തം ബ്രഹ്മനിര്‍വ്വാണസമാധിമാശ്രിതം വ്യുപാശ്രിതം ഗിരീശം യോഗകക്ഷാം
സലോകപാല മുനയോ മനൂനാമാദ്യം മനും പ്രാഞ്ജലയഃ പ്രണേമുഃ (4-6-39)
മൈത്രേയന് തുടര്‍ന്നുഃ
പരാജിതരായ മുനിമാരും ദേവതകളും സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്റെ അടുക്കല്‍ ചെന്ന് ഉണ്ടായ കാര്യങ്ങള്‍ വിശദീകരിച്ചു .
ബ്രഹ്മാവ് പറഞ്ഞുഃ ” ഉടനേതന്നെ വിശുദ്ധമായ കൈലാസത്തില്‍പ്പോയി ശിവഭഗവാന്റെ പാദാരവിന്ദങ്ങളില്‍ അഭയംതേടുക. ദക്ഷനും നിങ്ങളുമെല്ലാം ശിവന് വിഹിതമായ അര്‍ഘ്യം നല്‍കാതെ ദ്രോഹം ചെയ്തിരിക്കുന്നു. എനിക്കോ യജ്ഞാധിപനായ വിഷ്ണുവിനോ ശിവമഹിമയെ അളക്കാന്‍ കഴിയില്ലതന്നെ. ദേവതകള്‍ക്കും മുനിമാര്‍ക്കും പോലും അവിടുത്തെ ശക്തിയും സ്വഭാവവും അറിയാന്‍ കഴിയില്ല. കാരണം, ശിവന് സര്വ്വതന്ത്രസ്വതന്ത്രനത്രെ .”
മുനിമാരാലും ദേവതകളാലും അനുഗമിക്കപ്പെട്ട് ബ്രഹ്മാവ് കൈലാസത്തിലേക്ക് പുറപ്പെട്ടു. കൈലാസത്തില്‍ അസാധാരണ സിദ്ധികളുളള ദേവന്മാര് കഴിയുന്നു. ചിലര്‍ ജന്മനാ സിദ്ധര്‍. മറ്റുളളവര്‍ മരുന്ന്, തപസ്സ്, യോഗാഭ്യാസം എന്നിവകൊണ്ട് സിദ്ധിനേടിയവരത്രെ. പര്‍വ്വതശിഖരങ്ങള്‍ രത്നത്തിന്റെ തിളക്കമാര്‍ന്നിരിക്കുന്നു. മലകള്‍ വൃക്ഷലതാദികള്‍ കൊണ്ട് സര്വ്വഹരിതവുമാണ്. പലേവിധ പക്ഷികളും മയിലുകളും കൈലാസപ്രദേശം മുഴുവനും ശബ്ദായമാനമാക്കിയിരിക്കുന്നു. മാന്‍, പുലി, സിംഹം തുടങ്ങിയ കാട്ടുജീവികളാലും അവിടെ സുലഭം. നന്ദ, അളകനന്ദ എന്നീ നദികളുടെ ഇടയ്ക്ക് അളക എന്ന അതീവസുന്ദരമായ ദിവ്യനഗരം സ്ഥിതിചെയ്യുന്നു. ഈ നഗരത്തില്‍ ദിവ്യപുരുഷന്മാര് ജീവിക്കുന്നു. രത്നഖചിതങ്ങളായ വിമാനങ്ങളാല്‍ നഗരം നിറഞ്ഞിരിക്കുന്നു.
ദേവതകളും ബ്രഹ്മാവുതന്നെയും ഈ സുന്ദരദൃശ്യങ്ങള്‍ കണ്ട് കുറച്ചുനേരം വിസ്മയിച്ചുപോയി. അവിടെ കുറച്ചു ദൂരെ വലിയൊരാല്‍മരം കാണായി. അതിനു ചുവട്ടില്‍ ശിവന് ആത്മീയപ്രഭയില്‍ മുങ്ങി പരമശാന്തനായിരിക്കുന്നു. സര്‍വ്വചരാചരങ്ങളുടേയും സുഹൃത്തായി വാഴുന്നവന് പൊതുനന്മയ്ക്കായും അഭിവൃദ്ധിക്കായും സദാ തപസ്സിലും യോഗാഭ്യാസങ്ങളിലും ഏര്‍പ്പെടുന്നു. ശിവനുചുറ്റും ദിവ്യരായ ഋഷിവര്യന്മാരും യോഗികളുമുണ്ട്. നാരദന് സശ്രദ്ധം ശിവന്റെ വാക്കുകള്‍ കേള്‍ക്കുന്നു. കൈകള്‍ കൂപ്പി ബ്രഹ്മാവും, ദേവതകളും മറ്റുബ്രാഹ്മണരും വിനയപുരസരം ശിവനെ നമിച്ചു. ശിവന് വിശ്വബോധത്തിന്റെ പരമകാഷ്ടയില്‍ വിരാജിക്കുകയായിരുന്നു. ബ്രഹ്മാവിനേയും ബ്രാഹ്മണരേയും മറ്റും സ്വീകരിച്ചു ഉപചാരപൂര്‍വ്വം ശിവന് പെട്ടന്നെഴുന്നേറ്റുവന്നു. ദിവ്യന്മാരുടെ മഹിമ അതാണല്ലോ. അവര്‍ തികച്ചും വിനയശീലരത്രെ .
ബ്രഹ്മദേവന് ശിവനോട് പറഞ്ഞുഃ “ഭഗവന്‍, അങ്ങ് പരമാത്മാവിനോട് ഒന്നുചേര്ന്നിരിക്കുന്നുവെങ്കിലും ലീലകളായി ശിവശക്തിദ്വന്ദ്വങ്ങളുടെ രൂപത്തില്‍ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തി വിശ്വസൃഷ്ടിയുടെ വിക്ഷേപാവരണക്രിയകള് നടപ്പിലാക്കുന്നു. അങ്ങാണ് യാഗകര്‍മ്മങ്ങളുടെ നടപടിക്രമങ്ങള്‍ ആദ്യമായി നടപ്പിലാക്കിയത്. അങ്ങ് സന്മനസുളളവര്ക്ക് ശാന്തിയും, ദുഷ്ടര്‍ക്ക് തക്കതായ ശിക്ഷകളും നല്കുന്നു. അങ്ങയുടെ ക്രോധം ഭക്തജനങ്ങളെ ബാധിക്കയില്ലതന്നെ. അങ്ങ് ദക്ഷനെ കുഴപ്പിച്ച വിഷ്ണുവിന്റെ മായാശക്തിക്കുമതീതനാണല്ലോ. ദക്ഷനും മറ്റുളളവരും മായാശക്തിക്കടിമയാണെന്നറിയുക. അവരില്‍ കരുണകാണിക്കാന്‍ ഞങ്ങളഭ്യര്‍ത്ഥിക്കുന്നു. അവരെയെല്ലാം പഴയ രൂപത്തിലാക്കി പുനര്‍ജനിപ്പിച്ചാലും. ആ ദക്ഷയാഗത്തെ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച് പരിസമാപ്തി നല്കിയാലും. മാമുനിമാര്‍ അങ്ങേക്കുളള യജ്ഞവിഹിതം വിധിയാംവണ്ണം യാഗത്തില്‍ നല്‍കുമെന്നുറപ്പു വരുത്തുന്നതാണ്.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF