സേവനത്തിലൂടെ മനഃസുഖം കിട്ടുമെന്നു പറയുന്നു പക്ഷേ ചിലപ്പോള്‍ അങ്ങനെ സംഭവിക്കാറില്ല; കാരണം?

ധനം ഇഷ്ടം പോലെയുണ്ട്. പക്ഷേ അയാള്‍ക്ക് മനഃസമാധാനം തെല്ലുമില്ല. നന്നായി ഉറങ്ങിയിട്ട് കാലമേറെയായി കണ്ണു തുറന്നാലും അടഞ്ഞാലും ബിസിനസ്സു കാര്യങ്ങളാണ് മുന്നില്‍. മനഃശാന്തിക്കായി അയാള്‍ പലരേയും സമീപിച്ചു. പലരും പലവഴികളും ഉപദേശിച്ചു.

അതിലൊന്ന് അയാള്‍ക്ക് തൃപ്തികരമായി തോന്നി,
“സമയം കിട്ടുമ്പോള്‍ ആശുപത്രി സന്ദര്‍ശിക്കുക. പാവപ്പെട്ട രോഗികളുടെ വിഷമതകള്‍ കേള്‍ക്കുക, അവരുടെ വേദന പങ്കുവയ്ക്കുക. സേവനം വഴി നമുക്കും മനഃസുഖം കിട്ടും.”

പണം മുടക്കില്ലാത്ത പരിപാടിയാണല്ലോ ധനികന് ആ ആശയം ബോധിച്ചു. അങ്ങനെ ഒരു ദിവസം അയാള്‍ ആശുപത്രിയിലെത്തി. ഒരു മുറിയില്‍ കയറിചെന്നു. അവിടെ രോഗി ഒറ്റയ്ക്കേയുള്ളു. കാലില്‍ പ്ലാസ്റ്ററിട്ടിരിക്കുന്നു. ധനികന്‍ യാന്ത്രികമായി തിരക്കി, “എങ്ങനെയുണ്ട് കാലിന് വേദന?”

“എന്തു പറയാനാ സാറേ… ഇന്നലെ ഒരു പോള കണ്ണടച്ചില്ല. കടുത്ത വേദന” രോഗി വിഷമത്തോടെ പറഞ്ഞു. അയാള്‍ ഇതു പറയുമ്പോള്‍ ധനികന്റെ മനസ്സ് വ്യാപാരത്തിലായിരുന്നു. ധനികന്‍ യാന്ത്രികമായി ചോദിച്ചു, “ഏതായാലും, അതു നന്നായി. ഏത് മരുന്നാ ഇപ്പോള്‍ കഴിക്കണേ…?”

ആ ചോദ്യം കേട്ട് ദേഷ്യം വന്ന രോഗി പറഞ്ഞു, “വിഷം”.

അമനസ്കനായ ധനികന്‍ പറഞ്ഞു. “അതു കൊള്ളാം… നല്ല മരുന്ന് പെട്ടെന്ന് രോഗം മാറും… ആട്ടെ ഏതു ഡക്ടറാ പരിശോധിക്കണേ…?”

കോപം തടുക്കാനാകാതെ രോഗി പറഞ്ഞു… “കാലന്‍”

“നല്ല ഡോക്ടര്‍… അദ്ദേഹം പെട്ടെന്ന് രോഗം മാറ്റിതരും” ശ്രദ്ധ അവിടെ എങ്ങും ഇല്ലാതിരുന്ന ധനികന്‍ പറഞ്ഞു.

അതു കേട്ടതും, രോഗി കൈനിവര്‍ത്തി ധനികന്റെ കരണത്തടിച്ചതും ഒന്നിച്ച്

ധനികനിപ്പോഴും അടികിട്ടിയതിന്റെ കാര്യം മനസ്സിലായിട്ടില്ലത്രേ!

സേവനത്തിനിറങ്ങുന്നത് പൂര്‍ണ്ണമനസ്സോടെയായിരിക്കണം. എങ്കിലേ സേവനത്തിന്റെ നന്മയും സുഖവും സേവിക്കുന്നവനും സ്വീകരിക്കുന്നവനും ലഭിക്കൂ.

കടപ്പാട്: നാം മുന്നോട്ട്