അമൃതാനന്ദമയി അമ്മ
നമുക്കെല്ലാം അറിവുണ്ട്. പക്ഷേ, ഇതുമൂലം നമ്മള്‍ എന്തിനു വേണ്ടിയാണോ ജനിച്ചത്, അതു നേടാന്‍ സാധിക്കുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ, പറയാന്‍ ഭാവിക്കുന്നത് ഒന്നും പറയുന്നത് വേറൊന്നുമാണ്. പ്രവര്‍ത്തിക്കുന്നത് ഇതൊന്നുമല്ലതാനും. ഇങ്ങനെയൊക്കെയല്ലേ മക്കളുടെ ജീവിതം? എല്ലാവരും ഏതോ ഒരു അര്‍ദ്ധസ്വപ്നത്തില്‍ കഴിയുന്നതുപോലെയാണ്. നമുക്കൊക്കെ ഇത്ര വയസ്സായിട്ടും ശരിയായ ബോധത്തെ നമ്മുടെ ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ ഉണര്‍ത്തുവാന്‍ കഴിയുന്നില്ല.
ഒരു വീട്ടില്‍ അച്ഛന്‍ തന്റെ മകനെ രാവിലെ വിളിച്ചുണര്‍ത്തുകയാണ്. ‘മോനേ, എഴുന്നേല്‍ക്ക്. നിനക്ക് സ്കുളില്‍ പോകേണ്ട സമയമായി. നീ എന്താ ഇനിയും എഴുന്നേല്‍ക്കാത്തത്?’ അദ്ദേഹം മകനെ പിടിച്ചു കുലുക്കുകയാണ് അപ്പോള്‍ നമ്മുടെയൊക്കെ വീടുകളില്‍ കേള്‍ക്കുന്ന മറുപടി മകന്‍ പറഞ്ഞു: ‘എനിക്ക് സ്കൂളില്‍ പോകാന്‍ ഇഷ്ടമില്ലച്ഛാ.’
‘അതെന്താ മോനേ?’
‘അച്ഛാ, സ്കൂളില്‍ പോകുന്നതു വെറും ബോറാണ്.’
‘അതെന്തുകൊണ്ടാ നിനക്ക് ബോറാകുന്നത്?’
‘അതോ, സ്കുളിലെ കുട്ടികളൊക്കെ എന്നെ കളിയാക്കും.’
‘ഓ, അങ്ങനെയാണോ? ശരി മോനേ, നീ പറഞ്ഞതു മുഴുവന്‍ അച്ഛന്‍ കേട്ടു. മൂന്നു കാര്യങ്ങള്‍ നീ പറഞ്ഞതു പോലെ, അച്ഛന്‍ പറയുന്ന മൂന്നു കാര്യങ്ങള്‍ നീയും കേള്‍ക്കണം.’ അച്ഛന്‍ പറഞ്ഞു.
‘ശരി, അച്ഛന്‍ പറഞ്ഞു കൊള്ളൂ’-മകന്‍ സമ്മതിച്ചു.
‘മോനേ, സ്കുളില്‍ പോകുകയെന്നത് നിന്റെ കടമയാണ്. രണ്ടാമത് നിനക്ക് വയസ്സ് അന്‍പതായി. മൂന്നാമത് നീ ആ സ്കൂളിലെ പ്രന്‍സിപ്പാളാണ്.’
അന്‍പതു വയസ്സായിട്ടും മടിപിടിച്ച് സ്കൂളില്‍പോകാതിരിക്കുന്ന പ്രന്‍സിപ്പാളിന്റെ അവസ്ഥയിലാണ് ഇന്ന് പലരും. ഏതോ ഉറക്കത്തിലാണ് നമ്മളിന്നു കഴിയുന്നത്. വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. അതിനാല്‍ നമ്മള്‍ ഉണരേണ്ടത് ഉള്ളില്‍ നിന്നാണ്. അവിടെനിന്നാണ് നമ്മള്‍ ശരിക്കും വളരേണ്ടത്. അപ്പോള്‍ മാത്രമേ അറിവിനോടൊപ്പം ബോധവും ഉണരുകയുള്ളൂ.
