അമൃതാനന്ദമയി അമ്മ
പ്രേമം സകല ജീവരാശികള്‍ക്കുമുള്ള പൊതുവായ വികാരമാണ്. പുരുഷന് സ്ത്രീയിലേക്കും സ്ത്രീക്ക് പുരുഷനിലേക്കും അവര്‍ക്കു പ്രകൃതിയിലേക്കും അവിടെനിന്ന് പ്രപഞ്ചത്തിലേക്കും കടന്നു ചെല്ലാനുള്ള മാര്‍ഗമാണ് പ്രേമം. അതിരുകള്‍ കടന്നൊഴുകുന്ന പ്രേമമാണ് വിശ്വമാതൃത്വം.
ഈ ഭൂമിയില്‍ സംഭവിക്കുന്ന ഏറ്റവും മഹത്തായ പുഷ്പിക്കല്‍ പ്രേമപുഷ്പത്തിന്റെ തളിര്‍ക്കലാണ്. നിറവും മണവുമുള്ള ഒരു മനോഹര കുസുമം ഒരു കൊച്ചുചെടിയില്‍ സ്വാഭാവികമായി വിടര്‍ന്നു. അതുപോലെ മനുഷ്യ ഹൃദയങ്ങളില്‍ പ്രേമം മൊട്ടിട്ട്, അതു വിടര്‍ന്ന് വികസിക്കണം. ആ പത്തു വിരലിനു സ്ത്രീയും പുരുഷനും അനുവദിക്കണം. സ്നേഹിക്കുന്ന രണ്ടു ശക്തിയും സൗന്ദര്യവും ഈ ലോകത്തില്‍ മറ്റൊന്നിനുമില്ല. പൂര്‍ണ്ണ ചന്ദ്രന്റെ കുളിര്‍മയും സൂര്യകിരണങ്ങളുടെ ഉജ്ജ്വലപ്രഭയും പ്രേമത്തിനുണ്ട്. പക്ഷേ, അനുവാദമില്ലാതെ പ്രേമം നമുടെ ഹൃദയത്തിലേക്കു പ്രവേശിക്കില്ല. അനുമതി കാത്തിരിക്കുന്ന പ്രേമത്തിനെ ഉള്ളിലേക്ക് ക്ഷണിക്കാന്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സന്മനസ്സുണ്ടാവണം. പ്രേമത്തിനു മാത്രമേ സ്ത്രീ പുരുഷന്മാരുടെ ചിന്താഗതിക്കും അവരുടെ ലോകത്തിനും സ്ഥായിയായ മാറ്റം വരുത്താന്‍ കഴിയൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ തന്നെ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന അകല്‍ച്ച കുറയും. അതുമൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങളും ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെടും. ഇന്ന് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനും സമൂഹത്തെ ബോധിപ്പിക്കാനും ‘ഞങ്ങള്‍ പരസ്പരസ്നേഹത്തോടും വിശ്വാസത്തോടുമാണ് ജീവിക്കുന്നത്’ എന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ പറയും. അത് സ്നേഹം ഭാവിക്കലാണ്. ജീവിതമെന്നാല്‍ സ്നേഹം ഭാവിക്കലോ അഭിനയിക്കലോ അല്ല അത് അമ്മ മക്കളോട് ആവര്‍ത്തിച്ചു പറയാനുള്ളതാണ്. അഭിനയിക്കലോ ഭാവിക്കലോ കൊണ്ട് തീര്‍ക്കാനുള്ളതല്ല ജീവിതം.
അഭിനയം മുഖം മൂടിയാണ്. അതാരു ധരിച്ചാലും എടുത്തുമാറ്റേണ്ടിവരും. അല്ലെങ്കില്‍,കാലം എടുത്തു മാറ്റിക്കും. കഥാപാത്രത്തിന്റെ ദൈര്‍ഘ്യമനുസരിച്ചും കഥയുടെ ഘടനയനുസരിച്ചും ചിലര്‍ കുറച്ചു നേരത്തേമാറ്റും. മറ്റുചിലര്‍ അല്പസമയം കൂടിക്കഴിഞ്ഞും-ആ വ്യത്യാസമേയുള്ളൂ.
മനുഷ്യന്റെ സ്വരൂപവും സ്വധര്‍മവുമായ സ്നേഹമെങ്ങനെ മുഖം മൂടിയായി? വിനയവും വിട്ടുവീഴ്ചയുമില്ലാതെ മനുഷ്യന്‍ അധഃപതിക്കുമ്പോഴാണ് സ്നേഹം മുഖം മൂടിയാകുന്നത്. നല്ല തെളിനീരുള്ള നദീതീരത്തു ചെന്ന് വെറുതെ നോക്കിനിന്നാല്‍ ദാഹം ശമിക്കില്ല. അതിന് വെള്ളം കോരിക്കുടിക്കുക തന്നെ വേണം. അതു ചെയ്യാതെ നീണ്ടുനിവര്‍ന്നുനിന്ന് നദിയെ ശപിച്ചിട്ട് കാര്യമില്ല. കുനിഞ്ഞ്, കൈനിറയെ വെള്ളം കോരിക്കുടിക്കുന്നതു പോലെയാണ് എളിമ. പ്രേമത്തിന്റെ തെളിനീര്‍ ഉള്ളില്‍ നിറയണമെങ്കില്‍ എളിമ ഉണ്ടാവണം.
ഇന്നത്തെ സ്ത്രീപുരുഷന്മാരും ഭാര്യാഭര്‍ത്താക്കന്മാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെപ്പോലെയാണ്. എന്തു കണ്ടാലും കേട്ടാലും അവര്‍ക്കു സംശയമാണ്. ആയുസ്സും ആരോഗ്യവും കാര്‍ന്നു തിന്നുന്ന ‘സംശയം’ ഒരു മഹാരോഗമാണ്. ഇതു ബാധിച്ചാല്‍ പ്രശ്നം അന്യോന്യം കാതോര്‍ത്തുകേള്‍ക്കാനുള്ള കഴിവും നഷ്ടപ്പെടും.
ഇങ്ങനെയൊക്കെയാണെങ്കിലും സ്നേഹം എന്നേക്കുമായി നഷ്ടപ്പെടില്ല. സ്നേഹം നശിച്ചാല്‍, ലോകം നശിക്കും. എല്ലാവരുടെയും ഉള്ളില്‍ സ്നേഹത്തിന്റെ കനല്‍ അണയാതെ കിടപ്പുണ്ട്. അതില്‍ ഒന്ന് ഊതിയാല്‍ മതി, ആളിക്കത്തിക്കൊള്ളും.
ഈയിടെ ഒരു മോന്‍ അമ്മയോടു ചോദിച്ചു:’അപൂര്‍വജീവജാലങ്ങള്‍ പലതും ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായപോലെ മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്നേഹവും അപ്രത്യക്ഷമാകുമോ?’
അങ്ങനെ സംഭവിക്കാതിരിക്കാന്‍ മക്കള്‍ അതീന്ദ്രീയമായൊരു ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച്, അതിനെ ആദരിക്കാനും തയ്യാറാകണം. ആ ശക്തി പുറത്തല്ല, നമ്മുടെ ഉള്ളില്‍ത്തന്നെയാണ് എന്നറിയാന്‍ കാഴ്ചപ്പാടില്‍ ഒരു മാറ്റം വരുത്തണം. ഉദാഹരണത്തിന് ഒരു പുസ്തകം വായിക്കുമ്പോള്‍, നമ്മള്‍ കാണുന്നത് അക്ഷരങ്ങള്‍ മാത്രമാണ്. വെടിപ്പും വ്യത്തിയുമായി അക്ഷരങ്ങള്‍ അച്ചടിക്കുന്ന കടലാസ് നാം കാണുന്നില്ല.
മക്കള്‍ പരീക്ഷിച്ചു നോക്കാന്‍ അമ്മ ഒരുകാര്യം പറയാം. ഒരു വെള്ളക്കടലാസിന്റെ മധ്യത്തില്‍ കറുത്ത മഷികൊണ്ട് കുത്തിടണം. എന്നിട്ട് ആ കടലാസ് കാണിച്ചിട്ട് പലരോടും ചോദിക്കണം ‘നിങ്ങള്‍ എന്താണ് കാണുന്നത്’ എന്ന്.
പല ആളുകളും പറഞ്ഞേക്കാം ‘ഞാന്‍ ഒരു കറുത്ത കുത്തു കാണുന്നു.’ വളരെക്കുറച്ച് ആളുകള്‍ പറഞ്ഞേക്കാം ‘ഒരു വെള്ളക്കടലാസിന്റെ നടുവില്‍ ഒരു കറുത്തകുത്ത് ഞാന്‍ കാണുന്നു.’
ഇന്നത്തെ മാനവരാശി ഇങ്ങനെയാണ്. പ്രേമമാണ് ജീവിതത്തിന്റെ ആധാരം എന്ന് തിരിച്ചരിയാന്‍ അവര്‍ക്കു കഴിയുന്നില്ല. വായിക്കുമ്പോള്‍ നമുക്ക് അക്ഷരങ്ങള്‍ കാണാന്‍ സാധിക്കുന്നു. എന്നാലും വായിക്കുമ്പോള്‍ കടലാസാണ് അതിന്റെ ആധാരം എന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കണം. അതുപോലെ പ്രേമമാണ് ജീവിതത്തിന്റെ ആധാരം എന്നും മക്കള്‍ മനസ്സിലാക്കണം. സംഘര്‍ഷങ്ങള്‍ അകന്ന സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം എല്ലാവര്‍ക്കും ലഭിക്കും.
കടപ്പാട്: മാതൃഭുമി