പ്രചോദന കഥകള്‍

നാം സുരക്ഷിതമാകണമെങ്കില്‍ സമൂഹവും സുരക്ഷിതമാകണം

കണ്ണിനു നേരെ ഒരു കല്ല് പാഞ്ഞുവരുന്നു. എന്തു സംഭവിക്കും ഞൊടിയിടയില്‍ കണ്ണടക്കും തലവെട്ടിക്കും കല്ല് തട്ടിക്കളയാന്‍ കൈയും ശക്തമായി വീശും. ചിലപ്പോള്‍ കുനിയും. അങ്ങനെ കണ്ണിനെ രക്ഷിക്കാന്‍ ശരീരം മുഴുവനും സഹകരിക്കുന്നു.

ഇനി മറ്റൊരു കാര്യം ശ്രദ്ധിക്കൂ.

ആഹാരം വായിലെത്തുന്നു, പല്ലുകൊണ്ട് കടിച്ചു ചവച്ച് നാവില്‍ സഹായത്തോടെ ഉദരത്തില്‍ സൂക്ഷിക്കുന്നു. ഉദരം ദഹിപ്പിച്ച് ആഹാരം ശരീരത്തിന്റെ നാനാഭാഗങ്ങളിലും എത്തിക്കുന്നു. തനിക്ക് മാത്രമായി ഉദരം ആഹാരം പിടിച്ച് വയ്ക്കുന്നില്ല.

ഈ രണ്ടു ‘സംഭവങ്ങളിലും’ ശരീരത്തിലെ ഓരേ അവയവവും പ്രവര്‍ത്തിക്കുന്നത് സ്വമേധയാ ആണ്. കണ്ണിനെ രക്ഷിക്കാന്‍ അവയവങ്ങളെല്ലാം ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. വയറ്റിലെത്തിയ ആഹാരം ഉദരം എല്ലാവര്‍ക്കുമായി വീതിച്ചു.

ഈ കൂട്ടായ്മ, ഒത്തൊരുമ കൊണ്ടു മാത്രമാണ്. നമ്മുടെ ശരീരം നിലനില്‍ക്കുന്നത്. അതിന്റെ താളം തെറ്റിയാല്‍ രോഗമായി.

നമുക്ക് മറ്റൊരു ശരീരമുണ്ട്. സമൂഹശരീരം. ആ സമൂഹശരീരവും ഇതു പോലെ കൂട്ടായി പ്രവര്‍ത്തിക്കണം. സമൂഹശരീരത്തിലെ താളപ്പിഴകളാണ് നമ്മെ ഇന്നത്ത ദുരവസ്ഥയില്‍ എത്തിക്കുന്നത്.

ശരീരാവയവം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈ ലോകത്തെ സമസ്ത ചരാചാരങ്ങളും. ഇവയെ സ്നേഹമെന്ന വികാരത്താല്‍ ദൃഢമായി ബന്ധിപ്പിക്കണം. അപ്പോഴെ യഥാര്‍ത്ഥ ശാന്തിയും സുഖവും അനുഭവിക്കാനും കഴിയൂ. സമൂഹത്തില്‍ വരുന്ന ഓരോ ആപത്തും നമ്മെത്തന്നെയാണ് അപകടത്തിലാക്കുന്നത്. സ്വന്തം കാര്യം സുരക്ഷിതമാകണമെങ്കില്‍ സമൂഹവും സുരക്ഷിതമാകണം

കടപ്പാട്: നാം മുന്നോട്ട്

Back to top button