മദര്‍ തെരേസ പറഞ്ഞൊരു സംഭവകഥ,”കുറച്ചുകാലം മുമ്പ് ഒരാള്‍ ഒരു മരുന്ന് കുറിപ്പുമായി ​എന്റെ ആശ്രമത്തില്‍ വന്നു. അയാളുടെ കുട്ടി ഗുരുതാരാവസ്ഥയിലാണ്. മരുന്നു വാങ്ങാന്‍ ചില്ലിക്കാശില്ല. മരുന്നു കൊടുക്കാന്‍ താമസിച്ചാല്‍ കുട്ടി മരിക്കും. എന്റെ കൈയ്യിലും പണം കമ്മി.

ഒരു നിമിഷം ഞാന്‍ പ്രാര്‍ത്ഥിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മറ്റൊരാള്‍ എന്നെ കാണാന്‍ വന്നു. അയാളുടെ കൈയ്യില്‍ എനിക്കായി പൊതിയുമുണ്ട്. അദ്ദേഹം പലയിടത്തു നിന്നും ശേഖരിച്ച മരുന്നുകളാണതില്‍.

ഞാനത് തുറന്നു. മറ്റേയാളുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ മുഴുവനും ഈ പൊതിയില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഞാന്‍ അതു കൊടുത്തു വിടുകയും ചെയ്തു.”

നോക്കൂ, കല്‍ക്കട്ടയിലെ ഒരു ചേരിപ്രദേശത്തുള്ള ഒരു കുഞ്ഞിനു വേണ്ടി ദൈവം മരുന്നു കൊടുത്തയച്ച രീതി. അവിടുത്തെ കൃപയും സ്നേഹവും എത്ര അഗാധം. അവിടുത്തെ ആശ്രയിച്ചാല്‍ ഒന്നിനും ഒരിക്കലും ഒരു കുറവും ഉണ്ടാകില്ല. നാം പരിപൂര്‍ണ സുരക്ഷിതമായിരിക്കും.

അദൃശ്യനായ ഈശ്വരന്റെ സ്നേഹവും സഹായവും സദാ സര്‍വ്വത്ര അനുഭവിക്കാന്‍ ആര്‍ക്കും കഴിയും. അതിനായി നിഷ്കളങ്കതയോടെ ആഗ്രഹിക്കണമെന്നു മാത്രം. പണമല്ല നമുക്കാവശ്യം പണം കൊണ്ട് സാധിക്കേണ്ടത് എന്തോ അത് സാധിക്കുകയാണ്. അതിന് ഈശ്വരന്റേതായ എത്രയോ വഴികളുണ്ട്.

കടപ്പാട്: നാം മുന്നോട്ട്