കൊടുത്തുമുടിഞ്ഞു എന്ന് ചിലര്‍ പറയാറുണ്ടല്ലോ… അത് ശരിയോ?

വളരെ വിലയേറിയ സാരി ധരിച്ച ഒരു സ്ത്രീ മദര്‍ തെരേസയോട് ഒരിക്കല്‍ ആവശ്യപ്പെട്ടു.

“മദര്‍, എനിക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹമുണ്ട് അനുവദിക്കുമോ.”

മദര്‍ തെരേസയുടെ മിഴികള്‍ ഉടക്കിയത് അവരുടെ വിലയേറിയ സാരിയില്‍. മദര്‍ ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ഇവരോട് എന്തുത്തരമാണ് താന്‍ പരയേണ്ടത്,അതിനായിരുന്നു പ്രാര്‍ത്ഥന. ഉടന്‍ മദറിന് ഉത്തരം കിട്ടി. അവര്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് സഹകരിക്കാം. പക്ഷേ ഇനിമുതല്‍ ഇത്ര വിലയേറിയ സാരി വാങ്ങരുത്. ലളിതമായ, വില കുറഞ്ഞ വൃത്തിയുള്ള സാരി വാങ്ങുക. അതുവഴി മിച്ചം കിട്ടുന്ന പണം എനിക്കു തരൂ.” അവര്‍ അതനുസരിച്ചു.

താമസിയാതെ ആ ധനികയുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം അവര്‍ മദറിനോട് പറഞ്ഞു. “ഞാന്‍ കൊടുക്കുന്നതില്‍ എത്രയോ ഇരട്ടി എനിക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, തികഞ്ഞ ശാന്തിയും. കൊടുക്കുന്നതിന്റെ സുഖം ഞാന്‍ ഇപ്പോള്‍ അനുഭവിച്ചറിഞ്ഞു.”

ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ. നമ്മുടെ ധൂര്‍ത്തില്‍ ഒരംശം ദാനം ചെയ്തു നോക്കൂ അതിന്റെ സുഖം അനുഭവിച്ചറിയൂ. നമ്മുടെ കയ്യില്‍ അധികമിരിക്കുന്നത് മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതാണെന്ന് മറക്കരുത്.

മനസ്സറിഞ്ഞ് കൊടുക്കുന്നവന്റെ പാപമേ മുടിയൂ. അക്കാര്യത്തില്‍ സംശയമേ വേണ്ട. ചരിത്രം തന്റെ ഏടുകളില്‍ എത്രയേറെ അതിനുള്ള തെളിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കടപ്പാട്: നാം മുന്നോട്ട്