അമൃതാനന്ദമയി അമ്മ

നമ്മുടെ സമൂഹം മനുഷ്യനെ രണ്ടായി തരംതിരിക്കാന്‍ ശ്രമിക്കുകയാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും എന്ന തരം തിരിവല്ല അമ്മ പറയുന്നത്. ഇപ്പോള്‍ മനുഷ്യന് മറ്റൊരു തരംതിരിവ്കൂടി ഉണ്ടെന്ന് അമ്മയ്ക്കു തോന്നുന്നുന്നു. മതവിശ്വാസികളും ശാസ്ത്രവിശ്വാസികളും എന്ന് മനുഷ്യനെ രണ്ടായി തരംതിരിക്കാന്‍ ഇപ്പോള്‍ നമ്മുടെ സമൂഹത്തിന് ഒരു താത്പര്യം ഉള്ളതായികാണുന്നു.

മതവും ആത്മീയതയും മതത്തില്‍ അതിഷ്ടിതമാണെന്നും അത് അന്ധതയാണെന്നും സയന്‍സിനെ പിന്‍താങ്ങുന്നവര്‍ പറയും. സയന്‍സ് വസ്തുതയാണ് എന്നാണ് വാദം. എന്നിട്ട് ഒരു ചോദ്യം കൂടി ​ഉണ്ട്. ‘നിങ്ങള്‍ ഏതു പക്ഷത്താണ്? വിശ്വാസത്തിന്റെയോ അതോ പരീക്ഷിച്ച് തെളിയിച്ചതിന്റെയോ?’ മതവും ആത്മീയതയും അന്ധമാണ്, പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതല്ല എന്നു പറയുന്നത് തെറ്റാണ്. അമ്മയ്ക്ക് ഒരു കാര്യം ഉറപ്പുണ്ട്. ആധുനിക ശാസ്ത്രജ്ഞന്മാരെക്കാള്‍ ആഴത്തില്‍ ഗവേഷണം നടത്തിയവരാണ് ആത്മീയ ആചാര്യന്മാര്‍. ആധുനിക ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണശാലകളില്‍ പരീക്ഷണം നടത്തി. അവരുടെ പരീക്ഷണശാലകള്‍ ലോകത്തായിരുന്നു. പക്ഷേ, ഋഷിമാരുടെ പരീക്ഷണശാല മനസ്സായിരുന്നു. അവര്‍ മനസ്സാകുന്ന പരീക്ഷണശാലയില്‍ ഗവേഷണം നടത്തി. അങ്ങനെ നോക്കുമ്പോള്‍ അവരും ശാസ്ത്രജ്ഞന്മാര്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ശരിയായ മതത്തിന്റെ ആധാരം വിശ്വാസമല്ല. അവനിലേക്ക് തിരിഞ്ഞിട്ടുള്ള തീക്ഷ്ണമായ അന്വേഷണമാണ്.

ഈ ദൃശ്യപ്രപഞ്ചത്തിന്റെ സ്വഭാവം എന്താണ്? ​ഇതെങ്ങനെയാണ് താളാത്മകമായി പ്രവര്‍ത്തിക്കുന്നത്? ഇത് എവിടെ നിന്ന് ഉണ്ടായി? എവിടേക്കു പോകുന്നു? എവിടെച്ചെന്നു ചേരുന്നു? ഞാന്‍ ആരാണ്? ഇതൊക്കെയായിരുന്നു അവരുടെ അന്വേഷണം. ഈ അന്വേഷണം ഒരു മതവിശ്വാസിയുടെതോ, ശാസ്ത്രജ്ഞന്റേതോ? രണ്ടുമാണ്.

ഋഷികള്‍ ഉയര്‍ന്ന ചിന്തകന്മാരാകുന്നു. എന്നാലവര്‍ സത്യമറിഞ്ഞ ദാര്‍ശനികന്മാരും കൂടിയായിരുന്നു. ചിന്തകന്മാര്‍ എല്ലാക്കാലത്തും സമൂഹത്തിനു മുതല്‍ കൂട്ടാണ്. എന്നാല്‍ ചിന്തയും വാക്കും കൊണ്ടുമാത്രം കാര്യമില്ല അവയ്ക്ക് പ്രാണവായു നല്കി ജീവസ്സുറ്റതും സുന്ദരവും ആക്കുന്നത് വാക്കും ചിന്തയും ജീവിതമാക്കി മാറ്റുന്നവരാണ്.

