യത്തത് സത്ത്വഗുണം സ്വച്ഛം ശാന്തം ഭഗവതഃ പദം
യദാഹുര്‍വ്വാസുദേവാഖ്യം ചിത്തം തന്മഹദാത്മകം (3-26-21)
കപിലദേവന്‍ തുടര്‍ന്നുഃ
ബോധസ്വരൂപനായ ഭഗവാന്‍ അതീവജാഗ്രതയോടെ പ്രകൃതിയുടെ ലീലകള്‍ക്കു സാക്ഷ്യം നിന്നു. അങ്ങിനെ മനഃശക്തി (ബുദ്ധി) ഉണ്ടായി. ചിത്തശക്തിയുടെ പ്രഭാവത്തിലാണ് അന്തര്‍ലീനമായിക്കിടക്കുന്ന പ്രകടിതാവസ്ഥയും വ്യതിരിക്തതയും ഉണ്ടാവുന്നത്. ഈ ചിത്തശക്തിക്കിളക്കം തട്ടിയപ്പോള്‍ പ്രകൃതിയുടെ സംതുലിതാവസ്ഥക്കു ഭംഗം വരികയും വിശ്വബോധത്തിന്റെ തത്വം ഉണ്ടാവുകയും ചെയ്തു. വിശ്വബോധം (മഹത്‍തത്വം) പ്രകാശരൂപേണ വര്‍ത്തിച്ച് മുന്‍പുണ്ടായ വിശ്വപ്രളയതമസ്സിനെ നശിപ്പിച്ചു.
സ്ഥൂലജീവികളിലുളള മഹത്തത്രേ സൂക്ഷ്മദ്രവ്യമായ ചിത്തം (മനസ്). അത് പ്രകൃത്യാ സത്വവും, ശുദ്ധവും ശാന്തത നിറഞ്ഞതും, ഭഗവാന്റെ ഇരിപ്പിടവുമായതിനാല്‍ വാസുദേവന്‍ എന്നറിയപ്പെടുന്നു. മഹത്തില്‍ നിന്നും പരിണാമവിധേയമായി മൂന്നു തരത്തിലുളള അഹങ്കാരം ഉടലെടുത്തു. സാത്വികം, രാജസികം, താമസികം. ഈ മൂന്നുതരത്തിലുളള അഹങ്കാരങ്ങളില്‍ നിന്നും ധാതുക്കളും മനസും ഉണ്ടായി. ആയിരം ഫണങ്ങളുളള അനന്തനെന്നും ഭഗവാന്റേതന്നെ പേരായ സംഘര്‍ഷണന്‍ എന്നും ഇതറിയപ്പെടുന്നു. ഈ അഹങ്കാരമാണ് കര്‍തൃത്വഭാവവും ഭോക്തൃഭാവവും ഉണ്ടാക്കി കര്‍മ്മത്തേയും കര്‍മ്മഫലങ്ങളേയും നയിക്കുന്നുത്.
മനസുണ്ടായത് സാത്വീകാഹങ്കാരത്തില്‍ നിന്നാണ്. മനസ് അനിരുദ്ധന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഭഗവാന്റെ നാമംതന്നെ അത്. ഇന്ദ്രിയങ്ങളെ നയിക്കുന്ന അനിരുദ്ധ രൂപത്തിലുളള മനസിനെ യോഗികള്‍ നീലത്താമരയുടെ നിരത്തില്‍ ധ്യാനിക്കുന്നു. രാജസീകാഹങ്കാരത്തില്‍ നിന്നും ബുദ്ധിയുടെ (അറിവിന്റെ) തത്വങ്ങള്‍ ഉടലെടുത്തു. വസ്തുദ്രവ്യങ്ങളുടെ സ്വഭാവം മനസിലാക്കി ഇന്ദ്രിയങ്ങളെ ഊര്‍ജ്ജസ്വലമാക്കുന്നുത് ഈ ബുദ്ധിയത്രേ. പ്രദ്യുമ്നന്‍ എന്ന ഭഗവല്‍നാമത്താല്‍ ഈ ബുദ്ധി അറിയപ്പെടുന്നു. സംശയം, തെറ്റായഅറിവ് ദൃഢത, ഓര്‍മ്മ, നിദ്ര എന്നീ അഞ്ചുതരത്തില്‍ ബുദ്ധി വര്‍ത്തിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ജീവശഃക്തിയായ പ്രാണനും എല്ലാം രാജസീകാഹങ്കാരത്തില്‍ നിന്നും ഉണ്ടായതത്രേ.
താമസീകാഹങ്കാരത്തില്‍ നിന്നുമാണ് സ്ഥൂലധാതുക്കളും ദ്രവ്യങ്ങളും സൂക്ഷ്മങ്ങളായ ഇന്ദ്രിയങ്ങളും കേള്‍വി,സ്പര്‍ശം, നിറം, സ്വാദ്, ഗന്ധം ഇവയുണ്ടായത്. ആദ്യം ആകാശതത്വവും, ദൂരം, ശബ്ദം ഇവയുമുണ്ടായി. ഇവ ശബ്ദമല്ലാതെ മറ്റൊന്നുമല്ല. ആകാശം വസ്തുവകകള്‍ക്ക് നിലകൊളളാനും ജീവജാലങ്ങള്‍ക്ക് വളരാനുമുളള ഇടം നല്‍കുന്നു. അകത്തെന്നും പുറത്തെന്നുമുളള വ്യത്യസ്ഥതയും ജീവികളുടെ ഇരിപ്പിടവുമാണ് ആകാശം. പിന്നീട് സ്പര്‍ശനതത്വം ഉണ്ടായി. ഇത് വായുവിന്റെ ധര്‍മ്മമത്രെ. പിന്നീട് നിറങ്ങളുടേയും കാഴ്ചയുടേയും തത്വം ഉണ്ടായി. ഇതഗ്നിയുടെ ധര്‍മ്മമാണ്. സ്വാദിന്റെ തത്വം, വൈവിധ്യമാര്‍ന്ന സ്വാദുകള്‍ തിരിച്ചറിയുന്നതിന് ജലവും അതിന്റെ തത്വവും. ഗന്ധത്തിന്റെ തത്വമാണ് ഘ്രാണ ശക്തിയും ഭൂമിയും. ജീവജാലങ്ങളെ താങ്ങിനിര്‍ത്തി പരിരക്ഷിക്കുന്ന ഭൂമിയുടെ ധര്‍മ്മവും ഈ തത്വത്തിന്റെ അടിസ്ഥാനത്തിലത്രേ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF