ഏറെ ജപാധ്യാനാദികള്‍ ചെയ്തിട്ടും ഈശ്വരകൃപ ലഭിക്കുന്നില്ലല്ലോ?

സെന്‍ബുദ്ധമതക്കാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു കഥയുണ്ട്.

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.

“ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?”

സെന്‍ ഗുരു ഒരു ചോദ്യം തൊടുത്തു.

“സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?”

ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു, “എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?”

“അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം ​എന്ന ഉറപ്പിനു വേണ്ടി.”

സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.

അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്. ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.

അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ. അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.

കടപ്പാട്: നാം മുന്നോട്ട്