വാക്കിനും ചിന്തയ്ക്കും ചൈതന്യമുണ്ടാകണമെങ്കില്‍ അതു ജീവിതമാകണം. ഈ ലക്ഷ്യം സാധിക്കാന്‍ മതവും ആധുനിക ശാസ്ത്രവും പരസ്പരം യോജിച്ചു പോകുവാനുള്ള മാര്‍ഗങ്ങള്‍ ആരായണം. ഈ ഒത്തുചേരല്‍ വെറും ബാഹ്യമായ ചടങ്ങു മാത്രമാകരുത്. നമ്മുടെ നാട്ടില്‍ പല ലയന സമ്മേളനങ്ങളും നടത്തുന്നതുപോലെയാകരുത് ഇത്. സമാധാന ഐക്യറാലിയില്‍ പങ്കെടുത്തു തിരിച്ചു പോയി അന്യോന്യം ആക്രമണം നടത്തുന്നതുപോലെയാവരുത് ഈ ഒത്തു ചേരല്‍. ആഴത്തിലറിയാനും മാനവരാശിക്ക് നന്മ ചെയ്യുന്ന അംശങ്ങളെ ഉള്‍ക്കൊള്ളുവാനുമുള്ള ഒരു തപസ്സായിരിക്കണം ആശ്രമം. ശാസ്ത്രബുദ്ധി മാത്രമായാല്‍ അവിടെ കാരുണ്യം ഉണ്ടാകില്ല. അപ്പോള്‍ ആക്രമിക്കാനും കീഴടക്കാനും മാത്രമേ തോന്നുകയുള്ളൂ. ശാസ്ത്രബുദ്ധിയോടൊപ്പം മതത്തിന്റെ അന്തഃസത്തയായ ആത്മീയ ബുദ്ധി കൂടിച്ചേരുമ്പോള്‍ സഹജീവികളോടു കാരുണ്യവും സഹതാപവും ഉടലെടുക്കും.

ലോകചരിത്രത്തില്‍ പകയുടെയും പ്രതികാരത്തിന്റെയും വിദ്വേഷത്തിന്റെയും കഥകളാണ് കൂടുതലുള്ളത്. സകലതും വെട്ടിപ്പിടിച്ച് സ്വന്തം കാല്‍കീഴില്‍ കൊണ്ടുവരാനുള്ള മനുഷ്യന്റെ അതിമോഹവും അതിനു വേണ്ടി അവന്‍ ഒഴുക്കിയ ചോരപ്പുഴയും ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു. മാനവരാശിയുടെ ഭൂതകാലം കാരുണ്യത്തിന്റെ കണികപോലും ഇല്ലാത്തവിധം അതിക്രൂരമാണെന്ന് തോന്നിയേക്കാം. പണ്ട് ശാസ്ത്രത്തിന് പുരോഗതി ഇത്രയേറെയില്ല എന്ന് വാദിക്കുന്നവര്‍ ഉണ്ടാവാം പക്ഷേ, ഇത്ര വിനാശകാരികളായ മാരകായുധങ്ങള്‍ പണ്ട് കണ്ടുപിടിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധം മൂലം മനുഷ്യരെ ഇത്ര കൊന്നൊടുക്കുന്ന പതിവും ഇല്ലായിരുന്നു.

ഇരുണ്ട മനസ്സുകളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും വിത്തുവിതയ്ക്കുവാന്‍ നാം ശ്രമിക്കണം. അതിനുള്ള പുതിയ മാര്‍ഗം സയന്‍സിന്റെയും ആത്മീയതയുടെയും ഒത്തുചേരലാണ്.

മതവും അധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണുവാനുമുള്ള താക്കോലാണ്. ഇതോടൊപ്പം മനുഷ്യരാശിയുടെ പുരോഗതിക്കുള്ള ഗവേഷണങ്ങളും കണ്ടു പിടിത്തങ്ങളും ഒത്തുചേരണം. ഒരു ശാസ്ത്രജ്ഞന് ഉണ്ടാവേണ്ടത് കരുണയുള്ള മനസ്സാണ്. അതുപോലെത്തന്നെ ശാസ്ത്രീയ വീക്ഷണത്തോടെ ആധ്യാത്മികതയും മക്കള്‍ കാണുക. മതവും ആത്മീയതയും അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ മാനവരാശിയുടെ നന്മയ്ക്ക് പ്രയോജനപ്പെടുന്നത്. അതുകൊണ്ട് മതബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും പേരില്‍ മക്കള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാവരുത്. എല്ലാവര്‍ക്കും നന്മവരട്ടെ.

കടപ്പാട്: മാതൃഭുമി

Done 11 april