അമൃതാനന്ദമയി അമ്മ

അമ്മ വിദേശ രാജ്യങ്ങളില്‍ പലയിടത്തും പോയിട്ടുണ്ട്. അവിടെയുള്ളവര്‍ വേനല്‍ക്കാലത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ടാല്‍ നമുക്ക് ആക്ഷേപം തോന്നും. അതുപോലെ കടല്‍ത്തീരത്ത് വെയില്‍കൊള്ളുവാന്‍ കിടക്കുമ്പോള്‍ പാശ്ചാത്യര്‍ ധരിക്കുന്ന വേഷം കണ്ടാല്‍ നെറ്റി ചുളിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. വേനല്‍ക്കാലത്ത് പാശ്ചാത്യര്‍ കോട്ടും സൂട്ടും ധരിക്കാറില്ല. നമുക്ക് അതുകണ്ടാല്‍ ആക്ഷേപിക്കാന്‍ തോന്നും. പക്ഷേ, ശീലമായതിനാല്‍ നാട്ടുനടപ്പാകയാല്‍, അവര്‍ക്ക് അതില്‍ ഒരു പ്രത്യേകതയുമില്ല. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുഖത്ത് വിരല്‍ വെക്കുന്ന വ്യക്തികള്‍ തന്നെ കുറച്ചുകാലം അവിടെ ജീവിക്കട്ടെ. അതിലുള്ള പുതുമ അവര്‍ക്ക് നഷ്ടപ്പെടും. സാഹചര്യം അല്ലെങ്കില്‍ കാലാവസ്ഥ അനുസരിച്ച് അവരും അതേ രീതിയില്‍ വസ്ത്രം ധരിക്കാന്‍ മടിക്കാറില്ല.

പണ്ടുകാലങ്ങളില്‍ കേരളത്തില്‍ സ്ത്രീകള്‍ മാറു മറയ്ക്കുകയെന്നത് സാധാരണമായിരുന്നില്ല. അന്നുള്ളവര്‍ക്ക് അതില്‍ ഒരസാധാരണത്വവും കാണുവാന്‍ കഴിഞ്ഞില്ല. ഇന്നാണങ്കിലോ? അമ്മ പറഞ്ഞുവരുന്നത് കാലത്തിനും കാലാവസ്ഥക്കും വസ്ത്രധാരണത്തില്‍പോലും തീരുമാനങ്ങള്‍ എടുപ്പിക്കാന്‍കഴിയും എന്നാണ്. എന്നാല്‍ ഒരു മാതാവിന്റെ ഒക്കത്തിരിക്കുന്ന പിഞ്ചുകുഞ്ഞ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. അപ്പോള്‍ നാണവും മാനവുമൊക്കെ മനസ്സിന്റെ സൃഷ്ടികളാണ്. മനസ്സിനെ വലിഞ്ഞ് മുറുക്കിയിരിക്കുന്ന ഈ ചലനങ്ങളില്‍ നിന്നും മോചനം നേടിയാലേ ഈശ്വര പാദങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയൂ. എന്നുവെച്ച് സര്‍വ്വരും വസ്ത്രം ഉപേക്ഷിക്കണമെന്നല്ല. നിരന്തരമായ ഈശ്വര ചിന്തയ്ക്ക് യാതൊന്നും തടസ്സം നില്‍ക്കാന്‍ പാടില്ല. ഈശ്വരനില്‍ നിന്നും മനസ്സിനെ പിന്നോട്ട് വലിക്കുന്ന സര്‍വ്വബന്ധങ്ങളില്‍ നിന്നുമുള്ള മനസ്സിന്റെ മുക്തിയാണ് ആവശ്യം.

അമ്മ ഇതു പറയാന്‍ കാരണമുണ്ട്. ശ്രീകൃഷ്ണഭഗവാന്‍ നടത്തിയ വസ്ത്രാപഹാരവും രാസലീലയും ​മറ്റും ഒരു അവതാര പുരുഷന് ചേര്‍ന്നതാണോ എന്ന് ഒരു മോന്‍ സംശയം ചോദിച്ചു. നിങ്ങളില്‍ പലര്‍ക്കും ഇതേ സംശയം തോന്നിക്കാണണം.

വസ്ത്രാപഹാരത്തിന്റെ പേരില്‍ ഭഗവാനെ വിമര്‍ശിക്കുന്നവരെ അവിവേകികളെന്നേ വിളിക്കാന്‍ കഴിയൂ. കാരണം ആ സമയത്ത് ഭഗവാന് ആറോ ഏഴോ വയസ്സു മാത്രമേയുള്ളൂ. ഭഗവാന്റെ ഉദ്ദേശ്യം സര്‍വ്വരേയും ആനന്ദിപ്പിക്കുക എന്നത് മാത്രമാണ്. മനുഷ്യന്‍ സൃഷ്ടിച്ച നാണത്തിന്റെയും മാനത്തിന്റെയും അതിര്‍ വരമ്പുകള്‍ പൊട്ടിച്ച് പരമാത്മാവില്‍ ബന്ധിക്കുക. അതൊന്നു മാത്രമായിരുന്നു അവിടുത്തെ ലക്ഷ്യം.

