ചേറൂര്‍ ആത്മപ്രഭാലയ ആശ്രിത ആശ്രമത്തിന്റെ ഗുരുപ്രഭ മാസികയുടെ ഏപ്രില്‍ 2011 ലക്കത്തില്‍ “ആത്മബോധമാണ് വേണ്ടത്” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച, ശ്രീ നൊച്ചൂര്‍ വെങ്കടരാമനുമായി ശ്രീ സുനീഷ് കെ. നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ സമര്‍പ്പിക്കുന്നു. ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്ധ്യാത്മികപാതയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിയുന്നത് ശ്രേയസിലേക്കുള്ള യാത്രയില്‍ നാം ഓരോരുത്തര്‍ക്കും ആത്മബലം നല്‍കട്ടെ. ശ്രീ നൊച്ചൂര്‍ജിക്കും ശ്രീ സുനീഷിനും ഗുരുപ്രഭ മാസികയ്ക്കും ഈ ലേഖനം ടൈപ്പുചെയ്ത് ശ്രേയസ്സിലേക്ക് അയച്ചുതന്ന സഹൃദയരായ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ആത്മജ്ഞാനം ഒരിക്കലും അണയാത്ത വെളിച്ചമാണ്. ആ വഴിയില്‍ മാര്‍ഗദര്‍ശകമായെത്തുന്നത് വ്യക്തികളും അനുഭവങ്ങളും. യാത്രയാകട്ടെ വാക്കുകളെപ്പോലും അപ്രസക്തമാക്കുന്ന അനുഭൂതിയിലേയ്ക്കും. നൊച്ചൂര്‍ വെങ്കടരാമന്റെ പ്രഭാഷണം അനുഭവിച്ചറിഞ്ഞവന്റെ ലാളിത്യമാണ്. കേള്‍ക്കുന്തോറും ലയിച്ചുചേരുന്ന നിര്‍വൃതി. കത്തികയര്‍ക്കലുകളോ, നിന്ദാപരിഹാസങ്ങളോ ഇവിടെയില്ല. ശാന്തിയുടെ പരിസ്ഫുരണത്തോടെ നൊച്ചൂര്‍ പറയുമ്പോള്‍ കേള്‍ക്കുന്നവനും പറയുന്നവനും ഒന്നാവുകയാണ്. ഈ അവാച്യമായ അനുഭൂതി ഒന്നുകൊണ്ടാവാം ആത്മാന്വേഷികള്‍ക്ക് നൊച്ചൂര്‍ ഏറെ പ്രിയങ്കരനാകുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധപിടിച്ചുപറ്റിയ നൊച്ചൂര്‍ ആത്മജ്ഞാനികള്‍ക്ക് പ്രേരണയും സ്ത്രോതസുമാണ്. ആത്മസാക്ഷാത്ക്കാരം (രമണമഹര്‍ഷിയുടെ ജീവിതം), സ്വാത്മസുഖി (രമണമഹര്‍ഷിയുടെ ‘ഉള്ളത് നാര്‍പ്പത്’ എന്ന കൃതിയുടെ വ്യാഖ്യാനം), വിചാരമാല (വേദാന്തം), പ്രത്യഭിജ്ഞാദീപം (ആത്മാന്വേഷണം) എന്നീ ഗ്രന്ഥങ്ങളും ആനന്ദമകരന്ദം (സ്തോത്രങ്ങള്‍), ഹസ്താമലകീയം (വ്യാഖ്യാനം), In the still lake at contemplation, Reflections തുടങ്ങി ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലുമായി നിരവധി കാവ്യങ്ങള്‍ – ഇങ്ങനെ നൊച്ചൂര്‍ ആദ്ധ്യാത്മികസാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്.
നൊച്ചൂരുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും പ്രസക്തഭാഗങ്ങള്‍
ജീവിതപശ്ചാത്തലം?
പാലക്കാട് ജില്ലയിലെ നൊച്ചൂര്‍ ഗ്രാമത്തില്‍ ജനനം. വേദമന്ത്രധ്വനികള്‍കൊണ്ട് പൂരിതമായിരുന്നു ഒരുകാലത്ത് അഗ്രഹാരം. “നൊച്ചൂരില്‍ കൊട്ടത്തറിപോലും വേദം ചൊല്ലും” എന്നൊരു ചൊല്ല് തന്നെയുണ്ടായിരുന്നു. ഇന്ന് അതെല്ലാം പഴങ്കഥയായെങ്കിലും എന്റെ ബാല്യത്തില്‍ അതിന്റെ പരിമളം കുറച്ചൊക്കെ അവശേഷിച്ചിരുന്നു. അമ്മയുടെ പേര് ലക്ഷ്മി. അച്ഛന്‍ സുന്ദരം അയ്യര്‍. പാരമ്പര്യമായി വേദപഠനം നടത്തിയിട്ടില്ല. ഏഴാംക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചു. അതായത് കുട്ടിക്കാലത്ത് സംസ്കൃതപഠനവും സാധിച്ചില്ലെന്നു ചുരുക്കം.
എപ്പോഴാണ് ആദ്ധ്യാത്മിക താല്‍പര്യം ഉണരുന്നത്?
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ (പതിമൂന്നാമത്തെ വയസ്സിലാണെന്നു തോന്നുന്നു), എന്തോ തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ പാരായണം ചെയ്തിരുന്ന ഭഗവദ്ഗീത (എന്റെ ഒന്‍പതാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു) എന്റെ കൈയില്‍ കിട്ടി. ആ ഗ്രന്ഥം തുറന്നപ്പോള്‍ തന്നെ ഹൃദയം ഒരുപ്രകാശത്താല്‍ നിറഞ്ഞു. എവിടെയോ ഇതിന്റെ സാരം ഗ്രഹിച്ചിട്ടുണ്ടെന്ന് എന്റെ ഹൃദയം മന്ത്രിച്ചു. അതുവരെ സത്സംഗങ്ങളില്‍ പങ്കെടുക്കുകയോ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയോ സന്ന്യാസിവര്യന്മാരെ ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ, എന്തോ അമൃതം നുകരുന്നതുപോലെ ഗീതയിലെ രണ്ടാമദ്ധ്യായം മാത്രം സ്വാദ്ധ്യായം ചെയ്തുകൊണ്ടിരുന്നു. ആനന്ദമെന്നതില്‍ കവിഞ്ഞ യാതൊരു ലക്ഷ്യവും ഈ വായനയ്ക്ക് ഉണ്ടായിരുന്നില്ല. വിവേകാനന്ദസാഹിത്യവും ദശോപനിഷത്തുക്കളും അതോടൊപ്പം വായന തുടങ്ങി. അതോടെ ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു പെരുത്ത ദാഹം അഗ്നിപോലെ എരിയാന്‍ തുടങ്ങി. രാവിലെ രണ്ടരയ്ക്കോ മൂന്നിനോ ഉണരും. ജപവും ധ്യാനവും പാരായണവുമായി സ്കൂളില്ലാത്ത സമയം ചെലവഴിച്ചു. എട്ടാംക്ലാസ്സുമുതല്‍ സര്‍ക്കാര്‍ സ്കൂളിലായിരുന്നതിനാല്‍ അന്നുണ്ടായിരുന്ന സമരം ഒരനുഗ്രഹമായിമാറി. ഏകാന്തമനനത്തിന് ധാരാളം സമയം ലഭിച്ചു. ഗ്രാമത്തിലെ ശാന്തിദുര്‍ഗാക്ഷേത്രം, സമീപത്തുള്ള കുളക്കര എല്ലാം എന്റെ ആത്മവിചാരകേന്ദ്രങ്ങളായിത്തീര്‍ന്നു. എന്റെ ഒരു ബന്ധു രമണമഹര്‍ഷിയുടെ പാര്‍ഷദന്മാരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിലൂടെ ഈ ജന്മത്തില്‍ മഹര്‍ഷിയെ പരിചയപ്പെടുവാന്‍ സാധിച്ചു.
ഈ ജന്മത്തില്‍ എന്നു പറഞ്ഞതിന് എന്തെങ്കിലും ആന്തരാര്‍ത്ഥമുണ്ടോ?
ഉണ്ട്. രമണഭഗവാന്റെ അടുത്ത പാർഷദന്മാരായി എനിക്കു കാണാന്‍ ഭാഗ്യം സിദ്ധിച്ച ചിലരൊക്കെ നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വളരെ അടുത്ത ആളായിരുന്നു എന്നു പറയുമായിരുന്നു. എനിക്കും മഹര്‍ഷിയെ കണ്ടിട്ടില്ലാത്ത ഒരാളെന്ന് പറയാന്‍ തോന്നുന്നില്ല.
ആരായിരുന്നു ഗുരു?
വഴികാട്ടികളായി കുറെയാളുകള്‍ ഉണ്ടായിരുന്നു. പക്ഷെ ഗുരു എന്നര്‍ത്ഥത്തില്‍ ഭഗവാന്‍ രമണനെയാണ് കാണുന്നത്. ആദ്യമായി അരുണാചലദര്‍ശനം നടത്തിയപ്പോള്‍ മഹര്‍ഷിയുടെ സാന്നിധ്യത്തില്‍ ഒരു നിറവുണ്ടായി. അതിനാല്‍ മഹര്‍ഷിതന്നെയാണ് ഗുരു. 15 വയസ്സിനുശേഷം ഒരു ശിവരാത്രി ദിവസമായിരുന്നു അത്. അതായിരുന്നു ഗുരുപ്രാപ്തി.
പ്രഭാഷണങ്ങള്‍ ആരംഭിക്കുന്നത്?
17-18 വയസ്സിലാണെന്നുതോന്നുന്നു. പാലക്കാട് വിജ്ഞാനരമണീയാശ്രമത്തില്‍ വച്ചായിരുന്നു ആദ്യത്തെ പ്രഭാഷണം. അന്ന് രമണമഹര്‍ഷിയുടെ ജയന്തി ദിവസമായിരുന്നു. തീര്‍ത്തും അവിചാരിതമായി സംഭവിച്ചതാണ്. രമണമഹര്‍ഷിയുടെ ജീവിതവും ഉപദേശങ്ങളുമായിരുന്നു വിഷയം. പിന്നീട് ശ്രീരാമകൃഷ്ണാശ്രമത്തിലും സംസാരിച്ചു. പിന്നീടിന്നുവരെ പ്രഭാഷണങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. ഭാരതം മുഴുവന്‍ സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തി. വിദേശേത്തേക്ക് വിളിക്കുന്നുണ്ട്. പോകാന്‍ തോന്നിയിട്ടില്ല. അതായിരിക്കാം നിശ്ചയം.
ബ്രാഹ്മണ കുടുംബത്തിലാണല്ലോ ജനിച്ചത്. വേദാന്തദര്‍ശനങ്ങള്‍ രൂഢമൂലമായിത്തീര്‍ന്നതില്‍ പരമ്പരാഗതമായ പഠനം സഹായകമായിട്ടുണ്ടോ?
പരമ്പരാഗതമായി ഒന്നും പഠിച്ചിട്ടില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് രണ്ടു വര്‍ഷം കൊമേഴ്സ് പഠിച്ചു. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജില്‍ ബിരുദപഠനം. സംസ്കൃതമായിരുന്നു വിഷയം. കാലടിയില്‍ എം.എ. യും പഠിച്ചു. ഇതായിരുന്നു ഔപചാരിക പഠനം. വേദാന്തദര്‍ശനങ്ങള്‍ അദ്ധ്യാത്മസാധനയിലൂടെയും ആത്മാന്വേഷണത്തിലൂടെയും വന്നതാണ്.
ഭാഗവതം പോലുള്ള ഭക്തിസഹിത്യങ്ങള്‍ ആളുകളെ വഴിതെറ്റിക്കുന്നുവെന്നും, കര്‍മ്മവിമുഖരും അലസരുമൊക്കെയാക്കി മാറ്റുന്നുവെന്നും ചില വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്?
അറിവില്ലായ്മകൊണ്ട് പറയുന്നതാണിത്. ഭാഗവതത്തില്‍ ജ്ഞാനികളായ രാജാക്കന്‍മാര്‍ പോലും അവരവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നതായി കാണാം. എല്ലാം എല്ലാപേര്‍ക്കും വേണ്ടിയുള്ളതല്ല. ജ്ഞാനം വേണ്ടുന്നവന് ജ്ഞാനം. കര്‍മ്മം വേണ്ടവന് കര്‍മ്മം. കര്‍മ്മതലത്തിലും ജ്ഞാനതലത്തിലും ഉള്ള വ്യക്തികളുണ്ട്. കര്‍മ്മതലം കടന്നുപോയവരാണ് ജ്ഞാനതലത്തില്‍ എത്തുന്നത്. കര്‍മ്മം ചെയ്യാന്‍ അധികാരിയായവന്‍ അതു വെടിയുന്നതും നൈഷ്ക്കര്‍മ്മ്യത്തിന് അധികാരിയായവന്‍ കര്‍മ്മം ചെയ്യുന്നതും ഒരുപോലെ തെറ്റാണ്. ഓരോരുത്തരും അവനവനെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
ഇതെങ്ങനെ സാധിക്കും?
ഓരോരുത്തര്‍ക്കും സ്വഭാവവും സ്വരൂപവും ഉണ്ട്. സ്വഭാവം വിഭിന്നമാണ്. അതിനനുസൃതമായി കര്‍മ്മവും വ്യത്യസ്തമാണ്. എന്നാല്‍ എല്ലാവ്യക്തികളുടെയും സ്വരൂപം ഒന്നാണ്. അത് ഏകവും അദ്വിതീയവുമാണ്. അതറിയണമെങ്കില്‍ ജ്ഞാനസാക്ഷാത്ക്കാരം ആവശ്യമാണ്. അപ്പോള്‍ അജ്ഞാനം നീങ്ങുന്നു. ശുദ്ധമായ ബോധം ഉണ്ടാകുന്നു. ആത്മജ്ഞാനം നേടി ധര്‍മ്മത്തെ അറിയണം. നാരായണഗുരുവും മറ്റും ഇങ്ങനെ സാക്ഷാത്ക്കാരം നേടിയ മഹാത്മാക്കളായിരുന്നു. അവര്‍ കര്‍മ്മവിമുഖരായിരുന്നില്ല. മറ്റാരെക്കാളും കര്‍മ്മപൂര്‍ണത അവരില്‍ കാണാനുമാവും. “യോഗഃ കര്‍മ്മസു കൗശലം” എന്നാണല്ലോ പ്രമാണം.
അവരെല്ലാം യോഗിമാരായിരുന്നു. യോഗവും സന്ന്യാസവുമെല്ലാമൊന്നു വിശദമാക്കാമോ?
ഹഠയോഗമല്ല ഇത്. പതഞ്ജലി മഹര്‍ഷിപറയുന്നത് “ചിത്തവൃത്തി നിരോധഃ യോഗം” എന്നാണ്. നമ്മുടെ സ്വരൂപത്തിലിരിക്കുന്ന അവസ്ഥയാണിത്. താന്‍ തന്നിലിരിക്കുന്നു. മനസാകട്ടെ എപ്പോഴും പല വൃത്തികളുമായിച്ചേര്‍ന്ന് കലങ്ങിയിരിക്കുന്നതാണ്. ഇത് നിശ്ചലമായാല്‍ ശുദ്ധബോധസ്വരൂപമായി. ഇത്തരം ആളുകളെയാണ് യോഗികളെന്നു പറയുന്നത്. ലളിതമായി പറഞ്ഞാല്‍ , ഞാന്‍ എന്ന അഭിമാനം അല്പംപോലും ഇല്ലാത്ത അവസ്ഥയിലുള്ളവരെയാണ് യോഗികള്‍ എന്നുപറയുന്നത്. സന്ന്യാസത്തെക്കുറിച്ച് ഗീതയില്‍ ഒരുപാട് പറയുന്നുണ്ട്. അത് പറയുന്നവനും കേള്‍ക്കുന്നവനും അത് എഴുതിയ ആളായ വ്യാസമഹര്‍ഷിയും ഒന്നും സന്ന്യാസിമാരായിരുന്നില്ലതാനും. ചിലര്‍ ജ്ഞാനസാക്ഷാത്ക്കാരം നേടിയ ശേഷം സാമൂഹികകാര്യത്തിനായി കാഷായം ധരിച്ചു കാണാറുണ്ട്. അവരെ വിദ്വത് സന്ന്യാസിമാരെന്നു പറയുന്നു. മറ്റൊന്ന് വിവിദിഷാസന്ന്യാസിമാരാണ്. അവര്‍ അറിയാന്‍ വേണ്ടി സന്ന്യാസിമാരാവുന്നതാണ്. ഇത് പലപ്പോഴും അപകടമാകാറുണ്ട്.
എല്ലാപേര്‍ക്കും ഈ യോഗാവസ്ഥയിലെത്താന്‍ സാധിക്കുകയില്ല. അങ്ങനെ എല്ലാപേര്‍ക്കും വേണ്ടതുമല്ലല്ലോ ഇത്?
തത്വമറിയലാണ് യോഗം. എല്ലാപേര്‍ക്കും വേണ്ടതല്ലെന്നു പറയാനാവില്ല. അന്വേഷിക്കുന്നവന് ലഭിക്കും. തത്ത്വജ്ഞാനി കര്‍മ്മത്തില്‍ അകര്‍മ്മത്തെയും അകര്‍മ്മത്തില്‍ കര്‍മ്മത്തെയും കാണുന്നവനാണ്. ഇത് ബുദ്ധിയിലൂടെ സാധിക്കുകയില്ല. തത്ത്വമറിഞ്ഞ ആളുടെ സ്ഥിതിയെയാണ് സമാധി എന്നുപറയുന്നത്. തത്ത്വബോധം മനസ്സിന്റെ അവസ്ഥയല്ല, അത് അതിന്റെയും അപ്പുറത്ത് പോകുന്നതാണ്. സ്വരൂപജ്ഞാനമാണത്. അതിനാല്‍ത്തന്നെ അത് എല്ലാപേരും അറിഞ്ഞുകൊള്ളണമെന്നില്ല.
ധാര്‍മ്മികജീവിതത്തിന് എന്താണ് പ്രധാന തടസ്സം?
ബുദ്ധിതെളിഞ്ഞാല്‍ തടസ്സവും നീങ്ങും. സ്വാര്‍ത്ഥതയില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ധര്‍മ്മം തന്നെ. സ്വാര്‍ത്ഥത ഒട്ടലുണ്ടാക്കുന്നു. സ്വാര്‍ത്ഥതയാണ് തടസ്സം. അതാണ് അധാര്‍മ്മികതയ്ക്ക് കാരണം. സ്വാര്‍ത്ഥത പോകുന്നതുകൊണ്ട് നമുക്കൊന്നും നഷ്ടപ്പെടുന്നില്ല. എന്നാല്‍ എന്തോ നഷ്ടമാകുമെന്ന തോന്നലാണ് നമുക്ക്. എന്നാല്‍ നാം അതൊന്ന് ഉപേക്ഷിച്ചാലോ “യോഗക്ഷേമം വഹാമ്യഹം” എന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട്. എല്ലാം ഭഗവാന്‍ ചെയ്യും. നാം സാക്ഷിരൂപത്തില്‍ വര്‍ത്തിക്കുക മാത്രം ചെയ്താല്‍ മതി. ഈ സ്വാര്‍ത്ഥതയെ, ഞാന്‍ എന്ന ബോധത്തെ, ഉപേക്ഷിക്കുവാനാണ് ഭഗവാന്‍ പറയുന്നത്.
ധര്‍മ്മ പുനഃസ്ഥാപനത്തിനു എന്താണ് ചെയ്യേണ്ടത്?
“നീ വന്ത വേലയാ പാര്” എന്ന രമണമഹര്‍ഷിയുടെ ഒരു ചൊല്ലുണ്ട്. നീ നിന്റെ കാര്യം നോക്കിയാല്‍ മതി. നിന്റെ ധര്‍മ്മം ചെയ്താല്‍ മതി. ബാക്കിയെല്ലാം ആ ശക്തിയുടെ കൈകളിലാണ്. അതിനറിയാം എന്ത് ചെയ്യണം, എപ്പോള്‍ ചെയ്യണം എന്നൊക്കെ. ഈ പ്രപഞ്ചം മുഴുവന്‍ ചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ ശക്തിക്ക് അതിനെ നിയന്ത്രിക്കാനുമറിയാം.