അനാദിരത്മാ പുരുഷോ നിര്‍ഗ്ഗുണഃ പ്രകൃതേഃ പരഃ
പ്രത്യഗ്ധാമാ സ്വയം ജ്യോതിര്‍വിശ്വം യേന സമന്വിതം (3-26-3)
അന്തഃ പുരുഷരൂപേണ കാലരൂപേണ യോ ബഹിഃ
ശമന്വേത്യേഷസത്ത്വാനാം ഭഗവാനാത്മമായയാ (3-26-18)

കപിലന്‍ തുടര്‍ന്നുഃ

ഭക്തിമാര്‍ഗ്ഗം വിജ്ഞാനമാര്‍ഗ്ഗത്തിന്റെ ശത്രുവല്ല. മറിച്ച്‌ അവ രണ്ടും വേര്‍പിറിയാനാവാത്ത
സുഹൃത്തുക്കളത്രെ. ഒരുവനെ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്ന ആ വിജ്ഞാനത്തിന്റെ
സ്വഭാവത്തെപ്പറ്റി ഞാന്‍ വിശദീകരിക്കാം. ആത്മാവ്, ഉളളില്‍ വസിക്കുന്നുതും എന്നെന്നും നിലനില്‍ക്കുന്നുതും ഭൗതികവസ്തുക്കളാല്‍ വിശദീകരിക്കാപ്പെടാനാവാത്തതുമത്രെ. ഈ വിശ്വത്തെ മുഴുവന്‍ പ്രകാശമാനമാക്കാന്‍ ഹൃദയത്തില്‍ നിറഞ്ഞുനിന്നു്‌ പ്രഭചൊരിയുന്നത്‌ ഈ ആത്മാവത്രെ. എല്ലായിടവും നിറഞ്ഞുവിളങ്ങുന്ന പരമാത്മാവ്‌ വസ്തുവകകളില്‍നിന്നു്‌ തുലോം ഭിന്നമാണെങ്കിലും ദ്രവ്യവസ്തുക്കളാല്‍ സൃഷ്ടിക്കപ്പെട്ടതുപോലെ കാണപ്പെടുന്നു. ഒരു വ്യക്തി സ്വപ്നം കാണുകയോ ഭാവന ചെയ്യുകയോ ചെയ്യുന്നുതുപോലെയാണ്‌ ആത്മാവും ദ്രവ്യവുമായുളള കൂടിച്ചേരല്‍. ഈ ദ്രവ്യത്തിനാവട്ടെ മൂന്നു സൂക്ഷ്മാവസ്ഥകളുണ്ട്‌.

സ്വയം സര്‍വ്വസ്വതന്ത്രമെങ്കിലും ദ്രവ്യത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ടതുപോലെ ആത്മാവ്‌ തികച്ചും
ഭൗതികവസ്തുക്കളും നിറഞ്ഞിരിക്കുന്നു. നാടകശാലയിലെ വേദിയില്‍ നടക്കുന്ന നാടകത്തിലെ വികാരം ഉള്‍ക്കൊളളുന്ന, കാണിയെപ്പോലെയാണത്‌. വിശ്വനിര്‍മ്മിതിക്കായുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെ ധാതുക്കള്‍ എപ്പോഴും രൂപഭാവങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത്‌ വിശ്വചരിത്ര സംഭവങ്ങള്‍ തന്നെയല്ലേ? സനാതനമായ ആത്മാവ്‌ സര്‍വ്വസാക്ഷിയായി ഈ സംഭവങ്ങളാല്‍ ബാധിക്കപ്പെടാതെയാണെങ്കില്‍ക്കൂടി സ്വാര്‍ജ്ജിതമായ അജ്ഞാനത്താല്‍ വസ്തുക്കളുമായി താദാത്മ്യം പ്രാപിച്ച്‌ കാര്യകര്‍ത്തൃത്വഭാവവും ഭോക്തൃഭാവവും കൈക്കൊളളുന്നു.

കര്‍ത്തൃത്വഭാവം ജനനമരണങ്ങളേയും സുഖദുഃഖങ്ങളേയും വരുത്തുന്നു. പ്രകൃതിയാണ്‌ (ദ്രവ്യം, വസ്തു) ആത്മാവിന്റെ ഈ ഭാവങ്ങള്‍ക്കു കാരണം. പ്രകൃതിക്കു പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജ്ജവും പ്രകാശവും ലഭിക്കുന്നുത്‌ ആത്മാവില്‍ നിന്നത്രെ. എന്നാലും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളേയും സംഭവങ്ങളേയും സ്വാംശീകരിക്കുമ്പോള്‍ മാത്രമേ പ്രകൃതിയിലെ സംഭവങ്ങള്‍ ആത്മാവിന്റേതാകുന്നുളളൂ. ഈ ഭാവന ആത്മാവിന്റെ സ്വന്തം നിര്‍മ്മിതിയായ അജ്ഞാനത്തിന്റെ സന്തതിയത്രേ.

ഇനി പ്രകൃതിയെപ്പറ്റി ഞാന്‍ വിശദീകരിക്കാം. അത്‌ പ്രധാന എന്നും പറയപ്പെടുന്നു. സത്വം, രജസ്, തമസ് എന്നീ സ്വഭാവങ്ങളോടുകൂടിയ ഊര്‍ജ്ജമത്രേ അത്‌ (ആണവം, വിദ്യുത്കാന്തം, ഗുരുത്വാ കര്‍ഷണം). പ്രകൃതി സ്വയം കാര്യവും കാരണവുമത്രേ (കോഴിയും, മുട്ടയും). മാറ്റങ്ങള്‍ മാത്രമേ പ്രകൃതിയില്‍ മാറ്റപ്പെടാതായുളള ഒരു നിയമമായുളളൂ. എപ്പോഴും ജനനവും, മരണവും, ഉണ്ടാക്കലും, ഉടയ്ക്കലും, സൃഷ്ടിയും, സംഹാരവും പ്രകൃതിയിലുണ്ട്‌. പഞ്ചഭൂതങ്ങള്‍, അഞ്ചു് സൂക്ഷ്മധാതുക്കള്‍, നാലുമടങ്ങുളള ആന്തരേന്ദ്രിയങ്ങള്‍, അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവയാണ്‌ ഇരുപത്തിനാലു കലകള്‍. ഇരുപത്തഞ്ചാമത്തെ കലയായ കാലം, ആത്മാവിന്റെ, പുരുഷന്റെ, ദൈവത്തിന്റെ, ശക്തിയത്രെ. ഭഗവാന്‍ സ്വയം കാലമാണ്‌. പ്രധാനയില്‍ ധാതുക്കളും, ഇന്ദ്രിയങ്ങളും, വസ്തുക്കളും ഉണ്ടാകുന്നു. ഭഗവാന്‍ എല്ലാ വസ്തുവകകളിലും ജീവികളിലും പുരുഷനായും, ആത്മാവായും പുറമേ കാലമായും നിലകൊളളുന്നു.

ഈ ഇരുപത്തിയഞ്ച് കലകളേയും നേരിട്ടു സാക്ഷാല്‍ക്കരിക്കുന്നു ഒരുവന്‌ കര്‍ത്തൃത്വഭാവത്തിന്റേയും ഭോക്തൃഭാവത്തിന്റേയും പിടിയില്‍നിന്നും മോചനംകിട്ടുന്നു. തദ്വാരാ പാപവും ദുഃഖവും ഒഴിയുകയും ചെയ്യുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF