ഒന്നും ചെയ്യാതെ ‘ഈശ്വരാ രക്ഷിക്കണേ’ എന്ന് കരഞ്ഞു വിളിച്ചു കൂവിനടക്കുന്ന വിശ്വാസികളെക്കുറിച്ച് എന്തു പറയുന്നു?
ഒരു സംസ്കൃത കവി പാടുന്നു. “എവിടെയാണോ ഉത്സാഹം, സാഹസം, ധൈര്യം, ബുദ്ധി, ശക്തി, പരാക്രമം എന്നീ ആറുഗുണങ്ങള്‍ കുടികൊള്ളുന്നത് അവിടെ ഈശ്വരസഹായം ഉറപ്പായും ലഭിക്കും.”
ശരിയായ ഈശ്വരവിശ്വാസി ഉറച്ച ആത്മവിശ്വാസമുള്ളവനുമായിരിക്കും. താന്‍ ആശ്രയിച്ചിരിക്കുന്ന സര്‍വ്വശക്തന്റെ, ശക്തിയില്‍ ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് അവന്‍ ഭയരഹിതനുമാണ്.
ധീരനുമാത്രമേ ഈശ്വരസഹായം ലഭിക്കൂ. ദുര്‍ബലര്‍ക്ക് ഈശ്വരകരുണ ഉപയോഗപ്പെടുത്താന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല.
പ്രാര്‍ത്ഥന യാചനയല്ല; യാചനയാക്കുകയുമരുത്. പ്രത്യേകമായുള്ള അര്‍ത്ഥനയാണ് പ്രാര്‍ത്ഥന. അതായത് മേല്‍ വിവരിച്ച ആറുഗുണങ്ങള്‍ക്കായി ജഗദീശ്വരനോടുള്ള അര്‍ത്ഥന.
ഭക്തന്റെ ബാക്കിയുള്ള കാര്യങ്ങളെല്ലാം കരുണാമയനായ അവിടുന്ന് ചോദിക്കാതെ തന്നെ തന്നു കൊള്ളും നവജാതശിശു എന്തെങ്കിലും അമ്മയോടു ചോദിക്കുന്നുണ്ടോ? അമ്മ അറിഞ്ഞ് എല്ലാം കൊടുക്കുകയല്ലേ.
കടപ്പാട്: നാം മുന്നോട്ട്