ഷിര്‍ദ്ദിയിലെ മസ്ജിദില്‍ സായിബാബ താമസിക്കുമ്പോഴുണ്ടായ ഒരു സംഭവം.
ഒരു മാന്യമഹിള ഷിര്‍ദ്ദിസായിക്ക് കഴിക്കാനായി മധുര പലഹാരം വീട്ടില്‍ തയ്യാറാക്കുകയായിരുന്നു. വെറുംകൈയോടെ മഹാത്മാക്കളെ കാണാന്‍ പോകരുതെന്നാണ് വിധി. അവര്‍ പലഹാരം തയ്യാറാക്കി കഴിഞ്ഞപ്പോള്‍ ഒരു നായ് കയറി വന്ന് ആ പലഹാരം തിന്നാന്‍ തുടങ്ങി. അവര്‍ ദേഷ്യം സഹിക്കാനാവാതെ ഒരു തീക്കൊള്ളി എടുത്തൊരേറും കൊടുത്തു. നായ പ്രാണഭീതിയോടെ ഓടി രക്ഷപ്പെട്ടു.
അവര്‍ വീണ്ടും പലഹാരം തയ്യാറാക്കി മസ്ജിദിലെത്തി. പലഹാരത്തില്‍ സൂക്ഷിച്ചു നോക്കി ബാബ പറഞ്ഞു. “ഞാന്‍ നീ ഉണ്ടാക്കിയത് എപ്പഴേ കഴിച്ചു, എന്റെ വിശപ്പും മാറി.”
അവര്‍ക്കത്ഭുതമായി. അതെങ്ങനെ സംഭവിച്ചു? അവരുടെ അന്വേഷണത്തിന് ഉത്തരമായി ബാബ പറഞ്ഞു, “വിശന്നു വലഞ്ഞാണ് ഞാന്‍ നിന്റെ അടുക്കളയില്‍ കയറിയതും, ആഹാരം തിന്നതും. നീ എന്നെ ഉടന്‍ തീക്കൊള്ളിക്കൊണ്ട് എറിഞ്ഞു. ഞാന്‍ ഓടിപ്പോവുകയും ചെയ്തു.”
സര്‍വ്വ ജീവജാലങ്ങളിലും ഉള്ളത് ഈശ്വരന്‍ തന്നെയാണെന്നും, ആരെ ഉപദ്രവിച്ചാലും അത് ഈശ്വരനിന്ദക്ക് തുല്യമാണെന്നും ബാബ വെളിപ്പെടുത്തുകയായിരുന്നു.
രസിക്കാനും കളിക്കാനും അലങ്കാരത്തിനുമായി മിണ്ടാ പ്രാണികളെ വളര്‍ത്തുന്നവര്‍ അവയ്ക്ക് നേരത്തും, കാലത്തും ആഹാരം കൊടുക്കുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ ഇക്കഥ ഓര്‍മിക്കുക. ഒന്നിനേയും ഒരിക്കലും ഒരുതരത്തിലും നോവിക്കാന്‍ നമുക്ക് അവകാശവും അധികാരവുമില്ലെന്ന് അറിയൂ. മിണ്ടാപ്രാണികള്‍ക്ക് അന്നം മുട്ടുമ്പോള്‍ നമുക്കുള്ള ദാരിദ്ര്യദുഃഖത്തിന് നാം മുന്‍കൂര്‍ ടിക്കറ്റ് ബുക്കുചെയ്യുകയാണ്.
കടപ്പാട്: നാം മുന്നോട്ട്