അനാഹുതാ അപ്യഭിയന്തി സൌഹൃദം
ഭര്‍ത്തുര്‍ഗ്ഗുരോര്‍ദ്ദേഹ കൃതശ്ച കേതനം (4-3-13)
വിദ്യാ തപോവിത്തവപുര്‍വ്വയ്യഃ കുലൈഃ
സതാം ഗുണൈഃ ഷഡ്‌ ഭിരസത്തമേതരൈഃ (4-3-17)

മൈത്രേയന്‍ തുടര്‍ന്നു:

കാലം കുറെ കടന്നു പോയി. ദക്ഷന്‍ പ്രജാപതിമാരില്‍ പ്രധാനിയായിത്തീര്‍ന്നു അദ്ദേഹം വാജപേയയജ്ഞം ഭംഗിയായി നടത്തി പ്രശസ്തി നേടി. ഇപ്പോള്‍ അതിലും കേമത്തില്‍ ബ്രഹസ്പതി സവയജ്ഞം തുടങ്ങിയിരിക്കുന്നു. ശിവസന്നിധിയില്‍നിന്നു്‌ ശിവപത്നിയും ദക്ഷപുത്രിയുമായ സതി, ആകാശമാര്‍ഗ്ഗേന യാത്രപോകുന്ന മാമുനിമാരേയും ദേവതകളേയും കണ്ടു. തന്റെ സഹോദരിമാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന യജ്ഞത്തില്‍ പങ്കെടുക്കാന്‍ അവള്‍ക്ക്‌ അദമ്യമായ ആഗ്രഹമുണ്ടായി. അവള്‍ ശിവനെ സമീപിച്ച്‌ പോകാനുളള ആഗ്രഹമറിയിച്ചു. “ഭര്‍ത്താവിന്റെയോ, മാതാപിതാക്കളുടെയോ, ഗുരുവിന്‍റേയോ മറ്റുബന്ധുജനങ്ങളുടേയോ ഗൃഹങ്ങളില്‍ ക്ഷണിക്കാതെതന്നെ പോകാമെന്ന് ശാസ്ത്രം പറയുന്നത്. ഈ സൃഷ്ടികള്‍ മുഴുവന്‍ അങ്ങയുടെ ഉളളില്‍ത്തന്നെയെന്നും ഞാന്‍ മനസിലാക്കുമ്പോഴും സ്വന്തം അമ്മയേയും സഹോദരിമാരേയും കാണാനുളള സ്ത്രൈണമായ ആഗ്രഹം എനിക്കുണ്ടായിപ്പോകുന്നു. മാത്രമല്ലാ, ഈ വിപുലമായ യാഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനും എനിക്കു തോന്നുന്നില്ല. അങ്ങയുടെകൂടെതന്നെ അവിടെ പോയി വരാന്‍ ഞാനാഗ്രഹിക്കുന്നു .”

സതിയുടെ അജ്ഞതയ്ക്കുനേരെ പുഞ്ചിരിയോടെ പരമശിവന്‍ പറഞ്ഞുഃ ബന്ധുക്കളുടേയോ ഗുരുക്കന്‍ മാരുടേയോ ഗൃഹങ്ങളില്‍ ക്ഷണിക്കാതെതന്നെ പോകാം എന്നതു ശരി തന്നെ. പക്ഷെ, അവരില്‍ വിരോധവും ദുഷ്ടബുദ്ധിയും ഇല്ലെങ്കില്‍ മാത്രം. ജ്ഞാനം, തപസ്സ്, ധനം, ശരീരസൗന്ധര്യം, പ്രായം, പാരമ്പര്യം എന്നിവ സുമനസ്ക്കര്‍ക്ക്‌ ആഢ്യത്വം നല്‍കുമെങ്കിലും ഇവ ദുഷ്ടരുടെ ദുഷ്ടത കൂട്ടുവാനിടയാക്കുന്നു. അതുകൊണ്ട്‌ ഈദൃശഗുണങ്ങളുണ്ടെന്നു കാഴ്ചയില്‍ തോന്നുമെങ്കിലും സ്വന്തം ബന്ധുക്കളാണെങ്കില്‍ക്കൂടി ദുഷ്ടതയുളളവരുമായുളള സഹവാസം വര്‍ജ്ജിക്കുകയാണ്‌ നല്ലത്‌.”

ശത്രുക്കളുടെ കൈകളാല്‍ പീഢിക്കപ്പെടുന്നുതാണ്‌ “ബന്ധുക്കളുടെ നിന്ദയേക്കാള്‍ അഭികാമ്യം. ശത്രു പീഢനം കാലക്രമത്തില്‍ മറക്കാന്‍ കഴിയുമെങ്കിലും ബന്ധുക്കളുടെ നി‍‍‍‍‍‍‍‍‍‍‍‍‍‍‍ന്ദ പൊറുക്കാന്‍ കഴിയുന്നതല്ലതന്നെ. നീ പോയാല്‍ അഛന്റെ ഏറ്റവും പ്രീയപ്പെട്ട മകളായിരുന്നുവെങ്കിലും എന്റെ ഭാര്യയായതുകൊണ്ട്‌ നിന്നെ അവഗണിച്ചപമാനിക്കും എന്നറിയുക. ശരീരാസക്തിയുളളവര്‍ അതിനെ ആത്മാവെന്നു കരുതി ഉന്നതരേയും സാക്ഷാത്ക്കാരം നേടിയവരേയും വെറുക്കുന്നു. അവരെ മനസിലാക്കാന്‍പോലും ശ്രമിക്കുന്നില്ല. ആത്മസാക്ഷാത്ക്കാരം നേടിയവര്‍ ശരീരാസക്തിയില്ലാത്തവരാണെന്നും, എല്ലാവരേയും ആത്മാവുകൊണ്ട്‌ പരിപൂര്‍ണ്ണമായി താണുവണങ്ങുന്നുവെന്നും അവര്‍ക്ക്‌ മനസിലാവുന്നില്ല. വെറും ശരീരംകൊണ്ടുളള ബഹുമാനപ്രകടനം മാത്രമല്ല ഭഗവല്‍സാന്നിദ്ധ്യം എല്ലാ ഹൃദയങ്ങളിലും ദര്‍ശിക്കുന്നുതുകൊണ്ട്‌എല്ലാവരോടും യോഗിക്ക്‌ ബഹുമാനമാണ്‌. നിര്‍മ്മലമായ മനസ്‌ വാസുദേവനത്രെ. ഭഗവല്‍മഹിമ ഇതിലൂടെ സുവിദിതമാണ്‌. എന്റെ മനസിന്റെ നിര്‍മലതയില്‍ ഭഗവാനെ എന്നും ഞാന്‍ ആരാധിക്കുന്നു. ഞാന്‍ ഒരുതെറ്റും അങ്ങോട്ടു ചെയ്യാതെ തന്നെ എന്നെ നിന്ദിക്കുന്നുവരുടെ അടുക്കല്‍ നിനക്കു പോവേണ്ട കാര്യമെന്ത്‌? എന്റെ ഉപദേശം കേള്‍ക്കാതെ നീ പോയാല്‍ നിനക്ക്‌ ദുരിതം നിശ്ചയം. സ്വന്തം ബന്ധുക്കളില്‍നിന്നുളള അപമാനം മരണതുല്യമത്രെ.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF