ചിലരുടെ മുഖം ഇപ്പോഴും ആവണക്കെണ്ണ കഴിച്ചപോലെയാണ്. എന്താണതിനു കാരണം?
അയല്‍ വീട്ടിലെ നായ എന്നും രാവിലെ പത്തുമണിയോടടുത്ത് കാര്‍പോര്‍ച്ചിലിരുന്ന് നീട്ടി മോങ്ങാന്‍ തുടങ്ങും. ചുറ്റുവട്ടത്തുള്ളവര്‍ക്കൊക്കെ അതൊരു വലിയ ശല്യമായി. സഹികെട്ട് ഒരു ദിവസം ഒരയല്ക്കാരന് നായയുടെ ഉടമയോട് ചോദിച്ചു,”എന്താ നിങ്ങളുടെ നായ ഇങ്ങനെ എന്നും കാര്‍പോര്‍ച്ചിലിരുന്ന് മോങ്ങുന്നത്?”
“അതോ, അവന് അവിടെയുള്ള ആണിയുടെ മുനയില്‍ കയറിയാ ഇരിക്കുന്നത്. അതുകൊള്ളുമ്പോള് വേദനിക്കും, അതോടെ മോങ്ങാനും തുടങ്ങും.”
“എന്നാല്‍ പിന്നെ അതിന് മാറിയിരുന്നു കൂടെ.” അയല്‍വാസി തിരക്കി.
“ശരിയാണ്, പക്ഷേ എന്തു ചെയ്യാം, ഇപ്പോഴത് അവനൊരു ശീലമായി. ഒരുപക്ഷ ആ വേദന അവന് രസിച്ചു തുടങ്ങിക്കാണും.” ഉടമ പറഞ്ഞു.
പലപ്പോഴും ഈ നായയുടെ അവസ്ഥയിലാണ് നാം. സ്വയം നിര്‍മ്മിച്ച ക്ലേശങ്ങളില്പെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കാതെ നാം വിലപിക്കുന്നു. ഒന്നു വഴിമാറിപ്പോയാല്‍ നമ്മുടെ പ്രശ്നങ്ങള്‍ തീരാവുന്നതേയുള്ളു. പക്ഷേ, സ്വയം മാറാന്‍ നാം ആദ്യം തീരുമാനിക്കണം. എങ്കില്‍ മാത്രമേ ഇന്ന് ഉണ്ടെന്നു കരുതുന്ന പ്രശ്നങ്ങള്‍ക്ക് ശരിയായ പരിഹാരം കണ്ടെത്താന്‍ നമുക്ക് കഴിയൂ. കരച്ചിലില്‍ ഒരു സുഖം കണ്ടു തുടങ്ങിയാല്‍ പിന്നെ എന്തു ചെയ്യാനാകും? ദുഃഖമകറ്റാന്‍ ഉള്ളില്‍ തട്ടി ആഗ്രഹമുണ്ടോ, ഈശ്വരന് ഈശ്വരന് വഴികാണിച്ച് തരും.
കടപ്പാട്: നാം മുന്നോട്ട്