സരസമായ ഒരു കഥ
ഒരു നവജാതശിശു, ജനിച്ച നിമിഷം മുതല്‍ വലതുകരം ചുരുട്ടിപിടിച്ചിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും നിവര്‍ത്താന്‍ കഴിയുന്നില്ല. മാത്രമല്ല അതിനായി ശ്രമിക്കൂമ്പോള്‍ കുട്ടി ഭയങ്കര കരച്ചിലും. ശിശുവിദഗ്ദ്ധര്‍ വിശദമായി പരിശോധിച്ചു. കുട്ടിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ കുഞ്ഞ് വലതുകരം തുറക്കുന്നില്ല.
ഒടുവില്‍ കേസ്, മനഃശാസ്ത്രജ്ഞന് വിട്ടു. അദ്ദേഹം ശിശുവിന്റെ മാതാപിതാക്കളോട് ഒരു മണിക്കൂറോളം സംസാരിച്ചു. ഒടുവില്‍ പുഞ്ചിരിയോടെ എഴുന്നേറ്റു. അതിനുശേഷം അദ്ദേഹം നവജാതശിശുവിനെ സമീപിച്ച് തന്റെ കഴുത്തിലെ മാല ഊരി കാണിച്ചു. ആ നിമിഷം വലതുകരം വിടര്‍ത്തി, മാല പിടിക്കാനാഞ്ഞു. അപ്പോള്‍ ശിശുവിന്റെ മടങ്ങിയ കൈയ്യില്‍ നിന്നും ലേബര്‍ തീയേറ്ററില്‍, ശിശു ജനിച്ച സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിന്റെ മോതിരം താഴെ വീണത്രേ!
ശിശുവിന്റെ പിതാവ് തികഞ്ഞ മോഷ്ടാവായിരുന്നു അത് മനസിലാക്കിയായിരുന്നു മനഃശാസ്ത്രജ്ഞന്റെ നീക്കം.
തമാശക്കഥയെങ്കിലും കാര്യമുള്ള കഥ. വിത്തുഗുണം, പത്തു ഗുണം എന്ന ചൊല്ലിലും കാര്യമുണ്ട്. കുട്ടികള്‍ വഴിപിഴക്കുന്നതില്‍ ആരാണ് പ്രധാന ഉത്തരവാദി? മതാപിതാക്കള്‍ തന്നെ.
മക്കള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ല എന്ന് വിഷമിക്കുന്ന മാതാപിതാക്കള്‍ ഇന്ന് ഏറെ. പക്ഷേ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു പ്രായം അവര്‍ക്കുണ്ടായിരുന്നില്ലേ. അന്ന് പറയേണ്ടത് പറഞ്ഞിരുന്നെങ്കില്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ഗതികേട് ഒഴിവാക്കാമായിരുന്നു.
കടപ്പാട്: നാം മുന്നോട്ട്