ഓം നമോ ഭഗവതേ വാസുദേവായ

ശ്രീമദ്‌ ഭാഗവതം നിത്യപാരായണം

ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളാണ് ഈ ശ്ളോകങ്ങള്‍. ഈ കൃതി ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ശ്രീമദ് ഭാഗവതം നിത്യപാരായണം ഡൗണ്‍ലോഡ്‌ ചെയ്യൂ (PDF, 2.11 MB)

ശ്രീമദ്‌ ഭാഗവതം നിത്യപാരായണത്തിലെ ഓരോ അദ്ധ്യായമായി ദിവസത്തേയ്ക്ക് ശ്രേയസില്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് ദിവസവായനയ്ക്ക് പ്രയോജനം ചെയ്യുമെന്ന് കരുതുന്നു.

അവതാരിക

യോഗി ശുദ്ധാനന്ദഭാരതി

ഇത്‌ ഈശ്വരനെക്കുറിച്ചുളള വെറുമൊരു ഗ്രന്ഥമല്ല. മറിച്ച്‌ ഈശ്വരദര്‍ശനം തന്നെയാണ്‌. ശ്രീമദ്‌ ഭാഗവതം ആത്മീയവീര്യത്തിന്റെ പരകോടിയത്രെ. പന്ത്രണ്ടദ്ധ്യായങ്ങളും ശ്ലോകങ്ങളും കൂടി ഭാഗവതം നമുക്ക് നല്‍കുന്നുത്‌ ഒരു ആത്മീയ വിശ്വവിജ്ഞാനകോശമാണ്‌. ഇതിലെ ശ്ലോകങ്ങളോരോന്നും യോഗാത്മകവും ദര്‍ശനപരവുമായ ഹര്‍ഷോന്‍മാദത്തെ പ്രദാനം ചെയ്യുന്നു. വിശ്വസൃഷ്ടിയുടെ വിവരണത്തില്‍ തുടങ്ങി മാനവകുലത്തിന്റെ ഉത്ഭവവും അതിന്റെ ദിവ്യതയിലേയ്ക്കുളള വികാസപരിണാമവുമെല്ല‍ാം ഇതിലുണ്ട്‌.

ദിവ്യപ്രവചനങ്ങളുടെ ഒരു കലവറ തന്നെയാണ്‌ ഭാഗവതം. ശ്രീരാമനും ശ്രീകൃഷ്ണനും ഭാരതീയ പാരമ്പര്യത്തിന്റെ അവതാരശക്തികളത്രെ. ശ്രീരാമന്‍ ധര്‍മ്മനിഷ്ഠയുടെ വീരനായകനാണെങ്കില്‍ ശ്രീകൃഷ്ണന്‍ യോഗധര്‍മ്മത്തിന്റെ പുരാതനാവതാരമാകുന്നു. ശ്രീകൃഷ്ണനെയാണീ സ്വര്‍ഗ്ഗീയഗാനത്തില്‍ ആരാധിച്ചിരിക്കുന്നുത്‌. ഭാഗവതം മാനവകുലത്തിന്റെ തന്നെ വേദപുസ്തകമത്രെ.


പൂജനീയ വെങ്കിടേശാനന്ദസ്വാമികള്‍ ശിവാനന്ദസ്വാമിയാല്‍ പ്രചരിപ്പിക്കപ്പെട്ട യോഗവേദാന്തത്തിന്റെ സുവിശേഷ പ്രചാരകനാണ്‌. അദ്ദേഹം തന്റെ വ്യാഖ്യാനത്തിലൂടെ അനുവാചകനെ ഗീതാഖനിയിലെ അമൂല്യനിധിളിലേക്ക് നയിച്ചു. ഇപ്പോള്‍ ഇതാ ഭാഗവതവ്യാഖ്യാനത്തിലൂടെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ലീലകളെക്കുറിച്ചൊരു കാവ്യം നല്‍കി നമ്മെ ഉദ്ബോധിപ്പിച്ചിരിക്കുന്നു. ഇതിലെ താളുകളോരോന്നും സംശുദ്ധി, ഏകത, ദൈവീകത എന്നിവയിലേയ്ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു.

മൈത്രേയി മുതല്‍ ശുകന്‍ വരെ ഇത്‌ വിജ്ഞാനഭണ്ഡാകാരത്തെ അളന്ന് മാനവതയുടെ അന്തഃസത്തയായ ദിവ്യതയുടെ സ്ഫുരണങ്ങള്‍ ജ്വലിപ്പിക്കുന്നു. ഈ മഹാനായ സ്വാമിജി ഭാഗതപുരാണം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ലോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയും നല്‍കിയിരിക്കുന്നു. ഈശ്വരബോധമുളള മഹാത്മാക്കളുടെ വാക്കുകള്‍ ആത്മബോധമുളള സ്വാമിജിയുടെ വിവരണങ്ങളിലൂടെ മനുഷ്യമനസ്സിന്‌ ശാന്തിയും ആനന്ദവും പ്രദാനം ചെയ്യുന്നു. മാനസിക ക്ഷോഭങ്ങളാലും ആസക്തികളാലും കലുഷമായി കഷ്ടപ്പെടുന്ന മനുഷ്യഹൃദയത്തിന്‌ ആശ്വാസം നല്‍കുന്നു.

ഭഗവാന്‍ വിഷ്ണുവിന്റെ സമ്പൂര്‍ണ്ണാവതാരമായി ശ്രീകൃഷ്ണനെ ആരാധിച്ചു വരുന്നു. അദ്ദേഹത്തിന്റെ നിഗൂഢലീലകള്‍ അഹങ്കാരോന്‍മുഖമായ ആസുരികശക്തികളെ നശിപ്പിച്ച്‌ വേദനനിറഞ്ഞ മനുഷ്യ ഹൃദയത്തിന് മോചനമേകുന്നു. ദൈവീകത എന്ന പരമലക്ഷ്യത്തിലേക്കുളള പാതയില്‍ ദുഷ്ടതയുടെ ശക്തികളെ വേരോടെ പിഴുതെറിഞ്ഞ് ദിവ്യധര്‍മ്മം പുനഃസ്ഥാപിച്ച്‌ ആത്മാവിന് സദ്ഗതി നല്‍കുന്നുത്‌ അവിടുത്തെ ദിവ്യകൃപയൊന്നുമാത്രമാണ്‌. പത്താമദ്ധ്യായത്തില്‍ വിവരിച്ചിട്ടുളള ശ്രീകൃഷ്ണാവതാരകഥകളും ലീലകളും വായിച്ചാല്‍ മറ്റ്‌ അവതാരങ്ങള്‍ ശ്രീകൃഷ്ണാവതാരത്തിനുളള ആമുഖങ്ങളായേ തോന്നുകയുളളു. അത്രമാത്രം ആകര്‍ഷകമാണ്‌ ദശമസ്കന്ദം. മഹത്തായ ഭാഗവതത്തിന്റെ സാരസത്ത, ആകര്‍ഷണീയത നിറഞ്ഞ വ്യാഖ്യാനത്തിലൂടെ നല്ല ഒഴുക്കുളള തര്‍ജ്ജമയിലൂടെ ശ്ലോകങ്ങളും രത്നങ്ങളുടെ തിളക്കമേതും നഷ്ടംവരാതെ സ്വാമികള്‍ വിവരിച്ചു തന്നിരിക്കുന്നു.

സെപ്തംബര്‍ മാസത്തിലേയ്ക്കായി വച്ചിട്ടുളള വരികള്‍ ശ്രീകൃഷ്ണരാസലീലയുടെ പ്രാധാന്യം വിശദമാക്കുന്നു. ഗോപികാഗീതം പോലെ കൃഷ്ണ ഭക്തന്റെ മനസ്സുരുക്കുന്നുതായി മറ്റൊന്നുമില്ല. കൃഷ്ണാവബോധത്തിന്റെ തീവ്രാഹ്ലാദവും ഹര്‍ഷോന്‍മാദവും ഇതില്‍ പ്രകടമത്രെ. ഗോപികമാര്‍ അവരുടെ ലൈംഗീകതയെല്ല‍ാം മറന്ന് ആത്മാവില്‍ ദിവ്യതയുമായി സംയോജിക്കുന്നു. ചേതോഹരമായ രാസലീലയില്‍ മധുരോന്‍മത്തരായ അവര്‍ സ്വന്തം വ്യക്തിത്വം മറക്കുന്നു. ഈ കന്യകമാര്‍ കൃഷ്ണനെ ഗ്രഹിച്ചറിഞ്ഞ് സകല ചരാചരങ്ങളുടേയും പ്രണയിതാവായ കൃഷ്ണപ്രേമത്തില്‍ ജീവിച്ചു. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ നാദം അവരുടെ ആത്മാവില്‍ അനുരണനങ്ങളുണ്ടാക്കി. ഹൃദയത്തില്‍ ത്രസനമുണ്ടാക്കി. അവരുടെ ഉളളുണര്‍ത്തി. തീര്‍ച്ചയായും ഭാഗവതപഠനവും ഇതെല്ല‍ാം നമ്മളിലുമുളവാക്കും. നിശ്ചയം.

ശ്രീമദ്ഭാഗവതത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികള്‍ വിശദീകരിച്ചു സമാഹരിച്ച വെങ്കിടേശാനന്ദസ്വാമികള്‍ വളരെ സാരഗര്‍ഭമായ ഒരു സേവനമാണനുഷ്ഠിച്ചിട്ടുളളത്‌. അജയ്യനായ ഈ മഹാത്മാവിന്റെ ജീവിതം ഒരു സമര്‍പ്പണവും വാക്കുകള്‍ ആത്മീയോക്തികളും കര്‍മ്മം ധ്യാനത്തില്‍ നിന്നുളവാകുന്ന സ്ഫുരണങ്ങളുടെ പ്രകടനവുമത്രെ. അദ്ദേഹത്തെക്കുറിച്ചു പറയാന്‍ എനിക്ക്‌ ആരാധനയുടെ വാക്കുകളേയുളളു. ഈ ഗ്രന്ഥം എല്ലാവര്‍ക്കും വേണ്ടിയുളളതാണ്‌. വായിക്കൂ. മനസ്സിലാക്കൂ. ചിന്തിക്കൂ. ജീവിക്കൂ. പ്രേമിക്കൂ. നല്‍കൂ. സേവിക്കൂ. ധ്യാനിക്കൂ. സാക്ഷാത്കരിക്കൂ.

ഓം ശിവം ഓം ജയം
യോഗി ശുദ്ധാനന്ദഭാരതി
യോഗസമാജം
മദിരാശി

ശ്രീമദ്‌ ഭാഗവതം ആമുഖം

ഭാഗവതം എന്നാല്‍ ഭഗവാനെക്കുറിച്ചുളള ഗ്രന്ഥം. പുരാതന സാഹിത്യങ്ങളും വച്ച്‌ ഭാഗവതം അത്യുന്നതമാണെന്ന് ഭാരതത്തിലെ സംസ്കൃത പണ്ഡിതന്‍മാര്‍ പോലും കണക്കാക്കി വരുന്നു. അതിലെ സന്ദേശം ശ്രേഷ്ഠമത്രെ. ഭാഗവതത്തിനെ അതിനര്‍ഹിക്കുന്ന ബഹുമാനത്തോടെ പഠിക്കുന്നുവര്‍ക്ക്‌ അതില്‍ ശാസ്ത്രീയവും അതീന്ദ്രിയവും തത്വശാസ്ത്രപരവുമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും കൂടാതെ സാമൂഹികവും രാഷ്ട്രീയവുമായ വിവരങ്ങളും ലഭിക്കുന്നു. വ്യാജവും കപടവുമായ ഭക്തിയോടെ ഭാഗവതത്തെ പൂജിച്ചതുകൊണ്ടുമാത്രം അതിലെ എടുത്താലൊതുങ്ങാത്ത വിജ്ഞാനത്തിന്റെ ഖനി ലഭ്യമാവുന്നതല്ല. ജ്യോതിശാസ്ത്രപരമായ സംഭവങ്ങള്‍ വളരെ വിശദമായിത്തന്നെ ഭാഗവതത്തില്‍ വിവരിച്ചിട്ടുണ്ട്‌. ആണവായുധങ്ങളടക്കം വളരെ ആധുനീകമായ തരത്തിലുളള ആയുധങ്ങളെയും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ചിലപ്പോഴൊക്കെ ജനിതകശാസ്ത്രത്തിന്റെ അത്ഭുതങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നുതു കാണുമ്പോള്‍ ആധുനീക ശാസ്ത്രീയ നോവലുകളേക്കാള്‍ അവ വളരെ മുന്നിലാണെന്ന് കാണ‍ാം. ബഹിരാകാശയാത്രയും ഭാഗവതത്തില്‍ ഉണ്ട്‌. കൃഷ്ണനെപ്പറ്റിയുളള കഥയാണ്‌ ഇതിലെ മുഖ്യവിഷയം. കൃഷ്ണന്റെ ജീവിതവും ക്രിസ്തുവിന്റെ ജീവിതവും തമ്മിലുളള സാദൃശ്യം ആകസ്മികമെന്ന് പറയാവുന്നത്ര ചെറുതല്ല. സാഹിത്യചോരണമാണെന്നും കരുതുക വയ്യ. ഇരുപത‍ാം നൂറ്റാണ്ടിലേയും ഇരുപത്തൊന്ന‍ാം നൂറ്റാണ്ടിലേയും നാഗരീകതകളെപ്പറ്റി പ്രവാചകസ്വഭാവത്തിലെഴുതിയ പ്രവചനങ്ങളും ഭാഗവതത്തില്‍ കാണ‍ാം.

ഭാഗവതം അതില്‍ പ്രതിപാദിച്ച വിഷയങ്ങളുടെയെല്ല‍ാം ആധികാരികമായ പുസ്തകമത്രെ. ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള പാഠങ്ങളും പല ഗുരുക്കന്‍മാരുടെ നിര്‍ദ്ദേശങ്ങളും സത്യസന്ധമായി എഴുതി വയ്ക്കുക എന്നതു മാത്രമേ ഈ ഗ്രന്ഥകര്‍ത്താവ്‌ ചെയ്തിട്ടുളളൂ. അതില്‍ എഴുതിയതെല്ല‍ാം സത്യമെന്ന് കരുതി ആ പാഠങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നുതാണ്‌ ധാര്‍മ്മികമായ ജീവിതം. ധര്‍മ്മനിഷ്ഠ, ഉചിതമായ പെരുമാറ്റ ചട്ടങ്ങള്‍ എന്നിവയെ മൈത്രേയനും നാരദമുനിയും വിവരിച്ചിട്ടുണ്ട്‌. കപിലന്‍ ജഡഭരതന്‍ തുടങ്ങിയ മഹാത്മാക്കള്‍ സ‍ാംഖ്യവും യോഗവും പഠിപ്പിച്ചു. സൃഷ്ടിയെക്കുറിച്ചുളള രഹസ്യങ്ങള്‍ സൃഷ്ടാവ് സ്വയവും ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഭഗവല്‍ഭക്തിയെക്കുറിച്ചുളള ആവേശപൂര്‍ണ്ണമായ കഥകള്‍ ഭക്ത്തോത്തമരായ അംബരീക്ഷന്‍, സുദാമാവ്‌ (കുചേലന്‍), ധ്രുവന്‍, പ്രഹ്ലാദന്‍, ഗജേന്ദ്രന്‍ എന്നിവരിലൂടെ ന‍ാം മനസ്സിലാക്കുന്നു. ഭഗവാന്‍ കൃഷ്ണന്റെ ജീവചരിത്രത്തിനു മാത്രമായി വലിയൊരു ഭാഗം തന്നെയുണ്ട്‌. അത്‌ ഗ്രന്ഥത്തിന്റെ കിരീടചൂഡാമണിയായി വിരാജിക്കുന്നു.

ഭഗവദ്‌ ഭക്തിയാണ്‌ ഭാഗവതത്തിന്റെ മുഖ്യോദ്ദേശം. എന്നാല്‍ ഇത്‌ അന്ധമായ ഭക്തിയല്ല. വാസ്തവത്തില്‍ മഹല്‍ഭക്തന്‍മാരുടെ അഭിപ്രായത്തില്‍ വളരെ വ്യക്തമായ ജ്ഞാനത്തോട്‌ കൂടിയല്ലാതെ ഒരുവന്‌ ഹൃദയം തുറന്ന് സ്നേഹിക്കുക സാദ്ധ്യമല്ല. അതിനാലാണ്‌ ഭഗവല്‍പ്രേമമുണ്ടാകുവാന്‍ ആദ്യമായി ജ്ഞാനമുണ്ടാകണം എന്നവര്‍ പ്രഖ്യാപിച്ചിട്ടുളളത്‌. അതിനാല്‍ ഭഗവാന്റെ സ്വഭാവത്തെപ്പറ്റി ഇതില്‍ വളരെ വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്‌.

ഭഗവാനെപ്പറ്റിയുളള ശുദ്ധസൈദ്ധാന്തികമായ വിവരം കൊണ്ടു പ്രയോജനമില്ല. അതുപോലെ ഈശ്വര പ്രേമം വെറും പ്രേമമോ വികാരദൗര്‍ബല്യമോ അല്ല. സൃഷ്ടിയെപ്പറ്റിയുളള സത്യത്തെ മുഖാമുഖം ദര്‍ശിക്കുന്നവരുടെ ഹൃദയത്തില്‍ അയത്നലളിതമായി വളരുന്ന പ്രേമമാണ്‌ ഭക്തി. എത്ര വിശദമായിട്ടാണ്‌ ഇതില്‍ സൃഷ്ടിയെപ്പറ്റി വിവരിച്ചിട്ടുളളത്‌? എത്ര വിശാലമാണീ വിശ്വം. അതില്‍ തുലോം ശുഷ്ക്കമാണ്‌ ഭൂമി. സമയം എത്ര അളവറ്റതാണ്‌? അതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര ക്ഷണികമാണ്‌ ഒരുവന്റെ ജീവിതകാലം. പ്രതാപികളായ ദേവന്‍മാരെക്കുറിച്ചും അത്രതന്നെ പ്രതാപശാലികളായ അസുരന്‍മാരെക്കുറിച്ചും നമുക്കിതില്‍ വായിക്ക‍ാം. അവര്‍ ഭൂമി മാത്രമല്ല മറ്റ്‌ ഗ്രഹങ്ങളിലും അവരുടെ സ്വാധീനം ചെലുത്തിയിരുന്നു. അവര്‍ അമരത്വം ആഗ്രഹിച്ച്‌ അതിനായി ശ്രമിച്ചു വിജയിച്ച്‌ ദീര്‍ഘകാലം ജീവിച്ചിരുന്നു. മനുഷ്യജീവിതം നൂറുകൊല്ലമുണ്ടെങ്കില്‍ പോലും ആ പ്രതാപികളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വെറുമൊരു നിമിഷം പോലെ തോന്നുന്നു. വാസ്തവത്തില്‍ മനുഷ്യജീവിതത്തിനു നല്‍കിയിട്ടുളള ആദരവിന്‌ അര്‍ഹതയുണ്ടോ എന്ന സംശയം തോന്നുന്നു. ഈ സന്ദേശം ഹൃദയത്തിലെത്തുമ്പോള്‍ അഹങ്കാരപരമായ ജിവിതത്തിന്‌ അര്‍ത്ഥമില്ലാതാകുന്നു. അങ്ങിനെയുണ്ടാകുന്ന ശൂന്യതയില്‍ ഭഗവല്‍​‍ഭക്തി നിറയുന്നു.

ഈശ്വരപ്രേമമെന്നാല്‍ ജീവിതത്തോടും ലോകത്തോടും വെറുപ്പുളവായി ലോകത്തുനിന്നും ഒളിക്കുക എന്നതാണെങ്കില്‍ ഈ ശാസ്ത്രപഠനം കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. പ്രാകൃതമായ സ്വഭാവവൈകൃതം മാത്രമേ അവശേഷിക്കൂ. കാരണം ഈശ്വരന്‍ തന്നെയാണെല്ല‍ാം. സര്‍വ്വം ബ്രഹ്മമയം എന്നത്‌ തത്വശാസ്ത്രപരമായല്ല ഉണ്മയിലും അങ്ങിനെയത്രെ. ഈശ്വരന്‍ എല്ലാറ്റിലും സ്ഥിതിചെയ്യുകയല്ല ഈശ്വരന്‍ വിശ്വത്തിലെ എല്ലാമായി പ്രത്യക്ഷമാവുകയുമല്ല. ഈശ്വരന്‍ മാത്രമേയുളളു. ഈശ്വരന്‍, ഭഗവാന്‍ എന്നെല്ല‍ാം ന‍ാം പറയുന്നതുകൊണ്ട്‌ വേദശാസ്ത്രങ്ങള്‍ പ്രഖ്യാപിക്കുന്നുത്‌ ആദിയില്‍ ആ ഭഗവാന്‍ കാരണമാണ്‌ സൃഷ്ടികള്‍ മുഴുവനും സാധുതയുളള ഉണ്മയായി വിളങ്ങുന്നത്‌ എന്നാണ്‌.

അഹങ്കാരപരമായ വ്യക്തിത്വം ഇല്ലാതാവുമ്പോള്‍ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുന്നു. ഈ കീഴടങ്ങല്‍പ്രേമംകൊണ്ടോ ഭയംകൊണ്ടോ വെറുപ്പുകൊണ്ടോ വിജ്ഞാനംകൊണ്ടോ ആക‍ാം. അദ്ദേഹം മാത്രമേയുളളു. അഹങ്കാരവും അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ഭാഗമത്രെ. വാസ്തവത്തില്‍ അത്‌ ഉണ്മയായ ഒരു വസ്തുവത്രെ. എന്നാല്‍ അത്‌ അതിരുകടക്കുമ്പോള്‍ മതിഭ്രമമുണ്ടാകുന്നു. വയറ്റില്‍ ആഹാരവും ശ്വാസകോശത്തില്‍ വായുവും പോകുന്നുത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ എന്തുണ്ടാകുമെന്ന് നമുക്കറിയ‍ാം.

അതിനാല്‍ സകലതും ഈശ്വരനായിരിക്കുകയും എല്ലാവിധ മാനസീക സംഘട്ടനങ്ങളും ഉണ്ടാവുന്നത്‌ അഹങ്കാരപരമായ ചിന്താക്കുഴപ്പങ്ങള്‍ കൊണ്ടായിരിക്കുകയും കൊണ്ട്‌ ദേവന്‍മാരും മനുഷ്യരും ഉപമനുഷ്യരും തന്നില്‍ വാസ്തവത്തില്‍ വ്യത്യാസമൊന്നുമില്ല. എല്ലാവര്‍ക്കും ചിന്താക്കുഴപ്പത്തിലാണ്ടുവീഴാനുളള സാദ്ധ്യതയും അതുപോലെതന്നെ മോക്ഷത്തിനുളള അവസരവും ഒരുപോലെയാണ്‌. ഭഗവദ്‌പാര്‍ഷദന്‍മാര്‍ പോലും പതനത്തിനു വിധേയരാവുമ്പോള്‍ മൃഗമായ ഗജേന്ദ്രനും രാക്ഷസകുലത്തില്‍പ്പെട്ട സ്ത്രീപുരുഷന്‍മാര്‍ക്കും ക്ഷണനേരംകൊണ്ട്‌ മോക്ഷം ലഭിച്ചതായി ശ്രീകൃഷ്ണകഥയില്‍ കാണ‍ാം. സൃഷ്ടികളെ തന്നില്‍ തരംതിരിച്ചിരിക്കുന്നുത്‌ ത്രിഗുണസ്വഭാവമനുസരിച്ചാണെങ്കിലും യഥാര്‍ത്ഥ്യത്തിലുളള ഉണ്മയുടെ അടിസ്ഥാനത്തില്‍ അവ തന്നില്‍ വൈരുദ്ധ്യമേതുമില്ല.

വിശ്വത്തിന്റെ രൂപപരിണാമം ഒരുവന്‍ മനസ്സിലാക്കേണ്ടതുണ്ട്‌. ദ്രവ്യപ്രപഞ്ചത്തിന്റെ വികാസം നിയതമായ സംഭവങ്ങളുടെ തുടര്‍ച്ചയായി വിശദീകരിക്കാവുന്നതാണ്‌. ഭഗവാനായ ആ ഒന്നില്‍ സ്വയം സത്വം (ബോധം), രജസ്‌ (ശക്തി), തമസ്‌ (ദ്രവ്യത) എന്നിവ അന്തര്‍ലീനമായിരുന്നു. കാലമെന്ന പ്രേരകശക്തി ഉപയോഗിച്ച്‌ ഇവയിലെ സമതുലിതാവസ്ഥക്ക്‌ ഭംഗം വരുത്താന്‍ ഭഗവാന്‍ തീരുമാനിച്ചു. ഈ മൂന്നും കൂടിക്കലര്‍ന്ന് ആദ്യത്തെ പ്രപഞ്ചധാതുതത്വം ഉണ്ടായി അല്ലെങ്കില്‍ ഉണ്ടാക്കി. ഈ സമതുലിതഭഞ്ജനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു പക്ഷേ ഇപ്പോഴും തുടരുന്നു. അങ്ങിനെ തുടര്‍ച്ചയായി ധാതുക്കള്‍ മറ്റുളളവയോടു ചേര്‍ന്ന് കുരേക്കൂടി സങ്കീര്‍ണ്ണങ്ങളായ ധാതുക്കളും തത്വങ്ങളും ഉളവായി.

സൃഷ്ടിക്കപ്പെട്ട വിശ്വത്തിലെ എല്ലാറ്റിലും ഈ ത്രിഗുണങ്ങളുടെ സ്വഭാവങ്ങള്‍ ഉണ്ട്‌. ദേവന്‍മാരും മനുഷ്യരും അസുരന്‍മാരുമെല്ല‍ാം ഇതില്‍പ്പെടുഢ. അവരുടെ ഉഢതിയിലും താഴ്ചയിലും കാലം സര്‍വശക്തനായി വര്‍ത്തിക്കുന്നു. ഈശ്വരന്‍ മാത്രമേ എല്ലാറ്റിലും ഉണ്മയായിട്ടുളളു. ഈശ്വരന്‍ കാലമാണ്‌. ദുഷ്ടതയുടെ ഉയര്‍ച്ച കാണുന്നത്‌ ചില കാലഘട്ടത്തില്‍ മാത്രമാണ്‌. കാലത്താല്‍ നിയന്ത്രിക്കപ്പെട്ട്‌ വിരോധാഭാസമെന്ന് തോന്നുമെങ്കിലും സംരക്ഷിക്കപ്പെട്ട്‌ കാലത്തിന്റെ നിശ്ചയങ്ങളനുസരിച്ചാണവയുടെഗതിവിഗതികള്‍. ചിലസമയം ദുഷ്ടതയും അധര്‍മ്മവും ഉയര്‍ച്ചയിലായിരിക്കും. അപ്പോള്‍ ഭഗവാന്‍ സ്വയം ദേവതകളോട്‌ കാലം അവര്‍ക്കനുകൂലമാവുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കും. ഇത്‌ കാണുന്നവന്‍ യാതൊരു തിന്‍മയും അതില്‍ കാണുകയില്ല.

ഇഹലോകവാസമെന്ന നിഴല്‍നാടകം അതിന്റെ എല്ലാവിധ വൃത്തികേടുകളും സംഘട്ടനങ്ങളുമടക്കം നയിക്കുന്നുവരെ അതില്‍നിന്നു പിന്തിരിപ്പിച്ച്‌ അനശ്വരമായ ഈശ്വരതയിലേക്ക്‌ നയിക്കുകയാണ്‌ ഭാഗവതത്തിന്റെ ഉദ്ദേശം. അതിനാല്‍ ചരിത്രപരമായി ഇതിലെ സംഘട്ടനങ്ങള്‍ പുരാതന ചരിത്രത്തെ കുറിക്കുന്നുവതന്നെയാണെങ്കില്‍പ്പോലും അതില്‍ പ്രതിപാദിച്ച വ്യക്തികള്‍ ജീവിച്ചിരുഢവരാണെങ്കിലും ഈ ഗ്രന്ഥത്തില്‍ അവരുടെ കൃത്യമായ വ്യക്തിത്വം മൂടിവച്ചിട്ടുളളതായി കാണ‍ാം. കാരണം ആ ചരിത്രപുരുഷന്‍മാരുടെ പാരമ്പര്യത്തിലുളളവര്‍ ഇപ്പോള്‍ അതോര്‍മ്മിച്ച്‌ ശത്രുത ഉണ്ടാക്കാതിരിക്കണമല്ലോ. സന്ദേശമാണ്‌ പ്രധാനം. അവരുടെ പേരുകളോ രാഷ്ട്രീയവ്യക്തിത്വമോ അല്ല തന്നെ.

ഭാഗവതം ഇതാദ്യമായിട്ടാണ്‌ നിത്യപാരായണരൂപത്തില്‍ അവതരിപ്പിച്ചിട്ടുളളത്‌. ദിവസവും ഏതാനും നിമിഷങ്ങള്‍ ഭാഗവതം വായിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുവാനാണ്‌ ഇങ്ങിനെ ചെയ്തിട്ടുളളത്‌. ദിവസേനയുളള വായനക്കുശേഷം ധ്യാനത്തിലിരുന്ന് ഭഗവാനുമായി സംവദിച്ച്‌ ഹൃദയത്തില്‍ സത്യദര്‍ശനം അവര്‍ക്ക്‌ സാദ്ധ്യമാകട്ടെ എന്നാണെന്റെ വിനീതമായ പ്രാര്‍ത്ഥന. ഈ ഗ്രന്ഥം അവിടത്തെ മഹിമയുടെ കഥയാണ്‌. ഇത്‌ ഭക്തഹൃദയത്തില്‍ നിറഞ്ഞുവിളങ്ങുന്ന ആ ഭഗവാന്റെ പാദങ്ങളും വിനയപൂര്‍വ്വം സമര്‍പ്പിച്ചു കൊളളുന്നു.

– വെങ്കിടേശാനന്ദ

ഭാഗവതം വായിക്കേണ്ട വിധം.

അതിരാവിലെ കുളി കഴിഞ്ഞ് ഭഗവാനെ പൂജിച്ച്‌ പൂക്കള്‍ കൊണ്ട്‌ ഭാഗവതത്തെ അര്‍ച്ചന ചെയ്യുക. എന്നിട്ട്‌ ഓം നമോ ഭഗവതേ വാസുദേവായ എന്ന പവിത്രമന്ത്രമോ ഓം ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ സ്വാഹ എന്ന മന്ത്രമോ നൂറ്റിയെട്ടു തവണ ഉരുവിടണം. എന്നിട്ട്‌ ഈ മന്ത്രം ചൊല്ലുക.

ഓം അസ്യ ശ്രീമദ്‌ ഭാഗവതാഖ്യ സ്തോത്ര മന്ത്രസ്യ നാരദ ഋഷിഃ
ബൃഹതീ ഛന്ദഃ ശ്രീകൃഷ്ണ പരമാത്മ ദേവതാ
ബ്രഹ്മബീജം ഭക്തിഃ ശക്തിഃ ജ്ഞാന വൈരാഗ്യകീലകം
മമ ശ്രീമദ്‌ ഭഗവത്‌ പ്രസാദ സിദ്ധ്യര്‍ത്ഥം പാഥേ വിനിയോഗഃ

ഓരോ അവയവങ്ങളും കൈ തൊട്ടു കൊണ്ട്‌ ഇങ്ങിനെ ചൊല്ലുകഃ

ഓം ക്ല‍ാം ഹൃദയായ നമഃ – ഹൃദയം
ഓം ക്ലിം ശിരസേ സ്വാഹഃ – ശിരസ്സ്‌
ഓം ക്ലും ശിഖയേ വശത്‌ – ശിഖ
ഓം ക്ലൈം കവചായ ഹും – ഭുജങ്ങള്‍ മറ്റേ കയ്യുകൊണ്ട്‌
ഓം ക്ലൗം നേത്രത്രയായ വൗശത്‌ – കണ്ണുകള്‍ മോതിരവിരലുകൊണ്ടും ചൂണ്ടുവിരലുകൊണ്ടും നെറ്റിമദ്ധ്യം നടുവിരല്‍കൊണ്ടും തൊടുക
ഓം ക്ലാഃ അസ്ത്രായ ഫട്ട് – മൂന്നു തവണ കൈയടിക്കുക
ഓം ക്ല‍ാം അംഗുഷ്ടാഭ്യ‍ാം നമഃ – ചൂണ്ടുവിലരുകള്‍ തളള വിരലുകളും തൊടുക
ഓം ക്ലിം തര്‍ജനീഭ്യ‍ാം നമഃ – തളളവിരലു കൊണ്ട്‌ ചൂണ്ടുവിരല്‍ തൊടുക
ഓം ക്ലും മദ്ധ്യമാഭ്യ‍ാം നമഃ – നടുവിരല്‍ തൊടുക
ഓം ക്ലൈം അനാമികാഭ്യ‍ാം നമഃ – മോതിരവിരല്‍ തൊടുക
ഓം ക്ലൗം കനിഷ്തി കാഭ്യ‍ാം നമഃ – ചെറുവിരല്‍ തൊടുക
ഓം ക്ലാഃ കരതല കരപ്രഷ്ടാഭ്യ‍ാം നമഃ – കൈതലങ്ങള്‍ കൈപ്പുറങ്ങളിലുരസുക.

ധ്യാനം

കസ്തൂരീ തിലകം ലലാട പതലേ വക്ഷസ്ഥലേ കൗസ്തുഭം
നാസാഗ്രേ വര മൗക്തികം കരതലേ വേണും കരേ കങ്കണം
സര്‍വ്വ‍ാംഗേ ഹരി ചന്ദനം സുലലിതം കണ്ഠേ ച മുക്താവലീ
ഗോപസ്ത്രീ പരിവേഷ്ടിതോ വിജയതേ ഗോപാല ചൂഡാമണിഃ
അസ്തി സ്വസ്തരുണീ കരാഗ്രവിഗലത്‌ കല്‍പ പ്രസൂനാപ്ലുതം
വസ്തു പ്രസ്തുത വേണുനാദ ലഹരീ നിര്‍വ്വാണ നിര്‍വ്യാകുലം
സ്രസ്ത സ്രസ്ത നിബദ്ധനീവി വിലസദ്‌ ഗോപീ സഹസ്രാവൃതം
ഹസ്ത ന്യസ്ത നതാപവര്‍ഗം അഖിലോദാരം കിശോരാകൃതി.

എന്നിട്ട്‌ അതാതു ദിവസത്തെ ഭാഗവത ഭാഗം വായിക്കുക.

ഓം തത്‌ സത്
ഓം ശ്രീ സത്ഗുരുഭ്യോ നമഃ
ഓം നമോ ഭഗവതേ വാസുദേവായ.

പ്രാര്‍ത്ഥന


ജന്‍മാദ്യസ്യ യതോന്വയാദി തരതശ്‌ ചാര്‍ത്ഥേഷ്വ ഭിജ്ഞഃ സ്വരാട്‌
തേനേ ബ്രഹ്മ ഹൃദായ ആദികവയേ മുഹ്യന്തി യത്‌ സൂരയഃ
തേജോ വാരിമൃദ‍ാം യഥാ വിനിമയോ യത്ര ത്രിസര്‍ഗ്ഗോമൃഷാ
ധ‍ാംനാ സ്വേന സദാ നിരസ്ത കുഹകം സത്യം പരം ധീമഹി (1)

ധര്‍മ്മ പ്രോഝിതകൈതവോത്ര പരമോ നിര്‍മ്മത്സരാണ‍ാം സത‍ാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്‍മൂലനം
ശ്രീമദ്‌ ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വരഃ
സദ്യോ ഹൃദ്യവരുദ്ധ്യതേത്ര കൃതിഭിഃ ശുശ്രൂഷുഭിസ്‌ തത്‌ ക്ഷണാത്‌ (2)

യം പ്രവ്രജന്തമനുപേത മപേതകൃത്യം ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി തന്‍മയതയാ തരവോഭിനേദുസ്തം സര്‍വ്വഭൂതഹൃദയം മുനിമാനതോതസ്മി (3)

നാരായണം നമസകൃത്യ നരഞ്ചൈവ നരോത്തമം
ദേവീം സരസ്വതീം വ്യാസം തതോ ജയമുദീരയേത്‌ (4)

ഏതൊരതീന്ദ്രിയമായ ഉണ്മയില്‍നിന്നാണോ വിശ്വമുണ്ടായി നിലകൊണ്ട്‌ ഒടുവിലുള്‍വലിയുന്നത്‌ അതിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. എല്ലാ നിലനില്‍ക്കുന്ന വസ്തുക്കളിലും സത്തയായിരിക്കുകയും ആ സത്തയില്‍ നിന്ന്‌ വ്യതിരിക്തമായി നില്‍ക്കുകയും ചെയ്യുന്നു അത്‌. സ്വയംപ്രഭവും ആത്മബോധസ്വരൂപവും ബ്രഹ്മാവിന്‌ സങ്കല്‍പ്പമാത്രേണ വേദമോതിക്കൊടുത്തതുമായ ആ പരംപൊരുളിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. മഹര്‍ഷികള്‍ക്കുപോലും അത്ഭുതമൊടുങ്ങാത്തതും സൃഷ്ടിമുഴുവന്‍ ഉണ്മയെന്നു തോന്നിപ്പിക്കുന്ന പ്രഭാവമുളളതുമായ ആ ഭഗവാന്റെ പ്രഭകൊണ്ട്‌ മായാമോഹമില്ലാതാവുന്നു. അങ്ങിനെയുളള ഭഗവാനെ ഞങ്ങള്‍ ധ്യാനിക്കുന്നു.

വ്യാസവിരചിതമായ ഈ മഹത്തരമായ ഭാഗവതം ആഗ്രഹസംബന്ധിയായ കളളത്തരങ്ങളുടെ നിഴലേല്‍ക്കാത്ത പരമധര്‍മ്മത്തെപ്പറ്റി പഠിപ്പിക്കുന്നു. കളങ്കമേശാത്ത മഹാത്മാക്കള്‍ക്ക്‌ മാത്രം പ്രാപ്യമായ പരമസത്യത്തെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ശാരീരികമോ മാനസീകമോ ആത്മീയമോ ആയ ത്രിവിധ ദുഃഖങ്ങളുടെയും സ്വയംകൃതമോ പ്രകൃതിമൂലമോ മറ്റു ജീവികള്‍ മൂലമോ ഉണ്ടാകുന്നു വേദനകളുടെയും വേരറുത്ത്‌ പരമാനന്ദത്തെ പ്രദാനം ചെയ്യാന്‍ കഴിവുളളതത്രെ ആ ഉണ്മ. ഈ ഗ്രന്ഥത്തെ മനസ്സിലാക്കാന്‍
ഉള്‍ക്കടമായ ആഗ്രഹമുളളവര്‍ക്ക്‌ ഭഗവാനെ സാക്ഷാത്കരിക്കാന്‍ കഴിയും.

ശുകമുനി തന്നെ വിട്ടുപോയപ്പോള്‍ അഛനായ വ്യാസന്‍ സ്നേഹത്തോടെ മകനേ എന്ന വിളിച്ചു പിറകേ ചെന്നു. സകലതിന്റെയും ഏകത്വം ശുകമുനി സാക്ഷാത്കരിച്ചിരുന്നതുകൊണ്ട്‌ വ്യാസന്റെ വിളികേട്ട് പ്രതികരിച്ചത് വൃക്ഷങ്ങളായിരുന്നു. വിശ്വബോധത്തിനുടമയായ ശുകമുനിയെ ഞാന്‍ നമസ്ക്കരിക്കുന്നു.

നരനാരായണന്‍മാരെ നമസ്ക്കരിച്ച്‌ സരസ്വതിയേയും വ്യാസനേയും നമസ്ക്കരിച്ചതിനു ശേഷമാണ്‌ ഒരുവന്‍ ഭാഗവതം വായിക്കേണ്ടത്‌.