യോഗ ആദ്ധ്യാത്മികഃ പുംസാം മതോ നിഃശ്രേയസായ മേ
അത്യന്തോപരതിര്‍യത്ര ദുഃഖസ്യ ച സുഖസ്യ ച (3-25-13)
ഏതാവനേവ ലോകേഽസ്മിന്‍ പുംസാം നിഃശ്രേയസോദയഃ
തീവ്രേണ ഭക്തിയോഗേന മനോ മയ്യര്‍പ്പിതം സ്ഥിരം (3-25-44)
മൈത്രേയന്‍ തുടര്‍ന്നുഃ
കര്‍ദ്ദമമുനി ഗൃഹസ്ഥാശ്രമം വിട്ട് സന്യാസിയായി പോയതിനുശേഷം കപിലന്‍ ബിന്ദു സരോവരത്തില്‍ അമ്മയെ പരിചരിച്ച് കഴിഞ്ഞുപോന്നു. ഒരു ദിവസം ദേവഹൂതി കപിലനോട് പറഞ്ഞു. “അല്ലയോ ഉത്തമാ ഇന്ദ്രിയതൃപ്തിക്കായുളള ജിവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി എനിക്കു പൂര്‍ണ്ണമായി മനസിലായിരിക്കുന്നു. നിന്റെ കണ്ണുകളില്‍ അജ്ഞാനാവരണം നീക്കാന്‍ , പ്രഭയുടെ തെളിമ ഞാന്‍ കാണുന്നു. ഇരുട്ടകറ്റുന്ന സൂര്യപ്രകാശം പോലെ അജ്ഞാനമാകുന്ന തേജസ്സാര്‍ന്ന ഭഗവാന്‍തന്നെയാണ് നീ. നിന്റെ കൃപകൊണ്ടുമാത്രമേ ‘ഞാന്‍’ ‘എന്റേത്’ എന്നെല്ലാമുളള തോന്നലുകളില്‍ നിന്നു മോചനം ലഭിക്കുകയുളളൂ. ഈ തോന്നലുകള്‍ തന്നേയും നിന്റെ മായാശക്തിയുടെ പ്രകടനം തന്നെ. സത്യവിജ്ഞാനസാരം നല്‍കി എന്നെ അനുഗ്രഹിച്ചാലും.”
“അനുഗൃഹീതയായ അമ്മേ എന്റെ അഭിപ്രായത്തില്‍ സുഖദുഃഖങ്ങളുടെ കെട്ടുപാടുകളല്‍നിന്നു മോചനം കിട്ടാനുതകുന്നു യോഗമാര്‍ഗ്ഗത്തിലൂടെയാണ് ആ ശാന്തിപൂര്‍ണ്ണമായ പരമപദം പ്രാപിക്കുന്നുത്. ഈ യോഗമാര്‍ഗ്ഗത്തെ ഞാന്‍ വിശദീകരിച്ചുതരാം. മനസാണ് ബന്ധനങ്ങള്‍ക്കും മോചനത്തിനും മൂലകാരണം. മനസ് സുഖം തേടി പുറത്തുളള വസ്തുക്കളില്‍ ആസക്തിപൂണ്ടലയുമ്പോള്‍ ബന്ധനവും ഭഗവത്സ്മരണയിലും ഭക്തിയിലും മുഴുകിയിരിക്കുമ്പോള്‍ മോചനവും ലഭിക്കുന്നു. സുഖം തേടുന്ന മനസാണ് കാമ,ക്രോധ, ലോഭ, മദ, മാത്സര്യങ്ങള്‍ ഉണ്ടാക്കുന്നുത്. സുഖമോഹത്തില്‍ നിന്നും നിസ്സംഗമാവുമ്പോള്‍ മനസില്‍ ശുദ്ധിയും ശാന്തിയും ഉണ്ടാവും. അങ്ങിനെ മനസു തയ്യാറാകുമ്പോള്‍ അജ്ഞാനത്തിന്റെ ആവരണവും നാനാത്വബോധവും മാറി ആത്മബോധം കൈവരുന്നു. എല്ലാറ്റിലും എല്ലായിടത്തും അദ്വൈതമായ ആ ആത്മാവുതന്നെ കാണുമാറാകുന്നു. പ്രകൃതിജന്യമായ വാസനകള്‍ പോലും ദുര്‍ബ്ബലമായിത്തീരുകയും ചെയ്യും. ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച ഒരുവന് ഭക്തിതന്നെ ഏറ്റവും നല്ല മാര്‍ഗ്ഗം. ഭൗതികസുഖങ്ങളോടും വസ്തുക്കളോടുമുളള പ്രേമം ബന്ധനത്തിലേക്ക് നയിക്കുമ്പോള്‍ ദിവ്യപുരുഷന്മാരുമായുളള സത്സംഗം, ജീവനെ മോചനത്തിന്റെ പാതയിലേക്ക് നയിക്കുന്നു. ഈ ദിവ്യപുരുഷന്മാര്‍ കരുണയുടേയും, ക്ഷമയുടേയും ദയാവായ്പ്പിന്റേയും വിളനിലങ്ങളും എല്ലാവരോടും സൗഹൃദഭാവമുളളവരുമത്രെ. നന്മയാണവരുടെ ആഭരണം. അവര്‍ക്ക് ശത്രുക്കളില്ല. അവരുടെ ഭക്തി എന്നില്‍ത്തന്നെ അടിയുറച്ചിരിക്കുന്നു. എല്ലാവിധ സ്വാര്‍ത്ഥമോഹങ്ങളേയും ബന്ധുമിത്രാദികളേയും ഉപേക്ഷിച്ച് എനിക്കു വേണ്ടിയാണവര്‍ കഴിയുന്നത്. അവരുടെ ഏകാശ്രയവും അഭയസ്ഥാനവും ഞാന്‍ തന്നെ. എന്റെ കഥകള്‍ കേട്ടും പറഞ്ഞും അവര്‍ കാലം കഴിക്കുന്നു. ഒന്നിനോടും ആസക്തി കൂടാതെ കഴിയുന്ന ഈ ദിവ്യന്മാരുമായുളള അടുപ്പം ഭൗതികാസക്തിയില്‍നിന്നും മോചനംകിട്ടാനുതകുന്ന മരുന്നത്രെ. അവരുടെ സത്സംഗത്തില്‍ നിന്നും പടിപടിയായി ഭഗവാനില്‍ പരിപൂര്‍ണ്ണവുമായ പ്രേമവും ഭക്തിയും അങ്ങിനെ സുഖഭോഗാസക്തിയില്‍നിന്നു മോചനവും ലഭ്യമാകുന്നു. യോഗാഭ്യാസംകൊണ്ട് ഇപ്പോള്‍, ഇവിടെ ഈ ജന്മത്തില്‍ത്തന്നെയാണ് ആത്മസാക്ഷാത്ക്കാരം ഉണ്ടാകേണ്ടത്. നിസ്വാര്‍ത്ഥവും ആഗ്രഹരഹിതവുമായ ഭഗവല്‍ഭക്തിയാണ് അത്യുത്തമം. നിര്‍വ്വാണത്തേക്കാള്‍ കൂടിയ ഒരവസ്ഥയത്രേ അത്. ഉത്തമഭക്തന്‍ എന്നിലല്ലാതെ മറ്റൊന്നിലും തല്‍പ്പരനല്ല. അത്തരത്തിലുളള ഭക്തി ആത്മാവിന്റെ ആവരണങ്ങളെയെല്ലാം അലിയിച്ചു കളയുന്നു. സ്വയം ആഗ്രഹിക്കുകപോലും ചെയ്യാതെതന്നെ എന്റെ സവിധത്തിലേക്കവരെത്തുന്നു. എന്നെ ഏകാവലംബമായി കരുതി അഭയം തേടുന്നവര്‍ക്ക് എന്നിലെന്നും സ്ഥാനമുണ്ടായിരിക്കും. കാലത്തിന് അവരെ ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. അവര്‍ക്ക് ജനനമരണങ്ങളുടെ ഭയത്തില്‍ നിന്നും ഞാന്‍ മുക്തിയേകും. പരിപൂര്‍ണ്ണഭക്തിയോടെ എന്നിലര്‍പ്പിച്ച മനസ്സത്രേ ഇഹലോകത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത്.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF