ഒരിക്കല്‍ പശ്ചാത്താപവിവശയായ, ദുര്‍നടപ്പുകാരിയായ ഒരു സ്ത്രീയെ ശ്രീബുദ്ധന്‍ സന്ദര്‍ശിച്ചു. പലരും ശ്രീബുദ്ധനെ ഇക്കാര്യത്തില്‍ ശക്തമായി എതിര്‍ത്തു. ബുദ്ധന്‍ ചോദിച്ചു, “രണ്ടു കൈ കൂട്ടിയിടിച്ചാലല്ലേ ശബ്ദമുണ്ടാകു. ഒരു കൈ കൊണ്ട് എങ്ങനെ ശബ്ദമുണ്ടാക്കാനാകും? ഇവര്‍ ഒറ്റയ്ക്ക് എങ്ങനെ ചീത്തയാകും? അപ്പോള്‍ അവളെ ചീത്തയാക്കിയവരും കുറ്റക്കാരല്ലേ. ഒന്നുകില്‍ ഇവള്‍ ചീത്തയല്ല. അല്ലെങ്കില്‍ അവളോട് പങ്ക് ചേര്‍ന്നവരെല്ലാം ചീത്തയാണ്.” ബുദ്ധന്റെ ഈ പ്രസ്ത്ഥാവനയ്ക്ക് മറുപടിയുണ്ടായില്ല.
നിങ്ങളില്‍ പാപികള്‍ അല്ലാത്തവര്‍ കല്ലെറിയൂ എന്ന് യേശുദേവന്‍ അരുളിയതും ഇതുപോലെ തന്നെ.
ക്ഷമിക്കാന്‍ കഴിയണം. അപ്പോഴേ നാം മനുഷ്യനാകൂ. ശ്രീബുദ്ധന്‍, ശ്രീയേശു എന്നിവര്‍ ക്ഷമിച്ചപ്പോള്‍ ക്ഷമിക്കപ്പെട്ടവരുടെ ശരീരം മാത്രമല്ല, ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്, അവരുടെ ഹൃദയവും കൂടി കുറ്റബോധത്തില്‍ നിന്നും സ്വതന്ത്രമാക്കപ്പെട്ടു. അവര്‍ക്കൊരു പുതുജീവിതം ലഭിച്ചു.
“മരിക്കുന്നതു വരെ ഞാന്‍ പൊറുക്കില്ല, മറക്കില്ല” എന്ന് ശബ്ദമെടുക്കുന്ന ധാരാളം പേരുണ്ട്. ആ മനോഭാവം അവനവനെ തന്നെ നശിപ്പിക്കും.
തെറ്റുപറ്റുന്നത് മനുഷ്യസഹജം. മറക്കാനും പൊറുക്കാനും കഴിയുന്നത് ദൈവികഗുണം. ഇനി നിശ്ചയിക്കൂ, നമുക്ക് ഏതാണ് വേണ്ടത്? ദൈവികഗുണമോ, അതോ….
ആരേയും കുറ്റപ്പെടുത്താന്‍ നമുക്കര്‍ഹതയില്ല. കാരണം നമ്മില്‍ കുറ്റം ഉള്ളതുകൊണ്ടാണ് മറ്റുള്ളവരുടെ കുറ്റം നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നതു തന്നെ.
കടപ്പാട്: നാം മുന്നോട്ട്