മകന് വേണ്ടത്ര വളര്‍ച്ചയില്ല. അവന്റെ കാര്യം ആലോചിക്കുമ്പോള്‍ മനസ്സും ശരീരവും തളരുന്നു. എന്റെ കാലശേഷം ആരായിരിക്കും അവന് കൂട്ട്?
മദര്‍ തെരേസ വെനിന്‍സുല സന്ദര്‍ശിച്ച സമയം. ഒരു ധനിക കുടുംബം ശിശുസദനം പണിയാനുള്ള സ്ഥലം സൗജന്യമായി മദറിനു നല്‍കി. അതിന് നന്ദി പറയാന്‍ മദര്‍ ആ ധനിക ഗൃഹത്തിലെത്തി.
വളരെ ദയനീയമായി വൈകല്യം ബാധിച്ച ഒരു കുട്ടിയെ അവന്‍ അവിടെ കണ്ടു. ധനികന്റെ മൂത്ത മകനാണ്, പേര് സ്നേഹഗായകന്‍. വിചിത്രമായ ആ പേരിന്റെ രഹസ്യം മദര്‍ തിരക്കി.
കുട്ടിയുടെ അമ്മ പറഞ്ഞു, “മദര്‍, ഇവന്‍ ഉണ്ടായതിനു ശേഷമാണ് ഞങ്ങള്‍ സ്നേഹിക്കാന്‍ പഠിച്ചു തുടങ്ങിയത്. സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ മനസ്സിലാക്കി. സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്നതിന്റെ തീവ്രതയും ഞങ്ങള്‍ അറിഞ്ഞു. സേവനത്തിലൂടെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നും അപ്പോള്‍ വെളിവായി. ജീവിതം ആ ദിശയിലേക്ക് തിരിഞ്ഞതോടെ ഞങ്ങള്‍ ഇപ്പോള്‍ സന്തുഷ്ടരാണ്. ഇവന്റെ വൈകല്യം ഞങ്ങള്‍ക്ക് ഇപ്പോള്‍ ദുഃഖം ഉള്ള വാക്കുന്നില്ല. വൈകല്യങ്ങളെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത് എന്റെ ഈ മോനാണ്.”
ഏതു ദുഃഖത്തേയും ശമിപ്പിക്കാന്‍ സ്നേഹ പൂര്‍വ്വമുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് മഹത്തുക്കള്‍ ആദികാലം മുതലേ നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍ ശാന്തി നിറയുന്നത് നമ്മുടെ മനസ്സിലാണ്. സ്നേഹിച്ചും, സേവിച്ചും മാത്രമേ നമുക്കത് മനസിലാക്കാന്‍ സാധിക്കൂ. വെള്ളത്തിലിറങ്ങാതെ ഒരിക്കലും നീന്തല്‍ പഠിക്കാന്‍ കഴിയില്ലല്ലോ.
നാം ഇവിടെ ഉള്ളപ്പോള്‍ നമ്മുടെ മക്കളേയും ക്ലേശങ്ങളുള്ള, ആരുമില്ലാത്ത, അര്‍ഹരായവരേയും സ്നേഹിക്കൂ, സഹായിക്കൂ.
കടപ്പാട്: നാം മുന്നോട്ട്