നിഷിദ്ധ്യ മാനസദസ്യമുഖ്യൈര്‍ദക്ഷോ ഗിരിത്രായ വിസൃജ്യ ശാപം
തസ്മാദ്വിനിഷ്ക്രമ്യ വിവൃദ്ധമന്യുര്‍ജ്ജഗാമ കൌരവ്യ നിജം നികേതനം (4-2-19)
സതിയുടെ അകാലവിയോഗത്തെപ്പറ്റിയുളള വിദുരരുടെ ചോദ്യത്തിന് മറുപടിയായി മൈത്രേയന്‍ ഇങ്ങനെ പറഞ്ഞുഃ
ഒരിക്കല്‍ സൃഷ്ടിദേവതയായ പ്രജാപതി നടത്തിയ സുപ്രധാനവും വിപുലവുമായ ഒരു യാഗത്തില്‍ അനേകം മുനിമാരും ദേവതകളും പങ്കെടുത്തു. സൃഷ്ടാക്കളിലൊരുവനായ ദക്ഷന്‍ സഭയിലേക്ക് കടന്നുവന്നുപ്പോള്‍ സ്വപിതാവായ ബ്രഹ്മാവും ജാമാതാവായ ശിവനുമൊഴികെ മറ്റെല്ലാവരും എഴുന്നേറ്റുനിന്നു് ബഹുമാനം പ്രകടിപ്പിച്ചു. ശിവന്റെ പെരുമാറ്റത്തില്‍ അതൃപ്തനായ ദക്ഷന്‍ ഇങ്ങനെ പറഞ്ഞു. “അല്ലയോ ഋഷി മുനി ദേവന്മാരേ, കേട്ടാലും, ഞാനീ പറയുന്നത് അജ്ഞത കൊണ്ടോ ആരോടുമുളള വിരോധം കൊണ്ടോ അല്ല, മറിച്ച് ശരിയായ പെരുമാറ്റരീതിയെക്കുറിച്ച് മനസിലാക്കിക്കാനാണ്. ഈ അഹംഭാവിയും വൃത്തിഹീനനുമായ മനുഷ്യന്‍, ശ്മശാനഭസ്മവും പൂശി, ഭ്രാന്തനെപ്പോലെ നടക്കുകയും, ഭൂതഗണങ്ങളെ കൂട്ടുപിടിച്ച് അവരിലൊരാളെപ്പോലെ അലയുകയും ചെയ്യുന്നുവനാണെങ്കിലും എന്റെ മരുമകനും അതുകൊണ്ട് എനിക്ക് മകനെപ്പോലെയുമാണ്. കഷ്ടം, എന്റെ സുചരിതയായ മകളെ അവനാണല്ലൊ, വിവാഹത്തില്‍ നല്‍കിയത്! എന്റെ അച്ഛന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ആ വിഡ്ഢിത്തത്തിനു സമ്മതിച്ചത്. എന്നോടുളള ബഹുമാനം കാണിക്കാതിരിക്കുക വഴി അവന്‍ നമ്മുടെയെല്ലാം മുഖത്ത് കരിവാരിത്തേച്ചിരിക്കുന്നു. ശരിയായ നടപടിക്രമങ്ങളേയും പെരുമാറ്റത്തേയും അംഗീകരിക്കാത്ത ശിവന് ഇനിമുതല്‍ യജ്ഞവീതം ലഭിക്കാതെ പോകട്ടെ .” ഇത്രയും പറഞ്ഞ് മറ്റുമുനിമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുകുടി യജ്ഞശാലയില്‍ നിന്നും ദക്ഷന്‍ ദേഷ്യത്തില്‍ ഇറങ്ങിപ്പോയി.
ശിവന്റെ പരമഭക്തന്മാരിലഗ്രഗണ്യനായ നന്തി ദക്ഷനേയും യാഗശാലയില്‍ ദക്ഷനു കൂട്ടുനിന്നു ബ്രാഹ്മണരേയും ശപിച്ചു. “ ഈ വിഡ്ഢി ശരീരത്തെ ആത്മാവുതന്നെ എന്നുകരുതി ഇന്ദ്രിയസുഖങ്ങളിലും പൊങ്ങച്ചമേറിയ വിപുലമായ ആചാരക്രമങ്ങളിലും മുഴുകി ഒരു മൃഗത്തിന്റെ അവസ്ഥയില്‍ത്തന്നെ ജീവിക്കുന്നു. അതുകൊണ്ട് അവന്റെ മുഖം സത്യത്തിനുനേരെ പുറം തിരിഞ്ഞിരിക്കട്ടെ. അവന്റെ തല ആടിന്‍റേതുപോലെയുമാകട്ടെ. അവനും അവനെ പിന്തുടരുന്നവരും വീണ്ടും വീണ്ടും ജനിച്ചും മരിച്ചും കാലചക്രം തുടര്‍ന്നു കൊണ്ടേയിരിക്കും. ഈ ബ്രാഹ്മണര്‍ വേദപഠനങ്ങളിലും യജ്ഞങ്ങളിലും അതീവ തല്‍പ്പരരായിരിക്കുന്നുത് ധനസമ്പാദനത്തിനു മാത്രമാണല്ലോ. ഇഷ്ടമുളളതെല്ലാം ഭക്ഷിച്ച് പ്രകടനപരവും അലംകൃതങ്ങളുമായ വേദോച്ചാരണവും നടത്തി ശിവനെ വെറുത്തു കഴിയുന്നതുകൊണ്ട് ലോകം മുഴുവന്‍ ഈ ബ്രാഹ്മണര്‍ യാചകരെപ്പോലെ അലഞ്ഞു നടക്കും”.
നന്തി, ബ്രാഹ്മണകുലത്തെമുഴുവന്‍ ശപിച്ചതുകേട്ട ഭൃഗുമഹര്‍ഷി ഒരു മറുശാപം കൊടുത്തു. “ശിവന്റെ പാത പിന്തുടരുന്ന ഇവരെല്ലാം നിഷേധികളത്രെ. വേദങ്ങളുടേയും ബ്രാഹ്മണരുടേയും അധികാരത്തെ ചോദ്യം ചെയ്യുന്നു ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്ന പാത പവിത്രമല്ല. ജട നിറഞ്ഞ മുടിയും ചൂടി, ചുടലച്ചാരം മേലണിഞ്ഞ് ലഹരികുടിച്ചു നടക്കുന്ന ഇവര്‍ ഭഗവാന്‍ വിഷ്ണുവിനാല്‍ അംഗീകരിക്കപ്പെട്ട വേദത്തെത്തന്നെ ധിക്കരിക്കുന്നു. വേദങ്ങളെ നിഷേധിക്കുകമൂലം നിങ്ങളെല്ലാം ധിക്കാരികളായി അറിയപ്പെടും.” ഈ ശാപവചനം കേട്ട് തന്റെ ഭീകരരൂപികളായ ഭൂതഗണങ്ങളുമൊത്ത് ശിവന്‍ സഭയില്‍നിന്നും ഇറങ്ങിപ്പോയി. പ്രജാപതി ഒരായിരം വര്‍ഷത്തേക്കു കൂടി ഈ യാഗം തുടര്‍ന്നു. പിന്നീട് യാഗശേഷം ഔപചാരികസ്നാനവും കഴിഞ്ഞ് എല്ലാവരും സ്വകുടുംബങ്ങളിലേക്ക് മടങ്ങി.
ദക്ഷ എന്നാല്‍ ജാഗരൂകമായ കാര്യക്ഷമതയും കര്‍മ്മശേഷിയും. എല്ലാ കഴിവുകളും അവയുടെ ദേവതകളും ദക്ഷനെ അംഗീകരിക്കുന്നു, എന്നാല്‍ സൃഷ്ടാവും സംഹര്‍ത്താവും അതിനെ അംഗീകരിക്കുന്നില്ല. സംഹാരകനോടുളള ഭക്തിയില്ലാത്ത കാര്യക്ഷമതയെക്കുറിക്കുന്നുതാണ് ഈ അദ്ധ്യായം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF