Chattampi Swami Thiruvadikal

ഇന്ന് ബ്രഹ്മശ്രീ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ സമാധി ദിനം. ആ മഹാപ്രഭാവനു മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു.

1099 മേടം 23. പന്മന സി. പി. പി. സ്മാരക വായനശാലയില്‍ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ വിശ്രമിക്കുന്നു. രോഗം വര്‍ദ്ധിച്ചിരുന്നു. സ്വാമികള്‍ ശ്രീ. കുമ്പളത്തു ശങ്കുപ്പിള്ളയെ വിളിച്ച് അവിടെത്തന്നെ ഉണ്ടായിരിക്കണമെന്ന് പതിവില്ലാത്തവണ്ണം നിര്‍ദ്ദേശിച്ചു. വൈകിട്ട് സ്വാമികള്‍ എഴുന്നേറ്റിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വത്സലശിഷ്യനായ പത്മനാഭപണിക്കരുടെ സഹായത്തോടുകൂടി അവിടുന്നു കട്ടിലില്‍ എഴുന്നേറ്റിരുന്ന് സാവധാനത്തില്‍ ഉപവിഷ്ടനായി. ക്രമേണ ധ്യാനനിഷ്ഠനായി കാണപ്പെട്ടു. അത് അവസാന നിമിഷങ്ങളാണെന്ന് ആരും ധരിച്ചില്ല. എങ്കിലും പരമാര്‍ത്ഥം അങ്ങനെയായിരുന്നു. അവിടുന്ന് ദേഹബന്ധം ഉപേക്ഷിച്ച് പരമപദം പ്രാപിച്ചുകഴിഞ്ഞു. ആപുണ്യകളേബരം നേരത്തെ നിര്‍ദ്ദേശിച്ചതനുസരിച്ച് പന്മനക്കാവില്‍ വിധിയാംവണ്ണം സമാധിയിരുത്തപ്പെട്ടു.

ആ വിയോഗവാര്‍ത്ത പെട്ടെന്ന് കേരളമാകെ പരന്നു. ചട്ടമ്പിസ്വാമികളുടെ നാമം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുക്കമായിരുന്നു. അപ്രമേയ പ്രഭാവനായ ഒരു ആത്മയോഗി, ആചാര്യന്‍,അസാധാരണസിദ്ധികള്‍ തികഞ്ഞ ഒരു കലാകാരന്‍, സര്‍വ്വശാസ്ത്രപാരംഗതന്‍, സകല ജീവജാലങ്ങളേയും ആത്മനിര്‍വ്വിശേഷം ദര്‍ശിക്കാന്‍ കഴിഞ്ഞ ഒരു സ്നേഹമൂര്‍ത്തി ഇതൊക്കെയായിരുന്നു കേരളീയര്‍ക്ക് ശ്രീ ചട്ടമ്പിസ്വാമികള്‍. ആ സ്ഥാനത്തേയ്ക്കു പകരം മറ്റാരേയും കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ശദാബ്ദങ്ങള്‍ക്കിടയ്ക്കെങ്ങാനും ആകസ്മികമായാവിര്‍ഭവിച്ച് മറയാറുള്ള ഒരു അപൂര്‍വ്വജ്യോതിസിന്റെ തിരോധാനമാണ് ആ സമാധിയോടുകൂടി കേരളത്തിനുണ്ടായതെന്ന് എല്ലാവര്‍ക്കും ബോധ്യമായി. (ശ്രീ പി. കെ. പരമേശ്വരന്‍നായരുടെ “പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍” എന്ന ജീവചരിത്ര സംഗ്രഹത്തില്‍ നിന്ന്)

തന്റെ സദ്ഗുരുവിന്റെ മഹാസമാധി പ്രകീര്‍ത്തിച്ച് ശ്രീനാരായണഗുരു എഴുതിയത്.

സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ
സദ്ഗുരുഃ ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്നി
പരിപൂര്‍ണ്ണ കലാനിധിഃ

ലീലയാ കാലമധികം
നീത്വാഽന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുഃ സമുത്സൃജ്യ
സ്വം ബ്രഹ്മ വപുരാസ്ഥിതഃ

Chattampi Swamikal, Narayana Guru, Theerthapada Swamikal

ശ്രീമദ് ചട്ടമ്പിസ്വാമികളുടെ പ്രശിഷ്യനായ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ ഈ ശ്ലോകങ്ങള്‍ക്ക് എഴുതിയ വ്യാഖ്യാനവും ഇത്തരുണത്തില്‍ സ്മരണീയമാണ്.

