കര്‍ണ്ണൗ പിധായ നിരിയാദ്യദകല്‍പ്പ ഇശേ
ധര്‍മ്മാവിതര്യസൃണിഭിര്‍ന്നൃഭിരസ്യമാനേ
ഛിന്ദ്യാത് പ്രസഹ്യ രുശതീമസ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍തീം പ്രഭുഞ്ചേത്
ജിഹ്വാമസൂനപി തതോ വിസൃജേത്‌ സ ധര്‍മ്മഃ (4-4-17)

മൈത്രേയന്‍ തുടര്‍ന്നുഃ

സതിക്ക്‌ ശിവനോട്‌ ഈര്‍ഷ്യയുണ്ടായി. ആഗ്രഹവും ദുഃഖവും ദേഷ്യവും എല്ലാം ചേര്‍ന്ന് അവളുടെ ബുദ്ധി മൂടിയിരുന്നു. നന്തി തുടങ്ങിയ ശിവഗണങ്ങളുമൊപ്പം സതി സ്വന്തം മാതാപിതാക്കളുടെ ഗൃഹത്തിലേക്ക്‌ തിരിച്ചു. യാഗശാലയില്‍ ദക്ഷന്‍ പൂജയുടെ ചടങ്ങുകള്‍ നടത്തുന്നു. സഭാവാസികളായ ദേവന്മാരോ മുനിമാരോ ആരും ദക്ഷകോപം ഭയന്ന് സതിയെ ആദരിച്ചില്ല. സ്ത്രീജനങ്ങള്‍ മാത്രം സതിയെ സ്വാഗതം ചെയ്തു. ദേവന്മ‍ാരില്‍ ശിവനുമാത്രം യാഗവിഹിതം വെച്ചിട്ടില്ലെന്ന് അവള്‍ കണ്ടു. സ്വന്തം സ്ഥാനമാനത്തിലും പഠിപ്പിലും അഹങ്കാരമുണ്ടായിത്തീര്‍ന്ന ദക്ഷന്‍ മനപ്പൂര്‍വ്വം ശിവനിന്ദ ചെയ്യുകയാണ്‌.

