യം യമര്‍ത്ഥമുപാദത്തേ ദുഃഖേന സുഖഹേതവേ
തം തം ധുനോതി ഭഗവാന്‍ പുമാന്‍ ശോചതി യത്കൃതേ
യദധ്രുവസ്യ ദേഹസ്യ സാനുബന്ധസ്യ ദുര്‍മതിഃ
ധ്രുവാണി മന്യതേ മോഹാദ്‌ ഗൃഹക്ഷേത്രവസൂനി ച (3-30-2)

കപിലദേവന്‍ തുടര്‍ന്നു:
കാലം, അജ്ഞാനിയായ ഒരുവന്‌ മരണമത്രെ. അവന്‍ ജനനമരണചക്രങ്ങളാല്‍ പന്താടപ്പെടുന്നു. ഈ വസ്തുത അറിയാന്‍പോലും കഴിയാത്ത മന്ദബുദ്ധിയത്രെ അവന്‍. എങ്കിലും, ജാഗരൂകനായിരുന്നാല്‍ അവനും സത്യം കണ്ടെത്താന്‍ കഴിയും. ഒരുവന്‍ കഷ്ടപ്പാടും വേദനയും സഹിച്ച്‌ ഉണ്ടാക്കിയെടുക്കുന്നുതെന്തും സുഖത്തിനുവേണ്ടിയാണല്ലോ. എങ്കിലും, കാലമതിനെ നശിപ്പിക്കുമ്പോള്‍ വിഡ്ഢിയായ മനുഷ്യന്‍ ദുഃഖിക്കുന്നു. അജ്ഞത മൂലമായ വിഭ്രാന്തിയില്‍ നശ്വരമായ ശരീരത്തെ അവന്‍ ശാശ്വതമാണെന്നു കരുതി അതിനോടു ചേര്‍ന്നുളള എല്ലാറ്റിനേയും -വീട്, സ്വത്ത്, വസ്തുവകകള്‍-അങ്ങിനെത്തന്നെ കണക്കാക്കുന്നു.

കബളിപ്പിക്കപ്പെട്ട ജീവന്‍ ആത്മരൂപമായ സ്വന്തം സ്വഭാവത്തെ തിരിച്ചറിയാതെ നശ്വരമായ ശരീരത്തില്‍ ആസക്തനായി കേവലരായ മനുഷ്യരേയും ഉപമനുഷ്യന്മ‍ാരേയും സ്നേഹിക്കുന്നു. തുടര്‍ച്ചയായി വേദനയ്ക്കും ദുഃഖത്തിനും അടിമപ്പെടുമ്പോഴും മനുഷ്യന്‍ നശ്വരമായ ഇഹലോക ജീവിതത്തിലെ ക്ഷണപ്രഭാചഞ്ചലമായ സുഖത്തിനുവേണ്ടി കടിച്ചുതൂങ്ങി നിലകൊളളുന്നു. ഭഗവാന്റെ മായാശക്തി അപാരം തന്നെ. ഭാര്യ, സ്വത്ത്, കുട്ടികള്‍, പണം, പശുക്കള്‍ എന്നിവയെല്ലാം അവന്റെ അനുഗ്രഹങ്ങളെന്നു കരുതാനുളള മൗഢ്യം പോലും അവനുണ്ടാകുന്നു. കുടുംബജീവിതത്തില്‍ തികച്ചും ദുരിതമാണെങ്കില്‍ക്കൂടി അവന്‍ അതില്‍ ആസക്തനായി കഴിഞ്ഞുകൂടുന്നു. ഏതെങ്കലും പുണ്യകര്‍മ്മങ്ങളിലൂടെ ഈ ദുരിതങ്ങളെ തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമ്പോള്‍ അവന്‍ സ്വയം അനുഗൃഹീതനെന്നും ഭാഗ്യവാനെന്നും കരുതുന്നു.

ശരിയോ തെറ്റോ ആയ മാര്‍ഗ്ഗങ്ങളെ നേടിയ സ്വത്തുകൊണ്ട്‌ അവന്‍ തന്റെ കുടുംബത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷെ സ്വത്തെല്ലാം തീരുമ്പോള്‍ ഈ കുടുംബം പോലും അവനെ തൃണവല്‍ഗണിക്കുന്നു. എങ്കിലും, വയസ്സായിട്ടും ആഗ്രഹം നശിക്കാത്തവനായി അവന്‍ മരണം കാത്തുകിടക്കുന്നു. മരണഭീതിയാല്‍ ബോധം നശിക്കുന്നു അവനില്‍ യമദൂതന്മാര്‍ ഒരു സൂക്ഷ്മശരീരം നിക്ഷേപിക്കുന്നു. പിന്നെ നരകത്തിലേക്കുകൂട്ടിച്ചെന്ന് പലേ വിധത്തിലുളള പീ‍‍ഡനങ്ങള്‍ക്കിരയാക്കുന്നു. ഭൂമിയില്‍ച്ചെയ്ത എല്ലാ അധാര്‍മ്മികപ്രവൃത്തികള്‍ക്കും പ്രായശ്ചിത്തം ചെയ്യിക്കുന്നു. അമ്മേ എങ്കിലും പലേ മാമുനിമാരുടേയും അഭിപ്രായത്തില്‍ സ്വര്‍ഗ്ഗനരകങ്ങള്‍ ഇവിടെത്തന്നെയാണ്‌. ഈ ഭൂമിയില്‍ത്തന്നെ മരണതുല്യയാതനകളും ദുരിതങ്ങളും നമുക്ക്‌ ദിനേന കാണാവുന്നതാണല്ലോ.

ശരീരവും അതിനെ അവലംബിക്കുന്നു കുടുംബവും സ്വത്തും എല്ലാം ഉപേക്ഷിച്ചിട്ട്‌ സ്വയം ജീവിതകാലത്താര്‍ജ്ജിച്ച പാപങ്ങളുടെ കെട്ടുമായി ജീവന്‍ പോകുന്നു. നരകത്തില്‍ ശിക്ഷകള്‍ അനുഭവിച്ചശേഷം ആദ്മശുദധീകരണത്തിനായി മറ്റുജന്മങ്ങളെടുത്തശേഷം ഏറെക്കാലം കഴിഞ്ഞ്‌ ജീവന്‍ വീണ്ടും മനുഷ്യജന്മമെടുക്കാന്‍ ഭൂമിയിലേക്ക്‌ മടങ്ങുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Done-may-2