അമൃതാനന്ദമയി അമ്മ
നമ്മുടെ നാട്ടില്‍ ഉന്നത പഠനത്തിനായി ഇപ്പോള്‍ മത്സര പരീക്ഷകള്‍ ഉണ്ട്. എം.ബി.ബി.എസ്സിനും എന്‍ജിനീയറിങ്ങിനും പ്രവേശനം ലഭിക്കുവാന്‍ ഒരു പ്രവേശന പരീക്ഷ പാസ്സാകണം. പ്രവേശന പരീക്ഷയുടെ കടമ്പ കടന്നാല്‍ അഡ്മിഷന്‍ ഉറപ്പായി. പിന്നെ കോളേജില്‍ ചേര്‍ന്ന് ബുദ്ധിമുട്ടി പഠിച്ച് പാസ്സാകുന്ന മക്കള്‍ എന്‍ജിനിയറും ഡോക്ടറും ആവുന്നു. പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ടാണന്ന് കരുതി ആരും അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ടതില്ലല്ലോ? അതുപോലെത്തന്നെയാണ് സന്യാസത്തിലേക്കുള്ള വഴിയും. എല്ലാവര്‍ക്കും സന്യാസിയാകുവാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ ശ്രമിച്ചാല്‍ വളരെക്കുറച്ചുപേര്‍ സന്യാസിയായിത്തീരും.
എല്ലാവരും സന്യാസിയാകണം എന്ന് അമ്മ പറയുന്നില്ല ആ തത്വം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ദുഃഖം ഒഴിവാക്കാം. ഏതു പ്രതിസന്ധിയെയും പ്രതിബന്ധത്തെയും നിസംഗനായി അതിജീവിക്കാന്‍ കഴിയും. ഞാനെന്നും എന്റേതെന്നുമുള്ള ഭാവം വിടണം. അതാണ് അമ്മ പറയുന്നത്. ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു ജീവിതത്തിലുള്ള സ്ഥാനം മസസ്സിലാക്കി വേണം.
പ്രതീക്ഷവെച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ പാടില്ല പ്രതീക്ഷയാണ് ദുഃഖത്തിനു കാരണം. ഒരാള്‍ പിരിവിനുവേണ്ടി ഒരു വീട്ടില്‍ ചെന്നു. ആയിരം രൂപയാണ് പ്രതീക്ഷിച്ചത്. പക്ഷേ, വീട്ടുകാര്‍ അഞ്ചു രൂപയാണ് നല്കിയത്. അതയാള്‍ സ്വീകരിച്ചില്ല വീട്ടുകാരോട് കടുത്ത ദേഷ്യവും തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉള്ളിലെ ദേഷ്യം മാറിയില്ല. പ്രതീക്ഷവെച്ചു കൊണ്ടു പോയിട്ടല്ലേ ദേഷ്യം വന്നത്? പ്രതീക്ഷിച്ചത്ര ലഭിക്കാത്തതുകാരണം നല്‍കിയത് വാങ്ങുവാനും കഴിഞ്ഞില്ല. തള്ളിക്കളഞ്ഞു ദുഃഖമായി, നൈരാശ്യമായി, അശാന്തിയായി. പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ദുഃഖവും അതിനുള്ള ദേഷ്യവും വിദ്വേഷവും ശാന്തിയും ഒഴിവാക്കാമായിരുന്നു. ലഭിച്ചതുകൊണ്ടു തൃപ്തിയടയുമായിരുന്നു. ഒരു യാചകനെ പോലെയാണ് നമ്മുടെ യാത്രയെങ്കില്‍ ഈ ദുഃഖം ഒഴിവാക്കാം. ഭിക്ഷ കിട്ടിയില്ല എന്നു കരുതി യാചകന്‍ ദുഃഖിക്കുന്നില്ല. കാരണം താനൊരു യാചകനാണെന്ന് അവനറിയാം. ഒന്നും കിട്ടിയില്ലങ്കിലും അവന് ദുഃഖമില്ല. അടുത്തസ്ഥലത്തു നിന്ന് എന്തെങ്കിലും കിട്ടുമെന്ന് അവനറിയാം. കൈനിറയെ ഭിക്ഷകിട്ടുന്നതും വെറും കൈയോടെ മടങ്ങുന്നതും തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളാണന്ന് അവനറിയാം. അതിനാല്‍ അയാള്‍ക്ക് ആരോടും ദേഷ്യമില്ല. ശരിയായ യാചകനെങ്കില്‍ അതുപോലെ എല്ലാം അവിടുത്തെ ഇച്ഛയെന്നു കാണുക. ബന്ധം അവിടുത്തോടാകട്ടെ, അതുമാത്രമേ അമ്മ പറയുന്നുള്ളൂ. ദൈവത്തിനോട് അടുത്തവര്‍ക്ക് ജീവിതത്തില്‍ ദുഃഖമില്ല.
