ദാനം കൊടുക്കുമ്പോള്‍ നാം സ്വീകരിക്കേണ്ട മാനദണ്ഡം എന്ത്?

ധനികന്‍ കാറില്‍ കയറുമ്പോഴാണ് ആ ദയനീയ രംഗം കണ്ടത്. ഒരു വൃദ്ധനും വൃദ്ധയും വഴി അരുകില്‍ ഇരുന്ന് പുല്ലു പറിച്ച് തിന്നുന്നു. ധനികന്‍ സമീപം ചെന്ന് കാരണം തിരക്കി. വിശപ്പടക്കാനാണെന്ന് ഉത്തരവും കിട്ടി.

“വരൂ… എന്റെ കാറിലേക്ക് കയറൂ” ധനികന്‍ സ്നേഹപൂര്‍വ്വം സഹതാപപൂര്‍വ്വം അവരെ ക്ഷണിച്ചു.

നല്ല ആഹാരം കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ വൃദ്ധനും വൃദ്ധയും എഴുന്നേറ്റു.

“അപ്പുറത്ത് എന്റെ മക്കളും പുല്ല് തിന്നുന്നുണ്ട് അവരെക്കൂടെ വിളിച്ചോട്ടെ” വൃദ്ധതിരക്കി.

“വലിയ സന്തോഷം, വിളിച്ചുകൊള്ളൂ” ധനികന്‍ പറഞ്ഞു.

അങ്ങനെ ആ കുടുംബത്തേയും കൊണ്ട് ധനികന്‍ കാറില്‍ യാത്രയായി. താമസിയാതെ അവര്‍ ധനികന്റെ ബംഗ്ലാവിലെത്തി.അവരെ കാറില്‍ നിന്നിറക്കി പറമ്പിലേക്ക് ചൂണ്ടി ധനികന്‍ പറഞ്ഞു , “നോക്കൂ റോഡിലുള്ളതിനേക്കാള്‍ നീളമുള്ള വലിയ പുല്ലുകള്‍ എന്റെ തൊടിയില്‍ ധാരാളം ഉണ്ട്. ഇഷ്ടം പോലെ കഴിച്ചോളൂ…നാളെയായിരുന്നേല്‍ എല്ലാം വെട്ടിക്കളയുമായിരുന്നു.”

സഹായം, ദാനം സ്വീകരിക്കുന്നവന്റെ സൗകര്യവും സുഖവും സന്തോഷവുമാണ് പ്രധാനം, ദാനം കൊടുക്കുന്നവന്റെ സൗകര്യവും സുഖവുമല്ല. ആദ്യത്തേതു മാത്രമാണ് ഉത്തമമായ ദാനം. പ്രവാചകന്‍ അരുളിയതു പോലെ അത്തരം ദാനം നമുക്കു വരാനുള്ള ആപത്തുകളെ തടയുക തന്നെ ചെയ്യും.

കടപ്പാട്: നാം മുന്നോട്ട്