സതി പറഞ്ഞുഃ” അല്ലയോ ബ്രാഹ്മണരേ, നിങ്ങള്‍ മറ്റുളളവരുടെ മഹിമയിലും കുറ്റം കണ്ടുപിടിക്കുന്നു. എന്നാല്‍ മറ്റുളളവരുടെ ചെറിയ മഹത്വം പോലും വലുതാക്കിക്കണ്ട്‌ ബഹുമാനിക്കുന്നുവരാണ്‌ ഉന്നതരായ മഹജ്ജനങ്ങള്‍. അളവില്ലാത്ത ശക്തിയും മഹിമയുമുളള ശിവനെ നിങ്ങള്‍ വെറുക്കുന്നു. എങ്കിലും ആ രണ്ടക്ഷരം ഉച്ചരിക്കുന്ന മാത്രയില്‍ എല്ലാ പാപങ്ങളും ശമിക്കുന്നു എന്നറിയുക. നിങ്ങള്‍ ശിവനെ പവിത്രതയില്ലാത്തവനെന്നു പറയുന്നു. ബ്രഹ്മദേവന്‍പോലും ആ പാദങ്ങളെ പൂജിക്കുമ്പോള്‍ നിങ്ങളുടെ ഈ ആരോപണത്തിനെന്തു സാംഗത്യം? ഇനി ഞാനിവിടെ നിന്നുകൂടാ. അധാര്‍മ്മിയും ദൈവനിന്ദകനുമായ ഒരുവന്റെ ദുഷ്ടത കിനിയുന്ന നാവ്‌ കഴിയുമെങ്കില്‍ പിഴുതെടുക്കണം. എന്നിട്ട്‌ സ്വയം ജീവനൊടുക്കണം. അതിനു ശക്തിയില്ലെങ്കില്‍ കാതുകള്‍ പൊത്തിയടച്ച്‌ ആ സ്ഥലം വിടണം. അതാണ്‌ ശരിയായ നടപടി. നിങ്ങളുടെ പൂജാഘോഷങ്ങളെ ഞാന്‍ വെറുക്കുന്നില്ല. കാരണം, വേദസംഹിതാനുസാരിയായ കര്‍മ്മങ്ങളും യാഗങ്ങളും പ്രധാനമായി കണക്കാക്കുന്നുവരും ആത്മസാക്ഷാത്ക്കാരത്തിന്‌ അവയേക്കാള്‍ പ്രാധാന്യം നല്‍കുന്നുവരും ഉണ്ടല്ലോ. ഈ രണ്ടു പാതകളും വിഭിന്നങ്ങളത്രെ. ഒരുവന്‍ സ്വധര്‍മ്മം ഭംഗിയായി അനുഷ്ടിക്കണം. എന്നാല്‍, മറ്റേവിഭാഗത്തിന്റെ ചെയ്തികളെ താഴ്ത്തിക്കണ്ടുകൂടാ. ശിവന്‍, പരമാത്മ സ്വരൂപംതന്നെയായതിനാല്‍ സ്വയം എല്ലാവിധ കടമകള്‍ക്കും കര്‍മ്മങ്ങള്‍ക്കും അതീതനത്രെ. നിങ്ങള്‍ അങ്ങനെയുളള ശിവനു നിരക്കാത്ത രീതിയിലാണ്‌ പെരുമാറുന്നത്‌. ഇനി നിങ്ങളില്‍നിന്നു ജനിച്ച ഈ ശരീരം ഞാന്‍ വെച്ചുകൊണ്ടിരിക്കയില്ല.”

ഇത്രയും പറ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ് സതി, യോഗവിധിപ്രകാരമുളള അഗ്നിയില്‍ ശരീരമുപേക്ഷിക്കാന്‍ തയ്യാറെടുത്തു. അവള്‍ പ്രാണനെയും അപാനനെയും സൂര്യനാഡിയിലെത്തിച്ചു. ഉദാനന്റെ സഹായത്തോടെ ഈ ശക്തിയെ ഹൃദയഭാഗത്തെത്തിച്ച്‌ ബോധമണ്ഢലവുമായി ചേര്‍ത്തുവെച്ചു. അതിനെ കണ്ഠനാളിയിലൂടെ കടത്തി ഇരുപുരികങ്ങള്‍ക്കുമിടയിലെത്തിച്ച്‌ ഭഗവാന്റെ താമരപ്പാദങ്ങളും ധ്യാനനിമഗ്നയായിരിക്കെ യോഗാഗ്നിയുണ്ടാവുകയും അതവളുടെ ശരീരത്തെ പൊതിയുകയും ചെയ്തു. ആകാശദേവതകള്‍ ദക്ഷനെ ഉപേക്ഷിച്ചു. ശിവഗണങ്ങള്‍ ദക്ഷനെയും കൂട്ടരേയും കൊല്ലാന്‍ തുനിഞ്ഞെങ്കിലും മാന്ത്രികമായ ഒരു കര്‍മ്മംകൊണ്ട്‌ ആയിരക്കണക്കിന്‌ സത്വങ്ങളെ യാഗാ‍ഗ്നിയില്‍ നിന്നു സൃഷ്ടിച്ചാണ്‌ ഭൃഗുമുനി ശിവഗണങ്ങളെ യാഗശാലയില്‍നിന്നും ആട്ടിപ്പായിച്ചതു.

ആളുകള്‍ പ്രകടമായ കാരണങ്ങള്‍ കൂടാതെ തന്നെ തീപ്പെടുന്നുതിനെപ്പറ്റി ചരിത്രത്തില്‍ പല രേഖകളുമുണ്ട്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF