ഒരു കഥ പറയാം

രണ്ട് ഹൃദ്രോഗികള്‍. ഇരുവരും ഒരുമിച്ച് തീവണ്ടിയില്‍ കയറി. പരിചയപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്കാണ് ഇരുവരും യാത്ര.

വര്‍ക്കലയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഒരാള്‍ പെട്ടന്ന് ചാടിയിറങ്ങി ഓടി, കുറച്ചുകറിഞ്ഞ് ഓടിക്കിതച്ച് തിരികെവന്നു കുറേസ്റ്റേഷനുകളില്‍ ഇതാവര്‍ത്തിച്ചപ്പോള്‍ മറ്റേയാള്‍ തിരക്കി.

“അങ്ങ് എന്താണ് ഇങ്ങനെ?ഓരോസ്റ്റേഷനിലും ഇറങ്ങുന്നു… പുറത്തേക്ക് ഓടുന്നു… പിന്നെ ഓടിക്കിതച്ചുകൊണ്ട് തിരിച്ചു വരുന്നു. അങ്ങ് രോഗിയുമല്ലേ.”

“അതോ…” കിതപ്പടക്കിക്കൊണ്ട് അയാള്‍ പറഞ്ഞു, “അടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റെടുക്കാനാ ഓരോ സ്റ്റേഷനിലും ഇറങ്ങി ഓടുന്നത്.”

“അതെന്താ അങ്ങനെ? ഞാന്‍ ചെയ്തതുപോലെ തിരുവനന്തപുരത്തുനിന്നുതന്നെ തൃശൂരിലേക്ക് നേരിട്ട് ടിക്കറ്റ് എടുക്കാമായിരുന്നല്ലോ.”

“പക്ഷേ എനിക്കതിനു പറ്റില്ല” മറ്റേ ഹൃദ്രോഗി വിഷമത്തോടെ പറഞ്ഞു.

“ഉം… അതെന്താ?”

“ഡോക്ടര്‍ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗം ഉള്ളതിനാല്‍ ഒറ്റയടിക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കരുതെന്ന്.”

ഒരു ഉപദേശവും അതിന്റെ വാച്യാര്‍ത്ഥത്തില്‍ മാത്രം സ്വീകരിക്കരുത്. നെഹ്റു പറഞ്ഞതു പോലെ ഗാന്ധിത്തൊപ്പി ധരിക്കല്‍ മാത്രമല്ല ഗാന്ധിസം. ബാപ്പുജിയുടെ ആദര്‍ശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നതാണ്. പറഞ്ഞത് അതേപടി അനുസരിക്കാന്‍ പറയുന്നവര്‍ പോലും ആഗ്രഹിക്കുന്നില്ല. പറഞ്ഞതിലെ സാരമാണ് പ്രവര്‍ത്തികമാക്കേണ്ടത്.

കടപ്പാട്: നാം മുന്നോട്ട്