എന്തുവന്നാലും ഈശ്വരനെ വിളിച്ചു കേഴുന്നത് ശരിയോ?
തന്നെ സമ്പൂര്‍ണ്ണം ഈശ്വരനു സമര്‍പ്പിച്ചു എന്നു കരുതിയിരുന്ന ഒരു സംഗീതാദ്ധ്യാപകനുണ്ടായിരുന്നു. ഒരിക്കല്‍ കിണറ്റു കരയില്‍ അദ്ദേഹം കുളിക്കുന്ന സമയം. സോപ്പ് മുഖത്ത് തേയ്ക്കുന്നതിനിടയില്‍ എങ്ങനെയോ കൈ തട്ടി ബക്കറ്റ് കയറോടു കൂടി കിണറ്റില്‍ വീണു.
സംഗീതാദ്ധ്യാപകന്‍ വിഷമത്തിലായി. കണ്ണു തുറക്കാന്‍ വയ്യ. “ഈശ്വരാ എന്നെ രക്ഷിക്കൂ” എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹം കിണറിനു സമീപത്തുള്ള അലക്കുകല്ലിലിരുന്ന് സംഗീതാലാപനം തുടങ്ങി.
കുളിക്കാന്‍ പോയ ഭര്‍ത്താവിനെ കാണാതെ തിരക്കിവന്ന ഭാര്യ കേട്ടത് കിണറ്റിന്‍ കരയിലെ സംഗീത കച്ചേരിയും തന്നെ സഹായിക്കാനെത്താന്‍ വൈകുന്ന ദൈവത്തോടുള്ള പരിദേവനവും. അവര്‍ ഉടന്‍ അളുക്കളയില്‍ പോയി ഒരു കുടം വെള്ളവുമായി വന്ന് അദ്ദേഹത്തിന്റെ തലയിലൂടെ കമഴ്ത്തി…
ഭര്‍ത്താവ് ഞെട്ടിപ്പോയി. ഭാര്യ ചോദിച്ചു, “ഇതിനു വേണ്ടിയാണോ നിങ്ങള്‍ ഇത്രനേരം കാറി പാടിയത്? ബക്കറ്റ് കിണറ്റില്‍ വീണപ്പോള്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ വെള്ളം കൊണ്ടു വരുമായിരുന്നില്ലേ. അതിനുള്ള ബുദ്ധി പോലും ഈശ്വരന്‍ തന്നിട്ടില്ലേ. അലസന്റെ പ്രാര്‍ത്ഥനയും കരച്ചിലും ദൈവം കേള്‍ക്കില്ല.”
സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല. അതുകൊണ്ട് ഈശ്വരന്‍ കനിഞ്ഞേകിയ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുക. എന്നിട്ടും കുറവുകള്‍ ഉണ്ടായാല്‍ അത് ഈശ്വരന്‍ പരിഹരിക്കും.
സദാ സര്‍വ്വത്ര ഈശ്വരചിന്ത ഉണ്ടാകുന്നത് ഉത്തമം തന്നെ. പക്ഷേ അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഈശ്വരനെ വിളിക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. ശരിയായ ഈശ്വരഭക്തന്‍ അദ്ധ്വാനിയുമായിരിക്കും.
കടപ്പാട്: നാം മുന്നോട്ട്