ജര്‍മ്മന്‍ കവി ഗോയ്ഥേ മിക്കപ്പോഴും പരാമര്‍ശിക്കാറുള്ള ഒരു കഥ കേള്‍ക്കൂ,
പീറ്റര്‍ യേശുദേവനോട് ചോദിച്ചു, “അങ്ങേക്ക് ജലോപരി നടക്കാന്‍ സാധിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് കഴിയുന്നില്ല.”
“കാരണം എനിക്ക് ഉറച്ച വിശ്വാസമുണ്ട്” യേശുദേവന്‍ മറുപടി പറഞ്ഞു.
“ഞങ്ങള്‍ക്കും വിശ്വാസം ഉണ്ട്.” പീറ്റര്‍ വീറോടെ പറഞ്ഞു.
“എങ്കില്‍ എന്നെ പിന്തുടരൂ.” യേശുദേവന്‍ സമുദ്രത്തിന് മേലെ നടക്കാന്‍ തുടങ്ങി, പുറകെ പീറ്ററും.
കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു കൂറ്റന്‍ തിരമാല വരുന്നത് പീറ്റര്‍ കണ്ടു. അദ്ദേഹം ഭയന്ന് പരവശനായി.
“പ്രഭോ… എന്നെ രക്ഷിക്കൂ.. എന്നെ രക്ഷിക്കൂ…”
“എന്താ എന്തുപ്പറ്റി?” യേശു തിരക്കി.
“നോക്കൂ… ആ കൂറ്റന്‍ തിരമാല കണ്ടില്ലേ. അതെന്റെ മനസ്സില്‍ ഭയം ഉണര്‍ത്തുന്നു.”
“നീ തിരയെ ഭയന്നു. പക്ഷേ തിരയുടെ യജമാനനെ ഭയക്കുന്നില്ല അതാണ് നിന്റെ കുഴപ്പവും.”
നാം ഈശ്വരനെ ഭയക്കുന്നതിനും സ്നേഹിക്കുന്നതിനും പകരം അവിടുത്തെ സൃഷ്ടികളെ ഭയക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഈശ്വരനെ സ്നേഹിച്ചാല്‍ മറ്റെല്ലാറ്റ്നേയും സ്നേഹിക്കാനാകും. ഈശ്വരനില്‍ പ്രേമം ഉണ്ടായാല്‍ മറ്റൊന്നിനും നമ്മെ ഭയപ്പെടുത്താനും സാധ്യമല്ല. അതിനാല്‍ ഇനിമുതല്‍ ഈശ്വരനെയാകട്ടെ നാം ഭയക്കേണ്ടത്, സ്നേഹിക്കേണ്ടത്. ഈശ്വരനെ സ്നേഹിക്കുക എന്നു തന്നെയാണ് അര്‍ത്ഥം. അധാര്‍മ്മികത ചെയ്യാനുള്ള ഭയമാണ് ഈശ്വരഭയം. അല്ലാതെ വാളുമേന്തി നമ്മെ ശിക്ഷിക്കാന്‍ ഒരു ഈശ്വരനും ഇല്ല എന്നറിയുക.
കടപ്പാട്: നാം മുന്നോട്ട്