ബ്രഹ്മണ്യവസ്ഥിതമതിര്‍ഭഗവത്യാത്മസംശ്രേയ
നിവൃത്ത ജീവാപത്തിത്വാത്‌ ക്ഷീണക്ലേശാ ഽഽപ്തനിര്‍വൃതിഃ (3-33-26)
സ്വാംഗം തപോയോഗമയം മുക്തകേശം ഗതാംബരം
ദൈവഗുപ്തം നബുബുധേ വാസുദേവപ്രവിഷടധീഃ (3-33-29)

മൈത്രേയന്‍ തുടര്‍ന്നുഃ

കപിലന്റെ പ്രവചനം കേട്ട്‌ ദേവഹൂതി അതീവ സന്തുഷ്ടയും പ്രബുദ്ധയുമായിത്തീര്‍ന്നു. ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയോടെ അവര്‍ ഭഗവാനു നന്ദി പറഞ്ഞു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുപോലും അങ്ങയെ മാനസപുത്രനായിട്ടാണല്ലോ സൃഷ്ടിച്ചതു്. അങ്ങ്, എല്ലാ കര്‍മ്മങ്ങള്‍ക്കുമതീതനും അങ്ങയുടെ ശക്തി അളവറ്റതുമത്രെ. വിശ്വത്തിന്റെ മുഴുവന്‍ നാഥനായ അങ്ങ്‌ സൃഷ്ടി, സ്ഥിതി, സംഹാര കര്‍മ്മങ്ങളിലേര്‍പ്പെട്ടപോലെ കാണപ്പെടുന്നു. ഓരോ ലോകചക്രങ്ങള്‍ കഴിയുമ്പോഴും ഈ വിശ്വം മുഴുവന്‍ ഉള്‍വലിയുന്നതും അങ്ങിലേക്കുതന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ ഉദരത്തില്‍ പിറക്കാന്‍ അങ്ങെന്തുകൊണ്ടു തീരുമാനിച്ചു എന്നു ഞാന്‍ വിസ്മയിക്കുന്നു. ധര്‍മ്മരക്ഷയ്ക്കും അധര്‍മ്മനിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടി ഓരോ വ്യക്തിത്വം സ്വീകരിക്കുകയാണവിടുന്ന്. ഏറെ താഴ്ന്നരീതിയില്‍ ജീവിക്കുന്ന- നായ്മാംസം കഴിക്കുന്ന- ആളുകള്‍ക്കുപോലും അവിടുത്തെ നാമശ്രവണം കൊണ്ടും നാമോച്ചാരണം കൊണ്ടും ബ്രാഹ്മണപദവി ലഭ്യമത്രെ. അവിടുത്തെ മഹിമയാല്‍ ദര്‍ശനമാത്രേണ ഈ ലോകജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍നിന്നു മുക്തിയും സാദ്ധ്യമാണ്‌. അങ്ങെന്റെ പുത്രന്‍ കപിലനായി പിറന്നുവെങ്കിലും അവിടുന്ന് ആ പരമാത്മസ്വരൂപം തന്നെയെന്നു ഞാനറിയുന്നു.

താന്‍ വിശദീകരിച്ച യോഗമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു ജീവിക്കുന്ന പക്ഷം ആത്മസക്ഷാത്ക്കാരം ലഭിക്കുമെന്ന് കപിലന്‍ അമ്മയ്ക്കു വീണ്ടും ഉറപ്പു നല്‍കി. പിന്നീടദ്ദേഹം അമ്മയോട്‌ യാത്രപറഞ്ഞ് വടക്കുകിഴക്കേ ദിശയിലൂടെ സമുദ്രത്തില്‍ പ്രവേശിച്ച്‌ മറഞ്ഞു. അവിടെ ദിവ്യപ്രഭയോടെ അദ്ദേഹം വാഴുന്നു. ദേവഹൂതി തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച്‌ യോഗമാര്‍ഗ്ഗങ്ങള്‍ ശരിയാംവണ്ണം അനുവര്‍ത്തിച്ചു പോന്നു. തന്റെ ജീവിതത്തിന്റെ വസന്തകാലം കര്‍ദ്ദമനുമൊത്ത്‌ വസിച്ചിരുന്ന അതിവിശാലമായ കൊട്ടാരം ഉപേക്ഷിച്ച്‌ ദേവഹൂതി ധ്യാനമാര്‍ഗ്ഗത്തിലൂടെ ആത്മസക്ഷാത്ക്കാരത്തിനായി തപസ്സിരുന്നു. പാല്‍പ്പാടയുടെ മാര്‍ദ്ദവമുളള കിടക്കകളും, അപ്സരകന്യകമാരുടെ പ്രതിമകളാലലംകൃതമായ കണ്ണാടിച്ചുവരുകളും, ചുറ്റുപാടും നന്ദനോദ്യാനങ്ങളും നിറഞ്ഞ ആ ഗൃഹമാണ്‌ ദേവഹൂതി ധ്യാനത്തിനായി ഉപേക്ഷിച്ചത്. തന്റെ ഹൃദയനിവാസിയായ ആത്മസ്വരൂപത്തെ വിശ്വമായിക്കണ്ടു ധ്യാനിച്ച്‌ ഇടമുറിയാതുളള ഭക്തിസാധനയാല്‍ മനസുനിറച്ച്‌ യോഗമാര്‍ഗ്ഗങ്ങളിലൂടെ ആസക്തി ഇല്ലാതാക്കി അവര്‍ ആത്മജ്ഞാനം നേടി. ദേവഹൂതിയുടെ മനസ്‌ പരബ്രഹ്മത്തിലും ഭഗവാനിലും ഉറച്ചിരുന്നതിനാല്‍ വ്യക്തിത്വബോധമെന്ന തെറ്റിദ്ധാരണയില്‍നിന്നു മോചിതയാവുകയും അങ്ങനെ ദുഃഖവിമോചനമുണ്ടാവുകയും ചെയ്തു. അവള്‍ ശരീരബുദ്ധിക്കതീതയായി. ശരീരം തപസ്സിനാലും യോഗമാര്‍ഗ്ഗങ്ങളിലൂടെയും പലേവിധ മാറ്റങ്ങള്‍ക്കടിമപ്പെട്ടുവെങ്കിലും ഭഗവാന്റെ പരിരക്ഷയിലായിരുന്നു. തന്റെ മുടിക്കെട്ടഴിഞ്ഞതോ വസ്ത്രമുരിഞ്ഞുപോയതോ അവളറിഞ്ഞില്ല. അവളുടെ വ്യക്തിബോധം വാസുദേവന്റെ പരമാര്‍ത്ഥബോധത്തില്‍ വിലയം പ്രാപിച്ചിരുന്നു. ദേവഹൂതിക്ക്‌ ആത്മസാക്ഷാത്ക്കാരവും മുക്തിയും കിട്ടിയ സ്ഥലത്തിന്‌ സിദ്ധപാദം എന്നു പറയുന്നു. നശ്വരമായ ശരീരം വീണിടത്ത്‌ ഒരു നദിയുണ്ടായി.

കപിലന്റെ മഹിമകള്‍ അങ്ങനെയൊക്കെയാണ്‌. ഇതു കേള്‍ക്കുന്നുവരില്‍ ഭഗവല്‍പ്രേമം അങ്കുരിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF