വയസ്സാം കാലത്ത് മക്കളുടെ ചില സംസാരങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ വല്ലാതെ വിഷമിച്ചു പോകുന്നു.

മക്കളുടേയും മരുമക്കളുടേയും കൂടെയാണ് അപ്പുപ്പന്‍ താമസം. കുറേക്കാലമായി അപ്പുപ്പന്റെ കേള്‍വിശക്തി വളരെയേറെ കുറഞ്ഞു പക്ഷേ അപ്പുപ്പന്‍ അത് കാര്യമാക്കിയില്ല. മക്കളും മരുമക്കളും പറയുന്നത് അദ്ദേഹത്തിന് കേള്‍ക്കാനും സാധിക്കുന്നില്ല.

ഒരിക്കല്‍ ഡോക്ടറായ സുഹൃത്തിന്റെ നിര്‍ബന്ധം മൂലം ശ്രവണഹായി യന്ത്രം പിടിപ്പിച്ചു. പുറത്തുനിന്നും നോക്കിയാല്‍ യന്ത്രം കാണുകയേ ഇല്ല. അതോടെ അപ്പുപ്പന് ശ്രവണശക്തിയും ലഭിച്ചു. യന്ത്രം വച്ച വിവരം വീട്ടില്‍ മക്കളോട് പറഞ്ഞതുമില്ല.

ഒരു മാസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ നമ്മുടെ അപ്പുപ്പനെ കാണാനിടയായി. അദ്ദേഹം ചോദിച്ചു, “നമ്മുടെ കേള്‍വിശക്തി വര്‍ദ്ധിപ്പിക്കുന്ന യന്ത്രം എങ്ങനെയുണ്ട്, പ്രയോജനമുണ്ടായോ?”

“ഉം…, പ്രയോജനമുണ്ടായി ചെവി കേട്ടു തുടങ്ങിയ ശേഷം എനിക്കെന്റെ വില്‍പ്പത്രം നാലു പ്രാവശ്യം മാറ്റി എഴുതേണ്ടി വന്നു.”

ആവശ്യമുള്ളതു മാത്രം കേള്‍ക്കുക. അല്ലാത്തത് തള്ളിക്കളയുക. മറ്റുള്ളവര്‍ പറയുന്നതിനൊക്കെ ചെവികൊടുക്കാന്‍ പോയാല്‍ നമുക്ക് ജീവിക്കാന്‍ സമയം ലഭിക്കില്ല.

മഹത്തുക്കള്‍ പറയുന്നു, “നിന്നെ ആരെങ്കിലും കുറ്റം പറയുമ്പോള്‍, അത് ശരിയെങ്കില്‍ സ്വയം തിരുത്തുക. അല്ലെങ്കില്‍ അവരുടെ വാക്കുകളെ മനസാ അവഗണിക്കുക.”,അല്ലെങ്കില്‍ അപ്പുപ്പനെപോലെ വില്പ്പത്രം മാറ്റി എഴുതാനേ സമയമുണ്ടാകൂ. തിരുത്തേണ്ട പ്രായം കഴിഞ്ഞ മക്കളെ നാം തിരുത്താന്‍ പോകണ്ട. നാം ശാന്തമായി മൗനം പാലിച്ചാല്‍ കാലം തന്നെ അവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.

കടപ്പാട്: നാം മുന്നോട്ട്