ദുഷ്ഫലങ്ങള്‍ ഒഴിവാക്കാനെന്തു വഴി?
ഭൂലോകസഞ്ചാരം കഴിഞ്ഞെത്തിയ നാരദരോട് മഹാവിഷ്ണു വിശേഷം തിരക്കി. നാരദര്‍ പറഞ്ഞു. “ഭൂമിയില്‍ രണ്ട് അത്ഭുതങ്ങള്‍ ഞാന്‍ കണ്ടു. ഒന്ന്, എല്ലാവര്‍ക്കും നല്ലത് സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനായി നല്ലതൊന്നു ചെയ്യാന്‍ ആരും ഒരുക്കമല്ല. രണ്ട്, എല്ലാവരും ദുഷ്ടഫലത്തെ വെറുക്കുന്നു. പക്ഷേ ദുഷ്ഫലം ഉണ്ടാകാതിരിക്കാന്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നുമില്ല.
വലിയവനാകാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അത് നന്നു തന്നെ. നമുക്ക് വലിയവനാകാം. വലിയവനാകാന്‍ വലിയവന്‍ ചെയ്യുന്നപ്രവൃത്തികള്‍ ചെയ്യണമെന്നു മാത്രം.
നാം ഒരാളെ സഹായിക്കുന്നു എന്നു കരുതുക. അപ്പോള്‍ നമ്മുടെ മനസ്സില്‍ സ്വയം ഒരു മതിപ്പ് ഉയര്‍ന്നതും, സന്തോഷം തിരതല്ലുന്നതും ശ്രദ്ധിച്ചാല്‍ അറിയാനാകും. മറിച്ച് ആരെയെങ്കിലും എന്തെങ്കിലും കാര്യസാധ്യത്തിന് സമീപിക്കേണ്ടി വരുമ്പേള്‍ നാം അറിയാതെ നമ്മളൊന്ന് ചുരുങ്ങി, ചൂളി പോകാറുമുണ്ട്. ആശ്രയിക്കുമ്പോള്‍ നാം സ്വയം ചെറിയവനായി പോകുന്നു. സേവനം ചെയ്യുമ്പോള്‍ അറിയാതെ തന്നെ വലിയവനായി മാറുന്നു, മനസില്‍ സംതൃപിതി ഊറുന്നു.
ധനം, പദവി, സമ്പത്ത് ഇവയൊക്കെ അധാര്‍മികമായി സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോളൊക്കെ നമ്മുടെ അന്തരംഗം നമ്മെ തന്നെ ഇടിച്ച് ചെറുതാക്കാറുണ്ട് ഒരിക്കല്‍ ആ കുറ്റബോധം നമ്മെ ശരിക്കും ചെറിയവനാക്കുകയും ചെയ്യും. മനഃസാക്ഷിയെ പറ്റിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
കൊടുക്കുന്നവന്റെ കൈ എപ്പോഴും മുകളിലും വാങ്ങുന്നവന്റെ കൈ എപ്പോഴും താഴെയുമാണ്. അതിനാല്‍ നല്ലവനും വലിയവനുമാകാന്‍ നല്ലതും വലുതുമായ പ്രവൃത്തികളില്‍ നമുക്ക് ഏര്‍പ്പെടേണ്ടതുണ്ട്.
കടപ്പാട്: നാം മുന്നോട്ട്