കുടുംബത്തില്‍ തുടരെ തുടരെ ഉണ്ടാകുന്ന ദുരിതങ്ങളില്‍ ഞാന്‍ ഉലഞ്ഞിരിക്കുകയാണ്. എന്താണ് പ്രതീക്ഷ?

പ്രിയപ്പെട്ട സഹോദരിയുടെ മരണം ആ പതിനഞ്ചുകാരിക്ക് താങ്ങാനായില്ല. ആ ആഘാതത്തല്‍ അവള്‍ക്ക് നാഡീക്ഷയം സംഭവിച്ചു. അടുത്ത വര്‍ഷം അവളുടെ അമ്മ മരിച്ചുപോയി. പിതാവിന്റെ ബിസിനസും തകര്‍ന്ന് തരിപ്പണമായി.

ഇതിനിടയില്‍ എങ്ങയൊക്കെയോ അവളുടെ വിവാഹം കഴിഞ്ഞു. മാസം തികയാതെ അവള്‍ പ്രസവിച്ചു പെണ്‍കുഞ്ഞ്. താമസിക്കാതെ ആ കുഞ്ഞ് മരിച്ചു. കുറച്ചുകാലം വലിയ പ്രശ്നമില്ലാതെ നീങ്ങി. പക്ഷേ ഒരു ആക്സിഡന്റില്‍ അവളുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു.

ഈ ദുരന്തങ്ങള്‍ക്കെല്ലാമിടയിലും അവള്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടായിരുന്നു. മാഡം ക്യൂറി എന്ന വനിതയുടെ ജീവിതചരിതം ചുരുക്കത്തില്‍ ഇങ്ങനെ. ആദ്യത്തെ നോബല്‍ സമ്മാനം നേടിയ വനിത ഇവരായിരുന്നു.

ജീവിതാഘാതങ്ങളില്‍ മനസ് തളരുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആരുമില്ല. അതിനെ നേരിടാനാകണം. വിധിക്കു മുമ്പില്‍ നിസഹായരായി നില്ക്കരുത്. കഴിയുന്നത്ര മുന്നോട്ടു തന്നെ നീങ്ങുക. ഏതായാലും ഒരു നാള്‍ നമ്മളും ഇവിടം വിടും. എങ്കില്‍ പിന്നെ അത് തല ഉയര്‍ത്തി തന്നെ ആകട്ടെ.

ഈ മനോഭാവം ഉണ്ടായാല്‍ ഈശ്വരകൃപയാല്‍ വിധിയെ മറികടക്കാനുള്ള ശക്തി നമ്മിലേക്ക് പ്രവഹിക്കുന്നത് നമുക്ക് അനുഭവിക്കാനാകും.

കടപ്പാട്: നാം മുന്നോട്ട്