സേവനം ചെയ്യുമ്പോള്‍ എനിക്ക് ഇത്ര മാത്രമേ ചെയ്യാനാകുന്നുള്ളു എന്ന ചിന്തയല്ലേ വേണ്ടത്?
അവര്‍ വലിയ ധനികയല്ല. പക്ഷേ വളരെ ഉദാരമതിയാണ്. ഒറ്റക്കാണ് താമസം. ശീതകാലത്ത് കമ്പിളിപ്പുതപ്പുകളുമായി അവര്‍ രാത്രിയിറങ്ങും. കടത്തിണ്ണയില്‍ തണുപ്പേറ്റ് വിറച്ചു കിടക്കുന്നവരെ പുതപ്പിക്കും. അതിനുശേഷം ആരും അറിയാതെ തിടുക്കത്തില്‍ തിരിച്ചുപോകും.
വളരെ രഹസ്യമായി ചെയ്തുകൊണ്ടിരുന്ന ഈ സേവനം മെല്ലെ പലരും അറിഞ്ഞു തുടങ്ങി. പലരും അവരെ പുതപ്പു വാങ്ങിക്കൊടുത്ത് സഹായിച്ചു. ചിലര്‍ പണം നല്കി. അവര്‍ അതുകൊണ്ട് ധാരാളം കമ്പിളിപ്പുതപ്പുകള്‍ വാങ്ങി. പിന്നീട് രാത്രി കാലം വണ്ടിയില്‍ പുതപ്പുകളുമായി അവര്‍ നഗരം ചുറ്റിത്തുടങ്ങി. താമസിയാതെ നഗരം മുഴുവനും അവരെക്കുറിച്ചറിഞ്ഞു. എല്ലാവരും അവരെ മഹതിയായി പുകഴ്ത്തി. പക്ഷേ അവരെപ്പോഴും വിഷാദഭരിതനായ മുഖത്തോടെ, തലയും താഴ്ത്തിയേ നടക്കാനുള്ളു. “ഇത്ര മഹത്തായ സേവനം ചെയ്തിട്ടും എന്തേ ഇങ്ങനെയൊരു വിഷാദം.” ഒരാള്‍ തിരക്കി.
അവള്‍ ദുഃഖത്തോടെ പറഞ്ഞു, “ദൈവം നൂറുനൂറു കൈകളിലൂടെ എനിക്ക് ധനവും സഹായവും എത്തിക്കുന്നു. പക്ഷേ രണ്ടു കൈ കൊണ്ടല്ലേ ഇതൊക്കെ കൊടുക്കാന്‍ എനിക്ക് കഴിയുന്നുള്ളൂ.”
ഇതായിരിക്കണം സേവനം ചെയ്യുമ്പോള്‍ നമ്മുടെ മനോനില.
എത്രമാത്രം ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതിലാണ് മഹനീയത. സേവനത്തേക്കാള്‍ ദാനത്തേക്കാള്‍ മഹത്തായ പുണ്യകര്‍മ്മമില്ല. നമുക്ക് ഈശ്വരന്‍ തന്നിരിക്കുന്നതില്‍ നിന്നും കുറച്ചാണ് നാം കൊടുക്കുന്നത്. അതുകൊണ്ട് വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയണ്ട, അതാണ് നന്ന്.
കടപ്പാട്: നാം മുന്നോട്ട്