അമൃതാനന്ദമയി അമ്മ

മക്കളേ,

നൂറ്റാണ്ടുകളായി കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യമാണ് ‘പറയി പെറ്റ പന്തിരുകുലം’. നാറാണത്തുഭ്രാന്തനാണ് അവരില്‍ ഏറ്റവും പ്രശസ്തന്‍. വിചിത്രമായ ചില പെരുമാറ്റങ്ങളും ശീലങ്ങളും അദ്ദേഹത്തെ അന്യരില്‍നിന്ന് വ്യത്യസ്തനാക്കി. എന്നും രാവിലെ വലിയ ഒരു പാറക്കല്ല് മലമുകളിലേക്ക് കഷ്ടപ്പെട്ട് ഉരുട്ടിക്കയറ്റിയതിനുശേഷം അതിനെ താഴേക്ക് ഉരുട്ടിവിടും. എന്നിട്ട് അതുകണ്ട് കൈകൊട്ടിച്ചിരിച്ച് രസിക്കും. ഇതാണ് എല്ലാവരുടെയും മനസ്സില്‍ നാറാണത്തിനെക്കുറിച്ചുള്ള ചിത്രം.

നാറാണത്തുഭ്രാന്തന്‍ ഒരു അവധൂതനായിരുന്നു. ഒരിക്കല്‍ ഒരു സാധാരണക്കാരന്‍ നാറാണത്തിനെ സമീപിച്ചു, ”അങ്ങയുടെ ശിഷ്യനായി എന്നെ സ്വീകരിക്കണം” എന്ന് അപേക്ഷിച്ചു. മാത്രവുമല്ല, നാറാണത്തുഭ്രാന്തനെ പിന്തുടര്‍ന്നു നടക്കാനും തുടങ്ങി. പക്ഷേ, അവധൂതനും ആത്മജ്ഞാനിയുമായ നാറാണത്ത് ശിഷ്യനെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. എങ്കിലും തന്നെ പിന്തുടര്‍ന്നുകൊള്ളുവാന്‍ അദ്ദേഹം അയാളെ അനുവദിച്ചു. നാറാണത്തുഭ്രാന്തന്‍ വിശ്രമമില്ലാതെ നടന്നു. എപ്പോഴും നടത്തം മാത്രം. ഒരു ക്ഷീണവുമില്ല. ദിവസങ്ങളോളം ആഹാരംപോലും കഴിക്കാതെ അലഞ്ഞുനടക്കും. പലപ്പോഴും ജലപാനംപോലുമില്ല. സംസാരിക്കാറില്ല, ഉറക്കവുമില്ല. ശിഷ്യനാകാന്‍ എത്തിയ ആള്‍ വിഷമത്തിലായി. നാറാണത്തുഭ്രാന്തന്റെ ഒപ്പം നടെന്നത്താന്‍കൂടി പലപ്പോഴും അയാള്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ അവശനായി അയാള്‍ പറഞ്ഞു: ”ഇങ്ങനെ ആഹാരം കഴിക്കാതെയും ജലപാനം ഇല്ലാതെയും നടന്നാല്‍ ഞാന്‍ മരിച്ചുപോകും.” ഇതിന് നാറാണത്തുഭ്രാന്തന്‍ മറുപടിയൊന്നും പറഞ്ഞില്ല. അതിനിടയ്ക്ക് ഒരു പറയന്‍ നാറാണത്തുഭ്രാന്തനെ തന്റെ കുടിയിലേക്ക് ക്ഷണിച്ചു. അയാള്‍ നല്‍കിയ മദ്യം കഴിക്കുകയും ചെയ്തു. ഇതുകണ്ടിട്ട്, ശിഷ്യനാകാന്‍ എത്തിയ ആളും മദ്യം കുടിച്ചു.

കുറച്ചു കഴിഞ്ഞ് അവര്‍ ഒരു കൊല്ലന്റെ ആലയിലെത്തി. അവിടെ ലോഹം ഉരുക്കിവെച്ചിരിക്കുകയായിരുന്നു. അവിടേക്കു ചെന്ന നാറാണത്തുഭ്രാന്തന്‍ തിളച്ച ഈയം കൈയിലെടുത്തു കോരിക്കുടിക്കുവാന്‍ തുടങ്ങി. എന്നിട്ട് പിന്നാലെ വന്ന ആളിനെ നോക്കി പറഞ്ഞു: ”സാധിക്കുമെങ്കില്‍ ഈ തിളച്ച ഈയവും കുടിച്ചുകൊള്ളൂ…” ഈ രംഗം കണ്ടുഭയന്ന അയാള്‍ പിന്തിരിഞ്ഞ് ഓടിക്കളഞ്ഞു. ഗുരു ചെയ്യുന്നതില്‍ തനിക്ക് സൗകര്യമുള്ളവ മാത്രം അനുകരിക്കുകയാണ് ഈ ശിഷ്യന്‍ ചെയ്തത്. തന്റെ പരിമിതികള്‍ മനസ്സിലായപ്പോള്‍ ഗുരുവിനെ വിട്ടുപോവുകയും ചെയ്തു. ഗുരുവിനെ അനുകരിക്കുക എളുപ്പമാണെന്ന് തോന്നാം. എന്നാല്‍ ഗുരുവിനെ അനുസരിക്കുകയും ഗുരുവില്‍നിന്ന് ത്യാഗം, ക്ഷമ, സ്‌നേഹം, ദയ, വിനയം തുടങ്ങിയ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് ഒരു യഥാര്‍ഥ ശിഷ്യന്‍ ചെയ്യേണ്ടത്. തന്റെ ശിഷ്യരാകാന്‍ യോഗ്യതയുള്ളവരെ ലഭിക്കുക അസാധ്യമായതുകൊണ്ടാണ് നാറാണത്തുഭ്രാന്തന്‍ ആരെയും ശിഷ്യരായി എടുക്കാതിരുന്നത്. ശരിയായ ഗുരുക്കന്മാര്‍ ധാരാളമുണ്ടാകാം. എന്നാല്‍, ശരിയായ ശിഷ്യന്മാര്‍ വളരെ വിരളമാണ് എന്ന തത്ത്വമാണ് ഈ കഥയില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. സാധാരണക്കാരുടെ ബുദ്ധിക്ക് ഇത്തരം മഹാന്മാരെ മനസ്സിലാക്കാന്‍ കഴിയാറില്ല. അതുകൊണ്ട് അത്തരം മഹാന്മാരെ ഭ്രാന്തന്മാര്‍ എന്ന് പലരും വിളിക്കാറുണ്ട്. നാറാണത്ത്, ‘ഭ്രാന്തന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്നെ ജനങ്ങള്‍ ഇങ്ങനെ വിളിക്കുന്നതില്‍ അദ്ദേഹത്തിനു ലേശവും പരിഭവം ഇല്ലായിരുന്നു. തന്റെ പ്രവൃത്തികളുടെ അര്‍ഥം വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല.

അമ്മയ്ക്ക് ഒരുകാര്യം ഉറപ്പാണ്. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പലരും ഭ്രാന്തുപിടിച്ച് ഓടുകയാണ്. അത്തരക്കാര്‍ക്ക് അവരുടെ ഈ ഭ്രാന്ത് തിരിച്ചറിയാന്‍ കഴിയുന്നില്ല. ധനത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള ഭ്രാന്ത് സ്വയം തിരിച്ചറിയാന്‍ കഴിയണം. സാധാരണക്കാരുടെ ഇത്തരം ഭ്രാന്ത് അവരെ ബോധ്യപ്പെടുത്താനാണ് നാറാണത്തുഭ്രാന്തന്‍ എന്നും രാവിലെ വലിയ ഒരു പാറക്കല്ല് മലമുകളിലേക്ക് ഉരുട്ടിക്കയറ്റിയ ശേഷം അതിനെ താഴേക്ക് ഉരുട്ടിവിട്ടിരുന്നത്. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും മരണത്തോടെ അതിനെയെല്ലാം കൈവിട്ടുപോകണമെന്ന തത്ത്വം ഓര്‍മിപ്പിക്കുകയാണ് ഇതിലൂടെ നാറാണത്തുഭ്രാന്തന്‍ ചെയ്തിരുന്നത്.

മഹാന്മാര്‍ ഒന്നിന്റെയും പിന്നാലെ ഭ്രാന്തുപിടിച്ചു നടന്നിട്ടില്ല. അവര്‍ ഇത്തരം മനോവൈകല്യങ്ങളെ അതിജീവിച്ചവരാണ്. അവരുടെ ഹൃദയം നിറയുമ്പോള്‍ അതു സ്‌നേഹത്തിന്റെയും കരുണയുടെയും രൂപത്തില്‍ മറ്റുള്ളവരിലേക്ക് ഒഴുകിയെത്തുന്നു. സ്വയം പൂര്‍ണരായിരിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരിലേക്ക് സ്‌നേഹവും കരുണയും ചൊരിയാന്‍ അവര്‍ക്ക് കഴിയുന്നു. ഈ മനോഭാവമാണ് മക്കള്‍ വളര്‍ത്തിയെടുക്കേണ്ടത്. സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും പിന്നാലെയുള്ള ഭ്രാന്തുപിടിച്ചുള്ള ഓട്ടം കുറയ്ക്കുക, മറ്റുള്ളവര്‍ക്ക് സ്‌നേഹവും കരുണയും നല്‍കുക. അപ്പോള്‍ നിങ്ങള്‍ക്കും സന്തോഷവും ഐശ്വര്യവും ഉണ്ടാവും.

അമ്മ

കടപ്പാട്: മാതൃഭുമി