ചിലജോലിക്കാര്‍ക്ക് എത്ര പണം കൊടുത്താലും മുഖം തെളിയുന്നില്ല അവരില്‍ നിന്നും ആത്മാര്‍ത്ഥതയും ലഭിക്കുന്നില്ല.

വലിയൊരു കമ്പനി. നിറയെ ജോലിക്കാര്‍ എല്ലാവര്‍ക്കും കനത്ത ശമ്പളം. പക്ഷേ ഒരു കുഴപ്പം. ആ കമ്പനിയില്‍ ആരും ഏറെക്കാലം ജോലിക്കായി നില്ക്കുന്നില്ല. മിടുമിടുക്കരായ ജോലിക്കാര്‍ ആറോ ഏഴോ മാസത്തിലധികം സ്ഥലം വിടുന്നു.

കമ്പനി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു പക്ഷേ ജോലിക്കാര്‍ പൊഴിയുന്നത് നിലച്ചില്ല. ഒടുവില്‍ ഡിപ്പാര്‍ട്ടുമെന്റിലെ വിദഗ്ദ്ധര്‍ പഠനം നടത്തി. അവര്‍ മാനേജ്മെന്റിന് ഒറ്റവാക്കില്‍ പ്രശ്നപരിഹാരം ഉപദേശിച്ചു.

“ഒരു തട്ടിന്റെ കുറവ്” അതാണ് ഇതിനൊക്കെ കാരണം.

മാനേജ്മെന്റെ വിശദീകരണം ആവശ്യപ്പെട്ടു. ഒന്നു പുറത്തു തട്ടി അഭിനന്ദിക്കുക. അത് ഇതേവരെ നമ്മുടെ കമ്പനിയില്‍ ഉണ്ടായിട്ടില്ല. അംഗീകാരവും അഭിനന്ദനവും ആരും ആഗ്രഹിക്കുന്നു. പ്രവര്‍ത്തിക്കാനുള്ള ശരിയായ ഉര്‍ജ്ജസ്രോതസ് അതാണ്.

സന്തോഷവും ആത്മാര്‍ത്ഥതയും പണം കൊടുത്ത് നേടാനാവില്ല. ഹൃദയം കൊടുത്താലേ ഹ്യദയം ലഭിക്കൂ. വീട്ടിലും നാട്ടിലും തൊഴില്‍ രംഗത്തും ഇത് സത്യം തന്നെ.

അതുകൊണ്ട് അംഗീകരിക്കാനും, അഭിനന്ദിക്കാനും നാം പഠിക്കണം. അത് വീട്ടില്‍ നിന്നു തന്നെ തുടങ്ങണം. പണം കൊണ്ടു നേടുന്ന സന്തോഷത്തിന്, ആത്മാര്‍ത്ഥതയ്ക്ക് അല്പായുസേയുള്ളു.

സ്വയം ആലോചിക്കൂ. നമ്മെ ആരെങ്കിലും ഏതെങ്കിലും കാര്യത്തിന് ചെറുതായി അഭിനന്ദിച്ചാല്‍ പോലും ഉള്ളിലൊരു സുഖം തോന്നാറില്ലേ. ഇതുതന്നെ ഏവരും ആഗ്രഹിക്കുന്നു എന്ന് ഓര്‍ക്കുക.

കടപ്പാട്: നാം മുന്നോട്ട്