അഹം ബ്രഹ്മാ ച ശര്‍വശ്ച ജഗതഃ കാരണം പരം
ആത്മേശ്വര ഉപദ്രഷ്ടാ സ്വയം ദൃഗവിശേഷണഃ (4-7-50)
തസ്മിന്‍ ബ്രഹ്മണ്യദ്വിതീയേ കേവലേ പരമാത്മനി
ബ്രഹ്മരുദ്രൌ ച ഭുതാനി ഭേദേനാജ്ഞോഽനുപശ്യതി (4-7-52)

ഭഗവാന്‍ ശിവന്‍ പറഞ്ഞുഃ “ആരും എനിക്ക്‌ വിരോധികളായിട്ടില്ലതന്നെ. മായയില്‍ മയങ്ങിപ്പോയവര്‍ക്ക്‌ തെറ്റുതിരുത്തപ്പെടാനുതകുന്ന തരത്തിലുളള ശിക്ഷാദണ്ഢനം അനുഭവിക്കേണ്ടിവരുന്നുവെന്നു മാത്രം. യാഗാഗ്നിയില്‍ കരിഞ്ഞുപോയ ദക്ഷന്റെ തലക്കു പകരം ഒരാടിന്റെ തലയാകട്ടെ. ഭൃഗുമുനിക്ക്‌ ആടിന്റെ താടിയും മീശയും ഉണ്ടാകട്ടെ. ഭഗ്നമിത്രന്റെ കണ്ണുകളിലൂടെ കാഴ്ചയുമാവാം. പൂഷന്‌ യാഗം ചെയ്യുന്നുയാളുടെ വായിലൂടെ ഭക്ഷിക്കാം. മറ്റ്‌ ദേവതകളേയും പുനര്‍ജ്ജീവിപ്പിക്കാം, കാരണം എനിക്കര്‍ഹതപ്പെട്ട യജ്ഞവിഹിതം അവര്‍ തന്നുവല്ലോ.”

മൈത്രേയമുനി തുടര്‍ന്നുഃ മാമുനിമാരും ദേവതകളും ശിവന്റെ ആജ്ഞ നടപ്പാക്കാന്‍ ഓടി നടന്നു. ആടിന്റെ തല ദക്ഷശരീരത്തോടു ചേര്‍ത്തുവെച്ചപ്പോള്‍ ദക്ഷന്‍ പുനര്‍ജനിച്ചു. വികാരനിര്‍ഭരമായ സ്വരത്തില്‍ അദ്ദേഹം ശിവനോട്‌ പറഞ്ഞു. “എന്നെ ശിക്ഷിക്കുകവഴി അങ്ങെന്നെ അനുഗ്രഹിച്ചിരിക്കുന്നു. അങ്ങയുടെ വദനത്തില്‍ നിന്നുമാണല്ലോ ബ്രാഹ്മണരെ സൃഷ്ടിച്ചിരിക്കുന്നുത്‌. അങ്ങവരെ സംരക്ഷിക്കുന്ന വിവിധമാര്‍ഗ്ഗങ്ങള്‍ അതിവിചിത്രങ്ങളത്രെ. അവ പലപ്പോഴും വേദനാജനകവുമാണ്‌. “ ബ്രഹ്മാവിന്റെ അനുവാദത്തോടെ യജ്ഞം തുടര്‍ന്നു. വിഷ്ണുദേവനെ പ്രീതിപ്പെടുത്തി യാഗശാല ശുദ്ധീകരിച്ചു. അല്ലയോ വിദുര, അവര്‍ ധ്യാനനിരതരായപ്പോള്‍, ഭഗവാന്‍ പ്രഭാപൂരിതനായി അവിടെ പ്രത്യക്ഷമായി. എല്ലാവരും എഴുന്നേറ്റുനിന്നു കൈകൂപ്പി ഭക്തിപൂര്‍വ്വം ഭഗവാന്റെ അപദാനങ്ങള്‍ വാഴ്ത്തി. മുഖ്യപുരോഹിതര്‍ , തങ്ങള്‍ക്ക്‌ യാഗകര്‍മ്മാദികള്‍ മാത്രമേ അറിയാവൂ എന്നും അതിനാലാണ്‌ അവയ്ക്കു പ്രാധാന്യം കൊടുത്തത്‌ എന്നും പറഞ്ഞു. മറ്റു പുരോഹിതര്‍ തങ്ങള്‍ ഭഗവല്‍പ്പാദങ്ങളിലഭയം തേടുന്നതിനു പകരം കേവലങ്ങളായ സുഖഭോഗങ്ങളില്‍ മുഴുകി സംസാര ചക്രത്തില്‍പ്പെട്ടുഴറുകയാണെന്നും ഏറ്റു പറഞ്ഞു.

ബ്രഹ്മദേവന്‍ പറഞ്ഞു. “അവിടുന്ന് വിജ്ഞാനത്തിന്റെ മുഴുവന്‍ അടിത്തറയത്രെ. ജീവാത്മാവിന്‌ മനസില്‍ ഉള്‍ക്കൊളളാവുന്നതിലും ഇന്ദ്രിയങ്ങള്‍ക്ക്‌ തിരിച്ചറിയാവുന്നതിലും അപ്പുറമത്രെ അത്‌ “. സിദ്ധന്മ‍ാര്‍ ഭഗവല്‍ക്കഥാമൃതപാനത്തില്‍ മുഴുകിയതിനാല്‍ സുഖദുഃഖാനുഭവങ്ങള്‍ അവരെ ബാധിച്ചതേയില്ല. യോഗിവര്യന്മ‍ാര്‍, അദ്വൈതോപാസകരാണ്‌ ഭഗവാനേറ്റവും പ്രിയപ്പെട്ടവര്‍ എന്നു പ്രഖ്യാപിച്ചു. ഭഗവാന്‍ സ്വയം യജ്ഞവും, യജ്ഞകര്‍ത്താവും, യജ്ഞഹവിസ്സ്‌ സ്വീകരിക്കുന്നുവനും, യജ്ഞവസ്തുക്കളും, യജ്ഞാധിപനായ ദേവതയും എല്ലാമാണെന്നും ബ്രാഹ്മണര്‍ പ്രഖ്യാപിച്ചു. മറ്റുളളവരും ഭഗവാന്റെ അപദാനങ്ങള്‍ വാഴ്ത്തി.

വിഷ്ണുഭഗവാന്‍ പറഞ്ഞുഃ “സൃഷ്ടാവായ ബ്രഹ്മാവും, സംഹാരകനായ ശിവനും, വിശ്വകാരണവും ഞാന്‍ തന്നെ. ഞാന്‍ ആത്മാവും, ഈശ്വരനും, എല്ലാത്തിന്‍റേയും അധിപനും, സ്വയംപ്രഭനും ഗുണാതീതനുമെന്നറിയുക . എന്‍റേതന്നെ സൃഷ്ടിയായ മായയില്‍ പ്രവേശിച്ച്‌ ഞാന്‍ വിശ്വത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നു. അജ്ഞാനിയായ മനുഷ്യന്‍ ഏകബ്രഹ്മമായ എന്റെ വൈവിധ്യങ്ങളില്‍ ആകൃഷ്ടനായി എന്റെ അദ്വൈതഭാവം കാണാതെ പോവുന്നു. താനും സര്‍വ്വതന്ത്രസ്വതന്ത്രമായ, സനാതനമായ, പരമാത്മാവാണെന്ന് മനസിലാക്കി നാനാത്വത്തില്‍ ഏകത ദര്‍ശിക്കുന്നുവന്‌ പരമശാന്തി ലഭിക്കുന്നു .” ഭഗവദനുഗ്രഹത്തോടെ, ദക്ഷന്‍ തുടങ്ങിവെച്ച യാഗം ഭംഗിയായി അവസാനിപ്പിച്ചു. സതി, ഹിമവാന്‍റേയും മേനയുടേയും മകളായിപ്പിറന്നു. പിന്നീട്‌ തന്റെ നാഥനായ ശിവന്റെ സവിധമണയുകയും ചെയ്തു.

ഈ കഥ കേള്‍ക്കുന്നുവര്‍ക്ക്‌ ആയുസ്സും പ്രശസ്തിയും പാപമോചനവും ലഭ്യമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF