അമൃതാനന്ദമയി അമ്മ

ലോകത്തെ സമൂലം മാറ്റിമറിക്കാന്‍ നമുക്കു കഴിയില്ലായിരിക്കാം. എന്നാല്‍ നമ്മളില്‍ മാറ്റംവരുത്താന്‍ നമുക്കു സാധിക്കും. വ്യക്തിയില്‍ നിന്നാണല്ലോ സമൂഹം ഉണ്ടാകുന്നതും രാഷ്ട്രം ജനിക്കുന്നതും. അതിനാല്‍ വ്യക്തിമനസ്സാണ് ആദ്യം വൃത്തിയാക്കേണ്ടത്. എങ്കില്‍ മാത്രമേ ലോകത്തിന്റെ സ്വഭാവം മാറ്റാന്‍ കഴിയൂ.
മനോഹരമായ ഒരു പൂന്തോട്ടത്തില്‍ കണ്ട ഒരു കാഴ്ചയുണ്ട്. കുട്ടികളെ ഇരുത്തി തള്ളിക്കൊണ്ടു നടക്കുന്ന വണ്ടിയില്‍ ഒരു കുട്ടി ഇരുന്നു കരയുന്നു. അവന്റെ അച്ഛനാണ് വണ്ടി ഉരുട്ടുന്നത്. വണ്ടി മുന്നോട്ടുരുളുന്നതിനൊപ്പം കുട്ടിയുടെ കരച്ചില്‍ കൂടിവരുന്നു. കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: ”മാധവാ, അടങ്ങ്, മാധവാ അടങ്ങ്”. എന്നിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ തോളത്തുണ്ടായിരുന്ന സഞ്ചി തുറന്ന് മനോഹരമായ ഒരു കളിപ്പാട്ടം പുറത്തെടുത്തു. വണ്ടിയിലിരിക്കുന്ന കുട്ടിയുടെ കൈയില്‍ കൊടുത്തു. കുട്ടിയുടെ കരച്ചില്‍ കൂടിയതേയുള്ളൂ. വില കൂടിയ, മധുരിക്കുന്ന ചോക്‌ലേറ്റ് എടുത്ത് കുട്ടിക്കു നല്‍കി. അതു വാങ്ങിയ കുട്ടി വീണ്ടും കരച്ചില്‍ തുടര്‍ന്നു. അച്ഛന്‍ പിന്നെയും പറഞ്ഞു: ”മാധവാ അടങ്ങ്, മാധവാ അടങ്ങ്”. ഓരോ സാധനങ്ങള്‍ കുട്ടിക്കു നല്‍കിയിട്ട് ”മാധവാ അടങ്ങ്, മാധവാ അടങ്ങ്” എന്ന് അച്ഛന്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ട്, ആ പാര്‍ക്കിലിരുന്നവര്‍ അത്ഭുതപ്പെട്ടു. ”എന്തൊരു വാശിക്കാരനാണ് ഈ കുട്ടി” എന്നൊക്കെ അവര്‍ പറഞ്ഞു. കാഴ്ചക്കാരിയായ ഒരു സ്ത്രീ അവരുടെ അടുത്തു ചെന്നു. അവര്‍ അദ്ദേഹത്തോടു പറഞ്ഞു: ”നിങ്ങള്‍ എത്ര ക്ഷമയുള്ള മനുഷ്യനാണ്, ഈ കുട്ടി ഇത്രയും കരഞ്ഞു ബഹളംവെച്ചിട്ടും നിങ്ങള്‍ക്കു ദേഷ്യം വന്നില്ലല്ലോ? എനിക്കാണെങ്കില്‍ ഇത്രയും ക്ഷമിക്കാന്‍ സാധിക്കില്ല.” ഇതും പറഞ്ഞുകൊണ്ട് ആ സ്ത്രീ കുട്ടിയോടു ചോദിച്ചു: ”മോനേ മാധവാ, നീ എന്തിനാണു കരയുന്നത്? നിനക്ക് എന്തുവേണം?

