ഒരിക്കല്‍ അടുക്കളയ്ക്കു സമീപം, മുറ്റത്ത് ചിതറിക്കിടക്കുന്ന, അരി മണികള്‍ രമണമഹര്‍ഷിയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം വളരെ കാര്യമായി അവയോരോന്നും പെറുക്കിയെടുക്കാന്‍ തുടങ്ങി.
മഹാനായ ആ ത്യാഗിയുടെ പെരുമാറ്റത്തില്‍ അത്ഭുതം കുറിയ ഭക്തജനങ്ങള്‍ ചുറ്റിനു കൂടി. ജീവിതത്തില്‍ സര്‍വസുഖസൗകര്യങ്ങളും ഉപയോഗിച്ച ഇദ്ദേഹം കുറച്ച് അരിമണികള്‍ക്ക് വേണ്ടി കാണിക്കുന്ന തത്രപ്പാട് കണ്ട് ഒരാള്‍ തിരക്കി. “നമ്മുടെ കലവറയില്‍ എത്രയോ ചാക്ക് അരിയുണ്ട്. പിന്നെ അങ്ങ് ഇങ്ങനെ നുള്ളിപ്പെറുക്കേണ്ട കാര്യമുണ്ടോ?”
മഹര്‍ഷി പറഞ്ഞു.
“നിങ്ങള്‍ ഈ അരിമണിയേ കാണുന്നുള്ളൂ. ഈ അരിമണിയില്‍ സൂര്യന്റെ തേജസ്സുണ്ട്. മേഘങ്ങള്‍ വര്‍ഷിച്ച ജലബിന്ദുക്കളുണ്ട്. മാത്രമല്ല ഇത് ഈ രൂപത്തിലാക്കിയ ഒരു പറ്റം കര്‍ഷകരുടെ അദ്ധ്വാനവുമുണ്ട്. അതു കൊണ്ട് ഒരു മണി അരി പോലും നഷ്ടപ്പെടുത്തിക്കൂടാ.. നിങ്ങള്‍ക്കാവശ്യമില്ലെങ്കില്‍ പക്ഷികള്‍ക്ക് കൊടുക്കൂ… അദ്ധ്വാനത്തിന്റെ വില അറിഞ്ഞാല്‍ ഒന്നും നിസ്സാരമായി കളയാന്‍ കഴിയുകയില്ല.”
കടപ്പാട്: നാം മുന്നോട്ട്