നമ്മള്‍ ബാഹ്യവിഷയങ്ങളിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇവരെന്റെ കുടുംബാംഗങ്ങളാണ്, ഇവരെന്റെ ബന്ധുക്കളാണ്- ഈ രീതിയിലാണ് നമ്മള്‍ ജീവിതം നയിക്കുന്നത്. ദിവസവും ഉറക്കമൊഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറും അധ്വാനിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്. നമ്മള്‍ സ്വയം മറക്കുന്നു. ജീവിതധര്‍മ്മം എന്തെന്നറിഞ്ഞ് അതനുസരിച്ച് ജീവിക്കുവാന്‍ മറക്കുന്നു. അങ്ങനെയുള്ള ജീവിതം കൊണ്ട് ഭൂമിയിലും ശാന്തിയില്ല. ഇതിനര്‍ത്ഥം കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നല്ല. കര്‍മ്മം ചെയ്തുകൊള്ളൂ-പക്ഷേ, പ്രതീക്ഷയും ആഗ്രഹവും വളര്‍ത്താന്‍ പാടില്ല.
ആനന്ദം ബാഹ്യവസ്തുവിലില്ല ഉള്ളിലാണ്. ഇഷ്ടമുള്ള പാല്‍പ്പായസം കുറേ കുടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കുടിക്കുവാന്‍ തോന്നുകയില്ല. വെറുക്കും. അടുത്തുകൊണ്ടു വെച്ചാല്‍ക്കൂടി മാറ്റിവെയ്ക്കും. യഥാര്‍ത്ഥത്തില്‍ പാല്‍പ്പായസമാണ് ആനന്ദം തന്നിരുന്നതെങ്കില്‍ മാറ്റിവെയ്ക്കേണ്ടതുണ്ടോ? വീണ്ടും വീണ്ടും എടുത്തു കഴിക്കേണ്ടതല്ലേ?
അപ്പോള്‍ മനസ്സാണാധാരം. മനസ്സിനു തൃപ്തിവന്നപ്പോള്‍ വസ്തുവിനോട് വെറുപ്പായി. എല്ലാം മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
നായ എല്ലില്‍ കടിക്കും. അതിന്റെ രുചി ആസ്വദിക്കും. പക്ഷേ,തന്റെ മോണകീറിവന്ന രക്തമാണ് താന്‍ ആസ്വദിച്ചു നുണയുന്നതെന്ന് അത് അറിയുന്നില്ല. ആനന്ദം നമ്മുടെ ഉള്ളിലാണ് , പുറത്തല്ല. അതിനെ അന്വേഷിക്കൂ. പുറമെ കാണുന്ന ബന്ധുക്കളിലും വസ്തുക്കളിലും ആനന്ദം അന്വേഷിച്ചു പോയാല്‍ ജന്മം പാഴാകും. ഇതിനര്‍ഥം അലസന്മാരായിരിക്കണം എന്നല്ല കിട്ടുന്ന സമയം സ്വാര്‍ത്ഥത വെടിഞ്ഞ് കര്‍മം ചെയ്യുക. ബാക്കിയുള്ള സമയം ഈശ്വരനാമം ജപിച്ച് ആ തത്വത്തില്‍ ജീവിക്കുക.
വാസനയെ എടുത്തു മാറ്റാന്‍ കഴിയില്ല. വെള്ളത്തില്‍ നിന്ന് കുമിളയെ എടുത്ത് നീക്കം ചെയ്യാം എന്നു വിചാരിച്ചാല്‍, എടുക്കാന്‍ ചെല്ലുമ്പോള്‍ കുമിള പൊട്ടും. വെള്ളത്തിലെ ഓളങ്ങള്‍ കൊണ്ടാണ് കുമിളകള്‍ വരുന്നത്. അതിനാല്‍ കുമിളകള്‍ ഒഴിവാക്കാന്‍ ഓളങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. സത് സംഗംകൊണ്ടും സത്ചിന്തകൊണ്ടും മനനം കൊണ്ടും ലൗകിക വാസനകളെ കുറയ്ക്കുന്നതിന് സമമാണത്. നല്ല ചിന്തകള്‍ കൊണ്ട് ശാന്തമായ മനസ്സില്‍ ലൗകിക വാസനകള്‍ക്ക് സ്ഥാനമില്ല. വാസനയെ എടുത്തു മാറ്റാന്‍ ബുദ്ധി മുട്ടാണ്. ഈ തത്വം മനസ്സിലാക്കിയുള്ള ജീവിതം സന്യാസത്തിന്റെ തുടക്കമാണ്, മനശാന്തിയുടെ തുടക്കമാണ്.
എല്ലാവര്‍ക്കും സന്യാസിമാരാകാന്‍ കഴിയില്ല എന്ന് അമ്മ ഒന്നുകൂടി പറയട്ടെ. മറിച്ച് പുറമെ കാണുന്ന വസ്തുക്കളിലും ബന്ധുക്കളിലും മാത്രം ആനന്ദം അന്വേഷിച്ചുപോകാന്‍ മനസ്സിനെ അനുവദിക്കരുത്. ഉള്ളിലെ ആനന്ദം കണ്ടെത്താന്‍ മക്കള്‍ ശ്രമിക്കുക. മക്കള്‍ ശ്രമിച്ചാല്‍, നിങ്ങള്‍ക്ക് അതു സാധിക്കും. ശ്രമമാണ് അതിനുള്ള ആദ്യ ചുവട്.
കടപ്പാട്: മാതൃഭുമി