ഇതു കേട്ടപ്പോള്‍ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: ”അവന്റെ പേരല്ല മാധവന്‍. എന്റെ പേരാണ്. അവന്റെ പേര് മുകുന്ദന്‍ എന്നാണ്. ഇതുപോലെയാണു ലോകത്തിന്റെ കാര്യവും. ലോകത്തെ നിയന്ത്രിക്കാന്‍ നമുക്കു കഴിയില്ല. അടങ്ങേണ്ടതു നമ്മളാണ്. ലോകത്തിന്റെ സ്വഭാവം മാറ്റുക വിഷമമാണ്. പക്ഷേ ലോകത്തിലെ മറ്റുള്ളവരുടെ തെറ്റും കുറ്റവും പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ല. അതിനു ശ്രമിച്ചാല്‍ മക്കളുടെ സമാധാനം നശിക്കും. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് ഉച്ചത്തില്‍ പറഞ്ഞുനടന്നാല്‍ എല്ലാവരുടെയും ശത്രുതയുണ്ടാവും. പക്ഷേ നമുക്കു സ്വയം മാറാന്‍ കഴിയും. മറ്റുള്ളവരെ സ്‌നേഹിക്കുക, ചെറിയ സഹായങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം ചെയ്യുക. ഇതെല്ലാം നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. നന്മ നിറഞ്ഞ ഒരു പ്രവൃത്തികൊണ്ട് സമ്മാനമായി ലഭിക്കുന്നത് ഒരു പുഞ്ചിരിയായിരിക്കും. വിഷാദാത്മകമായ ലോകത്ത് ആ പുഞ്ചിരി കൊളുത്തുന്ന പ്രകാശം വലുതാണ്. നമ്മുടെ മാറ്റം കൊണ്ട് ലോകത്തിനു മാറ്റം വരുന്നതായി കാണാന്‍ സാധിക്കുന്നത് അപ്പോഴാണ്. പശുവിനെ സ്‌നേഹിക്കുന്നതു പാലിനു വേണ്ടിയാണ്. കറവ നിന്നു. വീണ്ടും ഗര്‍ഭിണിയാകുന്നില്ല എന്നു കണ്ടാല്‍ പശുവിനെ വില്‍ക്കും. ഇതുപോലെ ലോകത്തിന്റെ സ്‌നേഹം ഒരു വസ്തുവിന്റെ പിന്നിലാണ്. അങ്ങനെയുള്ള ലോകത്തെ ആശ്രയിച്ചുനിന്നാല്‍ നമുക്കു ദുഃഖിക്കാനേ സമയം കാണൂ. എന്താണ് മക്കളുടെ ആഗ്രഹം? മറ്റുള്ളവരെല്ലാം നിങ്ങളെ സ്‌നേഹിക്കണം. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നുണ്ടോ? ഇല്ല എന്നായിരിക്കും ഏറെ ആളുകളും സത്യസന്ധമായി പറയുന്നത്.

നമുക്ക് ചിലരോട് ഇഷ്ടമുണ്ട്. പക്ഷേ അവര്‍ നമ്മളെ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. അതേസമയം നിങ്ങളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരെ പലരേയും നിങ്ങള്‍ക്ക് ഇഷ്ടമല്ല. അപ്പോള്‍ ദുഃഖങ്ങള്‍ക്കു കാരണമെന്താണ്? നമ്മുടെ സ്‌നേഹം ചിലരില്‍ മാത്രം ഒതുങ്ങുന്നതും അവര്‍ നമ്മളെ സ്‌നേഹിക്കണമെന്ന ആഗ്രഹവുമാണ് ജീവിതത്തിലെ മുക്കാല്‍ പങ്ക് ദുഃഖങ്ങളുടെയും കാരണം. ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കി നീങ്ങിയാല്‍ ഈ ദുഃഖം ഒഴിവാക്കാന്‍ കഴിയും. അഗ്‌നിക്ക് പ്രകാശം മാത്രം മതി, ചൂട് പാടില്ല എന്ന് ആഗ്രഹിക്കുന്നതില്‍ അര്‍ഥമില്ല. ഏതെങ്കിലും വ്യക്തിയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന സ്‌നേഹം ജീവിതത്തില്‍ അല്‍പനേരം വെളിച്ചം തന്നെന്നിരിക്കും. എന്നാല്‍ തീര്‍ച്ചയായും അതിന്റെ പൊള്ളലും നമുക്ക് ഏല്‍ക്കേണ്ടി വരും. കാരണം നമ്മുടെ സ്‌നേഹം പവിത്രമല്ല. കടലാസ്‌കപ്പലില്‍ സമുദ്രം കടക്കാന്‍ തുനിയുന്നതു പോലെയാണ് ലോകത്തിന്റെ സ്‌നേഹത്തെ ആശ്രയിച്ച് ദുഃഖം തരണംചെയ്യാന്‍ ശ്രമിക്കുന്നത്.

മക്കള്‍ക്കു സ്വന്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാവണം. മറ്റുള്ളവര്‍ നമുക്കു വേണ്ടി എന്തു ചെയ്യുന്നു, നമ്മളോട് എങ്ങനെയാണു പെരുമാറുന്നത് എന്നു ചിന്തിച്ച് ഉള്ളുരുകരുത്. മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന മനോഭാവത്തെ നമ്മള്‍ വളര്‍ത്തിയെടുക്കണം. അപ്പോള്‍ ജീവിതത്തില്‍ ശാന്തി നേടാന്‍ കഴിയും.

അമ്മ.

കടപ്പാട്: മാതൃഭുമി