“ഇനി നല്ലൊരു ലോകം ഉണ്ടാകുമോ? ഈ ലോകത്തിന്റെ ഗതി എന്ത്?” ഇങ്ങനെ വിഷാദിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷേ ഒരു പുതുയുഗ സൃഷ്ടിയിലാണ് ഏറെ വര്‍ഷങ്ങളായി ലോകത്തിലുള്ള മഹത്തുക്കള്‍ എന്ന് മനസ്സിലാക്കൂ.
ആ ലോകം ക്ലേശരഹിതവും സര്‍വ്വര്‍ക്കും ആനന്ദം നല്കുന്നതുമായ ഒരു ലോകമല്ല. പക്ഷേ ആ പുതിയ ലോകത്തില്‍ മനുഷ്യന്‍ മനുഷ്യനെ ഉപദ്രവിക്കില്ല.
അത് അന്ധകാരമില്ലാത്ത ലോകമല്ല, അന്ധകാരത്തെ ജയിക്കാമെന്ന് ഉറപ്പുള്ള ലോകമായിരിക്കും.
അത് മരണമില്ലാത്ത ലോകമല്ല, മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നു എന്നു കരുതാത്ത ലോകമായിരിക്കും.
ആ ലോകം ദൈവത്തിനുവേണ്ടി മുകളിലേക്കു നോക്കുകില്ല, കൈയോടു കൈകോര്‍ത്ത് ദൈവത്തെ സ്വര്‍ഗത്തോടൊപ്പം ഭൂമിയിലേക്ക് കൊണ്ടുവരുന്നതായിരിക്കും.
ആ ലോകത്തില്‍ ആരും പട്ടിണി കിടക്കില്ല, കിടപ്പാടം ഇല്ലാത്തവര്‍ ഉണ്ടാകില്ല. വിദ്യയും മരുന്നും ലഭിക്കാത്തവര്‍ ഉണ്ടാകില്ല.
ആ ലോകത്തിലേക്ക് നമ്മുടെ ഈ ലോകത്തെ ഉന്തിക്കൊണ്ടുപോകുകയാണ് കാലങ്ങളായി ലോകത്തുള്ള മഹത്തുക്കളുടെ പരമ്പര.
ഇവിടെ നമുക്കും ഒരു പങ്കുണ്ട്. ആ ദിശയിലേക്ക് ലോകത്തെ ഉന്തുവാന്‍ അവരെ സഹായിക്കുക. അതിനായി അയല്‍ വാസിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നമുക്കു കഴിയും പോലെ ഈ നിമിഷം മുതല്‍ ചെയ്തുകൊടുക്കുക. പുതുലോകനിര്‍മ്മാണത്തില്‍ നമ്മുടെ കടമ നിറവേറ്റാം.
കടപ്പാട്: നാം മുന്നോട്ട്