പ്രചോദന കഥകള്‍

ശരിയായ മതനിഷ്ഠ മറ്റുള്ളവരിലെ നന്മ കണ്ടെത്താനാവണം, കുറ്റം പറയാനാവരുത്

ഹുസൈന്‍ ; റാമ്പി മലക്കിന്റെ ഓമനപ്പുത്രന്‍. എന്നും അതിരാവിലെ അദ്ദേഹം പള്ളിയില്‍ പോകും. തീവ്രമായി പ്രാര്‍ത്ഥിക്കും. മടങ്ങിവരും. അപ്പോഴും മറ്റ് സഹോദരങ്ങള്‍ നല്ല ഉറക്കത്തിലായിരിക്കും.

ഒരു ദിവസം ഹുസൈന്‍ പിതാവിനോട് പറഞ്ഞു, “കഷ്ടം ഇവര്‍ക്കെങ്ങനെ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നു! പുലര്‍കാലേ എഴുന്നേറ്റുകൂടെ, പള്ളിയില്‍ പോയിക്കൂടെ. ഒന്നും ഗുണം പിടിക്കുന്ന മട്ടില്ല. ഇവരെയൊക്കെ ഒന്നു ഗുണദോഷിക്കൂ” പിതാവ് അതിന് മറുപടിയൊന്നും പറഞ്ഞില്ല.

ഇത് പലനാള്‍ ഈ ശകാരം തുടര്‍ന്നു. ഒരു ദിവസം റാമ്പി പുത്രനോടു പറഞ്ഞു,
“നീയും, താമസിച്ചുണരുന്നതാണ് നന്ന്.”
“ങേ, അതെന്താ? തന്റെ നല്ല ചിട്ട തെറ്റിക്കാന്‍ പിതാവ് നിര്‍ദ്ദേശിച്ചതില്‍ മകന് അത്ഭുതം.

“നേരത്തേ ഉണര്‍ന്ന് പള്ളിയില്‍ പോയി പ്രാര്‍ത്ഥനയും കഴിഞ്ഞ് വരുന്നത് കുറ്റം പറയാനാണെങ്കില്‍, അത്രയും നേരം കൂടി നീ ഉറങ്ങുന്നതാ മകനേ അതിലും നന്ന്‌.” പിതാവ് ശാന്തമായി ഉപദേശിച്ചു.

“ഞാന്‍ വലിയ ഭക്തനാണ്, സദാചാരപ്രമുഖനാണ്” ഇത്തരം ചിന്തകളേക്കാള്‍ അപകടകരമായി മറ്റൊന്നുമില്ല. മറ്റുള്ളവരിലെ നന്മ കണ്ടെത്താന്‍ പരിശീലിക്കുകയാണ് ഭക്തന്‍ ചെയ്യേണ്ടത്. ശരിയായ മതനിഷ്ഠ മനം മാറ്റത്തിനായിരിക്കണം, അഹങ്കാരം വര്‍ദ്ധിപ്പിക്കാനായിരിക്കരുത്.

കടപ്പാട്: നാം മുന്നോട്ട്

Back to top button