അമൃതാനന്ദമയി അമ്മ
ജീവിതത്തെക്കുറിച്ച് ആരോട് ചോദിച്ചാലും ദുഃഖത്തിന്റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്. ഈ മമത വെച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നു നമുക്ക് എന്തെങ്കിലും കിട്ടാനുണ്ടോ? ഇതു വായിക്കുന്ന മക്കള്‍ എല്ലാവരും ഇതു വായിച്ചുകൊണ്ട് സ്വന്തം വീട്ടുകാരെക്കുറിച്ച് ചിന്തിച്ചാല്‍ അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? സമയം അത്രയും നഷ്ടമായതു മാത്രം മിച്ചം!
വാസ്തവത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. കൂട്ടത്തില്‍ ഇരിക്കുമ്പോഴും നമ്മള്‍ ഒറ്റയ്ക്കാണ്. ഒറ്റയ്ക്കിരിയ്ക്കുമ്പോഴും ഒറ്റയാണ്. അങ്ങനെയല്ലാത്ത ഏതെങ്കിലും അവസരമുണ്ടോ? ഇല്ല. എന്നിട്ടും നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്. മറ്റൊരാളുടെ ചിരിയിലാണ് ഇന്ന് നമ്മുടെ ജീവിതം. മറ്റുള്ളവരോടുള്ള ദേഷ്യവും പ്രതികാരവും തീര്‍ക്കാന്‍ മാത്രം ജീവിക്കുന്ന പലരുമുണ്ട്. നമ്മെ നോക്കി ചിരിച്ചാല്‍ നമ്മള്‍ സന്തോഷിക്കും. ഒരാള്‍ ദ്വേഷിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ആത്മഹത്യ ചെയ്യാനും മടിക്കില്ല. അല്ലെങ്കില്‍ എതിരാളിയെ കൊല്ലാനായിരിക്കും പുറപ്പാട്. ഇങ്ങനെ നാം നമ്മുടെ സ്വരൂപം വിട്ട് മറ്റൊന്നായിക്കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം പോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധംകൊണ്ടുവരാന്‍, കര്‍മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗമാണ് ധ്യാനം.
ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണെന്ന് മക്കള്‍ ഓര്‍മിക്കണം. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം നല്ലതാണ്. ‘ജപം കോടി ഗുണം ധ്യാനം’ എന്നാണ് പറഞ്ഞിട്ടുള്ളത്. കോടി തവണ ജപിക്കുന്നതിനുതുല്യമാണ് അല്പസമയം ധ്യാനത്തില്‍ ഇരിക്കുന്നത്.
കണ്ണടച്ച് ഒരു പ്രത്യേക ആസനത്തില്‍ അനങ്ങാതെയിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും ചിന്തകളെക്കുറിച്ചുംബോധം നിലനിര്‍ത്തുന്നതാണ് ശരിയായ ധ്യാനം.
ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണ് വാക്കായി, പ്രവൃത്തിയായി വളര്‍ന്നു വലിയ നദിയാകുന്നത്. ഒരു ചെറിയ ചിന്ത പ്രവൃത്തിയായി രൂപം കൊണ്ട് വളര്‍ന്ന് വലിയ നദിപോലെ നമ്മളില്‍ നിന്നും പ്രവഹിക്കുന്നു. പിന്നെ അത് നമ്മുടെ കൈയ്യിലല്ല. ഒരു നദിയെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ടുപോലും തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചു വിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്ന് വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതിനാല്‍ മക്കള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്. ചിന്ത വാക്കും വാക്ക് പ്രവൃത്തിയുമായികഴിഞ്ഞാല്‍ അതിന്റെ ഗതിമാറ്റുക പ്രയാസമാണ്. അതിനാലാണ് മക്കളുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും വളരെയേറെ ശ്രദ്ധവേണം എന്ന് അമ്മ പറയുന്നത്.
അച്ചിന് കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടുകൂടിയുള്ളതായിരിക്കും. അതു പോലെ മനസ്സിനെ ശരിയാക്കിയില്ലെങ്കില്‍ അതില്‍ നിന്ന് ഉണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായിവരില്ല.
അതിനാല്‍ ആദ്യം വേണ്ടത് നമ്മുടെ മനസ്സിനെ വശത്താക്കുകയാണ്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗം ധ്യാനമാണ്. നിങ്ങളിലെ നിശ്ശബ്ദതയെ ധ്യാനത്തിലൂടെ നിങ്ങള്‍ക്കുതിരിച്ചറിയാം. ഇതിനായി മക്കള്‍ ശ്രമിക്കണം. അമ്മ പറയും, ധ്യാനം ഒരു തത്ത്വമാണെന്ന്. നമ്മിലെ നിശബ്ദതയെ നമ്മള്‍ അനുഭവിച്ച് അറിയുന്ന തത്ത്വം. ഈ തത്ത്വം ജീവിതത്തില്‍ പകര്‍ത്താന്‍ മക്കള്‍ ശ്രമിക്കണം. അപ്പോള്‍ മക്കളുടെ ചിന്തകളിലും നൈര്‍മല്യം ഉണ്ടാവും, ശുദ്ധത ഉണ്ടാവും. ഭൗതികൈശ്വര്യങ്ങള്‍ താനെ വന്നുചേരും.
കുറച്ചുസമയം ധ്യാനത്തിനു മാറ്റിവെയ്ക്കാന്‍ ദിവസവും മക്കള്‍ ശ്രമിക്കണം. ജഗദീശ്വരന്റെ അനുഗ്രഹത്തിനും മനസ്സമാധാനത്തിനും ധ്യാനം മക്കളെ സഹായിക്കും. പിന്നെ സമസ്തലോകത്തിനും നന്മവരാനും ധ്യാനം ഉപകരിക്കുമെന്ന് മക്കള്‍ ഓര്‍മിക്കണം.
കടപ്പാട്: മാതൃഭുമി