രാസലീലകള്‍ ഇന്നുള്ളവര്‍ വ്യാഖ്യാനിക്കുന്നത് പോലെ, ഇന്ദ്രിയ ലോകത്ത് നടന്ന വെറും ഒരു വിനോദമല്ല. ജീവാത്മാവിന് പരമാത്മാവിനോടുള്ള പരമപ്രേമത്തില്‍ ഉളവാകുന്ന അനുഭൂതിയാണ് രാസലീലയില്‍‍ ഗോപികകള്‍ അനുഭവിച്ചത്. ഗോപികകളുടെ ദിവ്യപ്രേമത്താല്‍, ഭഗവാന്‍ അവരുടെ സമീപത്ത് എത്തിപ്പെടുകയാണ്. തന്റെ ശക്തിയാല്‍ അവിടുന്ന് ഓരോ ഗോപികക്കും ആത്മദര്‍ശനം നല്കുകയാണ്. അവിടെ ആടിയ ആ ലീല, വിഷയങ്ങളില്‍ രമിച്ചുകഴിയുന്ന നമ്മുടെ മനസ്സിന് സ്വപ്നം കാണാന്‍കൂടി കഴിയുകയില്ല. വിഷയങ്ങളില്‍ നിന്ന്, ഇന്ദ്രിയങ്ങളില്‍ നിന്നു വിമുക്തി നേടുന്നുവോ, മനസ്സ് എന്നു സ്വതന്ത്രമാകുന്നുവോ, അന്നു മാത്രമേ ഗോപികകള്‍ അനുഭവിച്ച ആ ദിവ്യാനന്ദത്തിന്റെ കണികയെങ്കിലും അനുഭവിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

ഗോപികകള്‍ക്ക് ഭഗവാനോട് മധുരഭാവമാണ് ഉണ്ടായിരുന്നത്. ലോകത്ത് മറ്റു മതങ്ങളിലേക്ക് മക്കള്‍ നോക്കൂ. ക്രിസ്തുമതങ്ങളിലും ഈ ഭാവം കാണാന്‍ കഴിയും. കന്യാസ്ത്രീകള്‍ തങ്ങള്‍ ക്രിസ്തുവിന്റെ മണവാട്ടികളാണെന്ന് ഭാവനചെയ്യുന്നു. ഇത് ഒരിക്കലും തെറ്റല്ല. ഇതു മൂലം ക്രിസ്തുവിന്റെ മേല്‍ ഒരു കറയും പുരളുന്നില്ല. ജീവാത്മാവിന് പരമാത്മാവിനോടുള്ള ബന്ധമാണ് ഇവിടെയും കാണുന്നത്. സര്‍വ്വവും ലൗകികദൃഷ്ടിയില്‍ മാത്രം വീക്ഷിക്കുന്നവര്‍ക്കേ, ഇവയിലൊക്കെ തെറ്റുകാണാന്‍ കഴിയൂ.

സര്‍വ്വരേയും നിത്യാനന്ദത്തിന്റെ ലോകത്തിലേക്ക് നയിക്കുവാന്‍ ഒത്തുവരുന്ന ഒരു സന്ദര്‍ഭവും ശ്രീകൃഷ്ണപരമാത്മാവ് പാഴാക്കിയില്ല. ഓരോ സാഹചര്യത്തില്‍ കൂടിയും അവിടുന്ന് ഗോപികകളില്‍ ആത്മാവിന്റെ തിരിനാളം നീട്ടുകയായിരുന്നു. അവരുടെ ഉള്ളിലെ ആത്മജ്യോതിക്ക് സ്നേഹധാര പകരുകയായിരുന്നു. സൃഷ്ടി നടത്തുന്നത് ഭഗവാന്‍ തന്നെയാണ്. അതില്‍ നിന്ന് ജീവനെ മോചിപ്പിക്കുന്നതും ഭഗവാന്‍ തന്നെയാണ്. ശരീരബോധത്തെ ഇല്ലാതാക്കിയാല്‍ മാത്രമേ ഈ ജ്ഞാനം നമുക്ക് ലഭിക്കൂ. നാണത്തിന്റെയും മാനത്തിന്റെയും അതിര്‍ വരമ്പുകള്‍ പൊട്ടിച്ച് പരമാത്മാവില്‍ ലയിപ്പിക്കുകയായിരുന്നു ഭഗവാന്റെ അവതാര ഉദ്ദേശ്യം എന്ന് ഓര്‍മിക്കുക.

കടപ്പാട്: മാതൃഭുമി