സര്‍വജ്ഞനും ഋഷിയുമായ സദ്ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്നു പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര്‍വത്ര പ്രകാശിക്കുന്നു. ആ മഹാപ്രഭു (പ്രപഞ്ചത്തിന്റെ ഉല്പത്തി സ്ഥിതി നാശങ്ങള്‍ക്കു കാരണഭൂതമായ ബ്രഹ്മം) മായാമയമായ ദേഹത്തെ വെറും ലീലയാ സ്വീകരിച്ച് അധികംനാള്‍ വിനോദിച്ചശേഷം തന്റേതല്ലാത്ത ആ ദേഹമുപേക്ഷിച്ച് സ്വന്തരൂപമായ ബ്രഹ്മഭാവത്തെ കൈക്കൊണ്ടു.

“ലോകവത്തു ലീലാകൈവല്യം” എന്ന ബ്രഹ്മസൂത്രത്തിന്റെ ചുരുക്കം ഈ ശ്ലോകത്തില്‍ അടക്കിയിട്ടുണ്ട്. ആപ്തകാമനും പരിപൂര്‍ണ്ണനുമായ പരമേശ്വരന് ജീവഭാവം കൈക്കൊള്ളേണ്ടതായ യാതൊരു കാരണവുമില്ല.അതിനാല്‍ ആ ജീവഭാവം ലീലാമാത്രം ആയിയിരുന്നെന്നു കരുതാം. സര്‍വ്വസമ്പദ്‌ സമൃദ്ധിയോടുകൂടിയ ഒരു പ്രഭു സ്വസ്ഥനായിരിക്കേണ്ടവനാണെങ്കിലും വിനോദമായി ചിലപ്പോഴെല്ലാം ഭൃത്യന്റെയും ജോലിചെയ്യുന്നതായി കാണാറുണ്ടല്ലോ.അപ്പോഴും അദ്ദേഹം ആ പ്രഭു തന്നെയാണ്. അതുപോലെ ഈശ്വരന്‍ ലീലയാ ജീവഭാവമെടുക്കുമ്പോഴും താന്‍ ഈശ്വരനായിത്തന്നെയാണ് നിലകൊള്ളുന്നത് എന്ന വേദാന്തതത്വം ഈ ശ്ലോകത്തില്‍ നമുക്ക് നല്ലതുപോലെ കാണാം.

ബ്രഹ്മസ്വരൂപനായ ജഗദീശ്വരന്‍ ചട്ടമ്പിസ്വാമികളുടെ വേഷമെടുത്ത് വിനോദിച്ചതിനുശേഷം വീണ്ടും സ്വസ്വരൂപത്തിലെത്തിയെന്നു പറയുമ്പോള്‍ സ്വാമിപാദങ്ങള്‍ ഒരവതാരപുരുഷന്‍തന്നെയാണല്ലോ. ബ്രാഹ്മണ്യപ്രാബല്യത്തില്‍ നിഷ്പ്രഭരായി വെറും അടിമകളായി എട്ടും പൊട്ടും തിരിയാതെ കഴിഞ്ഞുകൂടിയ കേരളത്തിലെ അബ്രാഹ്മണരെ ഉദ്ധരിക്കുന്നതിന് അന്ന് ഒരവതാരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നു. അത് നിര്‍വ്വഹിക്കുന്നതിന് ഭഗവാന്‍ ശ്രീ വിദ്യാധിരാജ സ്വാമികളായും ഭഗവദ്വിഭൂതികള്‍ ശ്രീ സ്വാമികളുടെ ശിഷ്യന്മാരായും അവതരിച്ച് ഇവിടെ പ്രവൃത്തിപരവും നിവൃത്തിപരവുമായ ധര്‍മ്മമാര്‍ഗ്ഗങ്ങള്‍ തെളിയിച്ച് സ്വധാമത്തില്‍ വിലയം പ്രാപിച്ചുവെന്നു ഭക്തന്മാര്‍ക്കു വിശ്വസിക്കാവുന്നതാണ്.

അനേകകാലമാര്‍ജ്ജിച്ച പുണ്യസഞ്ചയംകൊണ്ടുമാത്രമേ ശ്രീ വിദ്യാധിരാജ തൃപ്പാദങ്ങളെപ്പോലെയൊരു മഹാപുരുഷനെ ഒരു നാട്ടുകാര്‍ക്കു ലഭിക്കുകയുള്ളു. അദ്ദേഹം നമ്മുടെ പുണ്യപരിപാകത്താല്‍ നമുക്കുവേണ്ട സന്മാര്‍ഗ്ഗങ്ങളെല്ലാം കാണിച്ചുതന്നിട്ട് സച്ചിദാനന്ദരൂപമായ ബ്രഹ്മഭാവത്തില്‍ ഇന്നും വിളങ്ങുകയാണ്. അവിടുന്നു കാണിച്ച ആ മാര്‍ഗ്ഗത്തിലൂടെ നമുക്ക് അദ്ദേഹത്തെ പിന്തുടരാം. അദ്ദേഹത്തെക്കുറിച്ചുള്ള ദിവ്യവും ഭവ്യവും മധുരവുമായ ആ സ്മരണകള്‍ നമ്മുടെ ഹൃദയത്തെ എക്കാലവും കുളിര്‍പ്പിക്കട്ടെ.

കവിതിലകന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധിയെ അനുസ്മരിച്ചു എഴുതിയത്.

‘ചട്ടമ്പി’യെന്നു പുകള്‍പെട്ടോരു ശിഷ്ടമതി-
കഷ്ടം ധരാതലമഹോ
വിട്ടങ്ങുപോയകഥകേട്ടിട്ടു ചിത്തമിഹ
പൊട്ടുന്നു ഭൂവിലെവനും
പിട്ടല്ലിതാ യതിവരിഷ്ഠന്റെ യോഗ്യതക-
ളൊട്ടല്ല പാര്‍ക്കിലവയി-
ന്നൊട്ടുക്കുരപ്പതിനു തുഷ്ട്യാ പുറപ്പെടുകില്‍
വട്ടത്തിലാകുമജനും

പാഴാണിക്ഷിതി വാസമെന്നുകരുതി-
ശ്രീവിഷ്ണുദേവാലയേ
വാഴാനങ്ങു ഗമിച്ചിതാ യതിവരന്‍
ധന്യാഗ്ര്യ, നിന്നായതില്‍
കേഴാനില്ലവകാശമാര്‍ക്കു മധുനാ
യോഗിക്കു ലോകേശ്വരന്‍
താഴാതുള്ളൊരു സൗഖ്യമെന്നു മവിടെ –
ച്ചേര്‍ത്തീടുമാത്താദരം.

c p reading room Panmana

മഹാകവി ഉള്ളൂര്‍ ശ്രീമദ് ചട്ടമ്പി സ്വാമി തിരുവടികളെ അനുസ്മരിച്ചു എഴുതിയത്.

ഹൃദ്യാഭപൂണ്ടിതര ദുര്‍ല്ലഭമാം നിവൃത്തി-
പദ്യാടനം പരിചയിച്ച പരാര്‍ദ്ധ്യഹംസം,
വിദ്യാധിരാജയതി, വിദ്രുത മൂഴിയാമീ-
യുദ്യാനവാപിയെ വെടിഞ്ഞുയരെപ്പറന്നോ!

പോയീ നമുക്കൊരെതിരറ്റ ഗുരുപ്രവേകന്‍;
പോയീ ജഗത്തിനൊരു ജംഗമ രത്നദീപം;
പോയീ മുമുക്ഷു ജനതയ്ക്കൊരു മാര്‍ഗ്ഗദര്‍ശി;
പോയീ കലാലതികകള്‍ക്കൊരുപഘ്നശാഖി

പ്രത്യങ്മുഖര്‍ക്കു പരിചില്‍ പരചില്‍സ്വരൂപം
പ്രത്യക്ഷമാക്കിന വിഭോ! പരിപക്വഹൃത്തേ!
പ്രത്യഗ്രശങ്കര! ഭവാന്റെ ചരിത്രമെന്നും
പ്രത്യക്ഷരം പരമ പാവനമായ്‌ വിളങ്ങും

അങ്ങുന്നകന്നിടുക കൊണ്ടതിമാത്രമൂഴി
മങ്ങുന്നുവെങ്കിലുമതിന്നു തദേകപാഠം
അങ്ങുന്നതസ്ഥിതി, യനാരതമാഴിനീറ്റില്‍
മുങ്ങുന്ന നാള്‍വരെ മുറയ്ക്കുകൊടുക്കുമല്ലോ.