ജൂഹ്വതഃ സ്രുവഹസ്തസ്യ ശ്മശ്രൂണി ഭഗവാന്‍ ഭവഃ
ഭൃഗോര്‍ല്ലുലുഞ്ചേ സദസി യോഽഹസ്ച്ശ്‍മശ്രു ദര്‍ശയന്‍ (4-5-19)
ഭഗസ്യ നേത്ര ഭഗവാന്‍ പാതിതസ്യ രുഷാ ഭുവി
ഉജ്ജഹാര സദഃസ്‍ഥോഽക്ഷണാ യശ്ശപന്തമസൂചയത് (4-5-20)
പൂഷ്ണശ്ചാപാതയദ്ദന്താന്‍ കാലിംഗസ്യ യഥാ ബലഃ
ശാപ്യമാനേ ഗരിമണി യോഽഹസദ്ദര്‍ശയന്‍ ദതഃ (4-5-21)
മൈത്രേയന്‍ തുടര്‍ന്നുഃ
ദക്ഷസഭയില്‍ നടന്നതെല്ലാം നാരദമുനി ശിവനോടു പറഞ്ഞു. സതി സ്വയം യോഗാഗ്നിയില്‍ ദഹിച്ചതും ഭൃഗുമുനി യാഗാഗ്നികളില്‍ നിന്നുമാവാഹിച്ചെടുത്ത ഋഭു ശിവഗണങ്ങളെ ആട്ടിപ്പായിച്ചതുമെല്ലാം ശിവന്‍ അറിഞ്ഞു. കോപിഷ്ടനായി ശിവന്‍ തന്റെ ജടയില്‍നിന്നും ഒരുരോമം പറിച്ച് അടുത്തുളെളാരു പാറയിലുരച്ചപ്പോള്‍ അതു വീരഭദ്രന്‍ എന്ന പേരായ വലിയൊരു സത്വമായിത്തീര്‍ന്നു. അവന് ഒരായിരം കൈകളും മൂന്നുകണ്ണുകളും ഭീകരമായ ദംഷ്ട്രങ്ങളും ഉണ്ടായിരുന്നു.
ശിവനെ നമിച്ച് ആജ്ഞയ്ക്കായി വീരഭദ്രന്‍ കാത്തുനിന്നു. ശിവന്‍ പറഞ്ഞുഃ “നീ എന്‍റേതന്നെ പ്രഭയുടെ ഒരു കിരണമത്രെ. ദക്ഷനെയും അവന്റെ യാഗത്തേയും നീ നശിപ്പിക്കണം.” വീരഭദ്രന്‍ ഭഗവാനെ വണങ്ങി യാത്രയായി. കുടെ ശിവഗണങ്ങളും അനുഗമിച്ചു. ദക്ഷസഭയില്‍ വലിയ ബഹളം തന്നെയായിരുന്നു. വടക്കുദിശയില്‍നിന്നു് വല്ലാത്ത പൊടിപടലവും കാര്‍മേഘവും കാണായി. ഏതോ അത്യാപത്തിന്റെ തോന്നല്‍ എല്ലാവരേയും ഭയചകിതരാക്കി. ദക്ഷപത്നിക്കും മറ്റുസ്ത്രീകള്‍ക്കും സതീദേഹത്യാഗത്തെത്തുടര്‍ന്നു് ദക്ഷനെതിരെ ഭഗവാന്റെ പ്രതികാരമായിരിക്കുമിതെന്ന്, മനസിലായി .
ശിവഗണങ്ങള്‍ ദക്ഷസഭയില്‍ അതിക്രമിച്ചുകയറി യാഗസന്നാഹങ്ങളെല്ലാം നശിപ്പിച്ചു. മണിമാന്‍ എന്ന ശിവഭൃത്യന്‍ ഭൃഗുവിനെ ബന്ധിച്ചു. വീരഭദ്രന്‍, ദക്ഷനേയും. ചണ്ഢീശന്‍ പൂഷദേവനേയും, നന്തി ഭഗദേവനേയും ബന്ധിച്ചു. മറ്റുളളവര്‍ നാനാഭാഗങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു. വീരഭദ്രന്‍ ഭൃഗുവിന്റെ മീശയും താടിരോമങ്ങളും ബലമായി പറിച്ചെടുത്തു. അഗ്നിയിലേക്ക് ഹോമ ദ്രവ്യങ്ങളര്‍പ്പിക്കുമ്പോള്‍ ഭൃഗു അഹങ്കാരത്തോടെ ഒരു കൈകൊണ്ട് തന്റെ മീശ തടവി മറ്റേക്കൈകൊണ്ട് യാഗം നടത്തുകയായിരുന്നുവല്ലോ. ഭഗനെ വീരഭദ്രന്‍ അടിച്ചുവീഴ്ത്തി, അവന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ശിവനെ ദക്ഷന്‍ അപമാനിക്കുന്ന സമയത്ത് കുസൃതിയോടെ കണ്ണിറുക്കിക്കാണിച്ചതിനുളള ശിക്ഷ. പൂഷദേവന്‍ പരിഹാസമായി ചിരിച്ചതിനുളള പ്രതിഫലമായി അയാളുടെ പല്ലുകള്‍ മുഴുവനും വീരഭദ്രന്‍ പറിച്ചെടുത്തു. പിന്നീട് ദക്ഷന്റെ കഴുത്തു വെട്ടാന്‍ തുനിഞ്ഞെങ്കിലും വീരഭദ്രന് കുറച്ച് തടസ്സംനേരിട്ടു. എന്നാല്‍ യാഗബലി നല്‍കുന്ന മൃഗത്തിനെപ്പോലെ ദക്ഷജീവന്‍ ഭഗവാണ് സമര്‍പ്പിച്ചപ്പോള്‍ അയാളുടെ തല അറ്റുവീണു. വീരഭദ്രനും കൂട്ടരും കൈലാസത്തിലേക്ക് മടങ്ങി. എല്ലാ ദുഷ്ടര്‍ക്കും അതാതു കുറ്റങ്ങള്‍ക്കുളള ശിക്ഷകള്‍ കിട്ടി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF