അമൃതാനന്ദമയി അമ്മ

നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍ തയ്യാറാകണം. അല്ലെങ്കിലോ? തിരക്കിനിടയിലൂടെ ഓടി ആളെ കണ്ടുപിടിക്കുന്നതിനിടയില്‍, ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും. അഥവാ, ആളെ കണ്ടുപിടിച്ച് ശകാരം കഴിയുമ്പോഴേക്കും അറിയുക, വേറെയാരെങ്കിലും എറിഞ്ഞതോ അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്ന് വീണതോ ആണ് ആ കല്ലെന്ന്. ഇത്രയൊക്കെ കഷ്ടപ്പെട്ട് ആളെ കണ്ടെത്തി അടികൊടുത്താലും നമ്മുടെ മുറി‌വിന്റെ വേദന കുടുന്നതല്ലാതെ കുറയുന്നില്ല. ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണ്. ആദ്യം അതുണക്കാനാണ് നോക്കേണ്ടത്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷീ ഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും പിളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും. കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണ്.

ഒരു ബസ്സിലെ കണ്ടക്ടറുടെ കഥ അമ്മയ്ക്ക് ഓര്‍മ വരുന്നു. സ്ഥിരമായി നിര്‍ത്തുന്ന സ്റ്റോപ്പില്‍ നിന്നും ഒരു ദിവസം ഒരു പുതിയ യാത്രക്കാരന്‍ ബസ്സില്‍ കയറി. ഏഴടി ഉയരവും അതിനുതക്ക വണ്ണവുമുള്ള അയാള്‍ ബസ്സില്‍ കയറി ഒരു സീറ്റില്‍ ഇരുപ്പ് ഉറപ്പിച്ചു. സാധാരണപോലെ ചെന്ന് കണ്ടക്ടര്‍ ടിക്കറ്റു നീട്ടി. അപ്പോള്‍ അയാള്‍ പറ‍ഞ്ഞു;’കേശവന്‍കുട്ടിക്കു ടിക്കറ്റാവശ്യമില്ല.’

മറുപടി കേട്ട് കണ്ടക്ടര്‍ അയാളെ ഒന്നുനോക്കി ആജാനുബാഹു, ഒത്ത വണ്ണം, അതിനുതക്ക ഉയരം. എല്ലിച്ച പ്രകൃതക്കാനായ കണ്ടക്ടര്‍ക്ക് ഒന്നു കൂടി ടിക്കറ്റ് ചോദിക്കാന്‍ പേടിയായി. കണ്ടിട്ട് ഒരു ഗുണ്ടാതലവന്റെ മട്ടുമുണ്ട്. കണ്ടക്ടര്‍ ഒന്നും പറയാതെ തിരികെ വന്നു തന്റെ സീറ്റിലിരിക്കുന്നു. അടുത്ത ദിവസവും ഇതു തന്നെ സംഭവിച്ചു. കഴിഞ്ഞ ദിവസത്തെ സ്റ്റോപ്പില്‍ നിന്നുതന്നെ ബസ്സില്‍ കയറി. കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍’കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല’- എന്ന പഴയ മറുപടി തന്നെ. കണ്ടക്ടര്‍ക്ക് ഉള്ളില്‍ ദേഷ്യം തിളച്ചുപൊന്തി. ഇവനെ മാര്യാദ പഠിപ്പിക്കണം. ഇതു മാത്രമായി ചിന്ത. മനസ്സിന്റെ സ്വസ്ഥത മുഴുവന്‍ നഷ്ടമായി എല്ലാദിവസങ്ങളിലും അയാള്‍ ബസ്സില്‍ കയറും. കണ്ടക്ടറുടെ ടെന്‍ഷന്‍ ഒപ്പം വര്‍ദ്ധിക്കും. കുറെ ദിവസം വളരെ പാടുപെട്ട്, സ്വയം നിയന്ത്രിച്ച് അയാളെ ബസ്സില്‍ കയറ്റി. പിന്നീട് ഒട്ടും നിയന്ത്രിക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി. അയാളുടെ ആരോഗ്യം കാണുമ്പേള്‍ ഒന്നും പറയാന്‍ പറ്റാതെയുമായി. മനസ്സിന്റെ സ്വസ്തത നഷ്ടപ്പെട്ടതു കാരണം വീട്ടില്‍ ചെന്നാല്‍ ഭാര്യയോട് മിണ്ടില്ല. കുട്ടികളോട് സംസാരമില്ല. അയാളെ ഒരു പാഠ‍ം പ‍ഠിപ്പിക്ക‍‍ണമെന്ന ചിന്ത അധികമായപ്പോള്‍ കുറെ നാളുകള്‍ക്ക് അവധിയെടുത്തു. നല്ലൊരു കരാട്ടെ മാസ്റ്ററെ കണ്ടുപിടിച്ചു കരാട്ടെ പഠിപ്പിക്കുന്നതിനോടൊപ്പം മറ്റു ചില അഭ്യാസമുറകളുകൂടി പഠിപ്പിച്ചു. ഇനി ആ തടിയനോട് ഒരു കൈ നോക്കാം എന്ന വിശ്വാസത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അന്നും തടിയന്‍ ബസ്സില്‍ കയറി ഒട്ടും താമസിക്കാതെ, അഭ്യാസച്ചുവടുകളോടെ കണ്ടക്ടര്‍ ടിക്കറ്റ് നീട്ടി. അയാള്‍ പഴയ മറുപടിതന്നെ പറഞ്ഞു:’കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല.’

കണ്ടക്ടര്‍ നിയന്ത്രണം വിട്ട് അലറി:’സാധ്യമല്ല. നിങ്ങള്‍ ടിക്കറ്റ് എടുത്തേ പറ്റൂ. നിങ്ങള്‍ ടിക്കറ്റ് എടുക്കാതെ വണ്ടി ഇവിടെ നിന്നു വിടുന്ന പ്രശ്നമില്ല. മര്യാദയ്ക്ക് ടിക്കറ്റെടുക്കൂ…’

‘ക്ഷമിക്കൂ, കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല’- ഇതു പറഞ്ഞുകൊണ്ട് അയാള്‍ ഷര്‍ട്ടിന്റെ പാക്കറ്റില്‍ നിന്ന് ഒരു കാര്‍ഡ് എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു: ‘ഇത് എന്റെ പാസ്സാണ്.’

ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പാസ്സായിരുന്നു അത്. ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ അധികാരമുള്ള ഉന്നത അദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇവിടെ ആരാണ് മോശക്കാരനായത്? ആ കണ്ടക്ടര്‍ എത്ര ദിവസം ലീവെടുത്തു? നഷ്ടം വരുത്തി? ടെന്‍ഷന്‍ അനുഭവിച്ചു? കരാട്ടെയും മറ്റ് അഭ്യാസമുറകളും പഠിക്കുന്നതിന് എത്ര പണം ചെലവാക്കി? വീട്ടിലെ ശാന്തി നഷ്ടമായി. ഇതൊക്കെക്കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായോ അതുമില്ല.

കോപം മൂലം ഇതുപോലെയുള്ള നഷ്ടങ്ങളാണ് മക്കള്‍ക്ക് സംഭവിക്കുന്നത്. ഇതു മറക്കരുത്. കോപം വരുമ്പോള്‍ എടുത്തുചാടുകയോ ഉള്ളിലടക്കി രോഗിയായി മാറുകയോ അല്ല വേണ്ടത്. മനസ്സിനെ കഴിവതും ശാന്തമാക്കണം. അങ്ങനെയായാല്‍ കോപം വരുത്തിവെക്കുന്ന ഒട്ടുമുക്കാലും പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

കടപ്പാട്: മാതൃഭുമി