്കുക. ദിവസം അതിനു വേണ്ടി അല്പം നേരം നീക്കിവെയ്ക്കുക. പ്രകൃതി നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഈ ലോകത്തെ സമാധാന പൂര്‍ണമാക്കും. അവ മക്കള്‍ ഉള്‍ക്കൊള്ളണം. ജീവിതത്തില്‍ പകര്‍ത്തണം.
കടപ്പാട്: മാതൃഭുമി