പുകവലി കാന്‍സറിന് വഴിതെളിക്കും എന്ന് കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം. എന്നിട്ടും സിഗരറ്റ് വലി നിര്‍ത്തുന്നില്ല. പക്ഷേ,കാന്‍സര്‍ പിടിപെടുമ്പോള്‍ ബോധമുണരും. ബോധമുണരുമ്പോള്‍ തെറ്റില്‍ നിന്ന് പിന്‍തിരിയാന്‍ ശ്രമിക്കും. പിന്നെ ആഗ്രഹമുണ്ടെങ്കിലും സിഗരറ്റു വലിക്കില്ല. വലിച്ചാല്‍ മരിക്കുമെന്ന ബോധം ഉണരുന്നു. അതിനാലാണ് അമ്മ പറയുന്നത്, ബോധമില്ലാത്തതുകൊണ്ടാണ് നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നതെന്ന്.
ഒരു മോഷ്ടാവ് ഒരിക്കല്‍ ഒരു മഹാത്മാവിനെ വണങ്ങി പറഞ്ഞു :’ഗുരോ, എന്റെ ജോലി മോഷണമാണ്. ഈ തെറ്റില്‍ നിന്ന് മോചിതനാകണമെന്ന് ആഗ്രഹമുണ്ട് അതിന് അങ്ങ് എന്നെ സഹായിക്കണം.’
മഹാത്മാവ് ഉടന്‍ മറുപടി കൊടുത്തു:’നിനക്ക് മോഷണം നിര്‍ത്താനാകുന്നില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞശേഷം മോഷ്ടിക്കുക.’
അടുത്ത ദിവസം ഒരു വീട്ടില്‍ കയറി മോഷണത്തിനെരുങ്ങുമ്പോള്‍ ഗുരുവിന്റെ വാക്കുകള്‍ മോഷ്ടാവ് ഓര്‍മിച്ചു. ‘ഞാനതെടുത്തിട്ട് ഉടമസ്ഥരോട് വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസില്‍ ഏല്‍പ്പിക്കും. പോലീസില്‍ നിന്ന് തല്ല് കിട്ടും ജയിലിലടയ്ക്കും.’
ഇത്രയുമോര്‍ത്തപ്പോള്‍ അയാള്‍ പെട്ടന്ന് പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അത് എടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ, സാധിച്ചില്ല. ശിക്ഷകളെക്കുറിച്ച് ഓര്‍മിച്ചപ്പോള്‍ അതെടുക്കാനായില്ല. തിരികെ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു അങ്ങ്:’എന്തു വിഡ്ഢിത്തമാണ് പറഞ്ഞത്? ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ട് മോഷ്ടിക്കണം. ഇങ്ങനെ പറഞ്ഞാല്‍പ്പിന്നെ എങ്ങനെ മോഷ്ടിക്കാന്‍ സാധിക്കും?’
ഗുരു മറുപടി പറഞ്ഞു: ‘നീ മോഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഉപദേശിച്ചത്. എന്റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്ന് നീ മനസ്സിലാക്കി. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നു പിന്‍തിരിയുവാന്‍ സഹായിച്ചു.’
മക്കളേ, നിങ്ങള്‍ ചെയ്യുന്ന ഒരോ കര്‍മ്മത്തിന്റെയും ഭവിഷത്തുകളെക്കുറിച്ച് നിങ്ങള്‍ക്കു ബോധമുണ്ടാവണം. എങ്കില്‍ മക്കള്‍ തെറ്റു ചെയ്യുകയില്ല. ഈ ബോധമില്ലാത്തതുകൊണ്ടാണ് മക്കള്‍ തെറ്റുചെയ്യുന്നത്. അതുകൊണ്ട് നമ്മുടെ പ്രവൃത്തികളുടെ ഭവിഷത്തുകളെക്കുറിച്ച് ചിന്തിക്കുവാന്‍ മക്കള്‍ക്കു കഴിയട്ടെ.
കടപ്പാട്: മാതൃഭുമി