പണ്ടൊക്കെ എന്റെ പാട്ട് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ഇപ്പോള്‍ പഴയതുപോലെ പാടാനും കഴിയുന്നില്ല.

വയലിന്‍ വായനയില്‍ അത്ഭുതങ്ങള്‍ കാഴ്ചവെച്ച ഒരു സംഗീതജ്ഞനുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ശിഷ്യ അദ്ദേഹത്തോട്, അതിന്റെ രഹസ്യം തിരക്കി . സംഗീതജ്ഞന്‍ പുഞ്ചിരിയോടെ പറഞ്ഞു, “അത് നിസ്സാരകാര്യം. നിരന്തരമായ അഭ്യാസം മാത്രമാണ് (സാധന) അതിനു പിന്നില്‍. കാരണം, ഞാനൊരു മാസം എന്റെ പരിശീലനം മുടക്കിയാല്‍ എന്റെ ശ്രോതാക്കള്‍ക്ക് അതിന്റെ കുറവ് മനസ്സിലാകും.

ഞാന്‍, ഒരാഴ്ച പരിശീലനം മുടക്കിയാല്‍ എന്റെ ഭാര്യക്ക് അതിന്റെ കുറവ് മനസ്സിലാകും. ഒരു ദിവസം പരിശീലനം മുടക്കിയാല്‍ മതി അതു മൂലം എനിക്കുണ്ടായ വീഴ്ച എനിക്ക് തന്നെ ഉടന്‍ മനസ്സിലാകും. അതിനാല്‍ എന്റെ ‘പെര്‍ഫോര്‍മന്‍സ്’ പോകാതിരിക്കാനായി ഞാന്‍ നിത്യവും എന്റെ പരിശീലനം തുടരുന്നു.”

നിരന്തരമായ പരിശീലനമേ ഒരുവനെ പൂര്‍ണനാക്കൂ. ഇനിയൊന്നും പഠിക്കാനില്ല എന്നു തോന്നുന്ന നിമിഷം മുതല്‍ നമ്മുടെ യാത്ര പുറകോട്ടാകുകയാണ്, ശ്രദ്ധിക്കുക. നമ്മള്‍ പിന്നോക്കം പോയാല്‍ ലോകം മനസിലാക്കുന്നത് വൈകിയാകാം. പക്ഷേ നാം ഉടന്‍ തന്നെ അത് തിരിച്ചറിയണം. എങ്കില്‍ മാത്രമേ പുരോഗമിക്കാനും നേടിയ സ്ഥാനം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനും കഴിയൂ.

കടപ്പാട്: നാം മുന്നോട്ട്