എന്തൊക്കെ മരുന്നു കഴിച്ചിട്ടും എന്റെ രോഗം ശമിക്കുന്നില്ല. ഡോക്ടര്‍മാര്‍ കൈയൊഴിയും പോലെ പെരുമാറുന്നു.
വിചിത്രമായവിധം സേവനം നടത്തുന്ന ഒരാള്‍ ഉത്തരേന്ത്യയിലുണ്ടായിരുന്നു. ആശുപത്രി സന്ദര്‍ശിക്കുക, രോഗികളെ സന്തുഷ്ടരാക്കുക. ഇതാണ് അദ്ദേഹത്തിന്റെ സേവനരംഗം.
അദ്ദേഹം സമ്പന്നനല്ല. അതിനായി രോഗികളെ സന്തോഷിപ്പിക്കാനായി തന്റേതായ ഒരു വഴി കണ്ടേത്തി. പത്രത്തിലും മാസികകളിലും പ്രസിദ്ധീകരിച്ച ചിരിക്കുന്ന വ്യക്തികളുടെ ചിത്രം വെട്ടിയെടുത്ത് ഒട്ടിച്ച് നല്ലെരാല്‍ബം ഉണ്ടാക്കി. ഇതുകൊണ്ടദ്ദേഹം ആശുപത്രിയില്‍ വാര്‍ഡിലെത്തും. ശാരീരിക മാനസിക പീഡകള്‍ അനുഭവിക്കുന്ന, ചിരിക്കാന്‍ മറന്നു പോയ രോഗികളുടെ സമീപം ചെന്ന് ഈ ‘ചിരി ആല്‍ബം’ കാണിക്കും.
ചില ചിത്രങ്ങള്‍ കാണുമ്പോള്‍ രോഗികള്‍ പൊട്ടിച്ചിരിച്ചുപോകും. നിമിഷനേരത്തേക്കെങ്കിലും അവര്‍ രോഗത്തിന്റെ കഠിനവേദന മറക്കും. എന്തായാലും ഈ സേവനം പലരോഗികളുടേയും രോഗശമനത്തിന് വേഗത കൂട്ടി എന്ന് പിന്നീട് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ചിരി ഏതു രോഗത്തിനും ഉത്തമ മരുന്നു തന്നെ. ആദ്ധ്യാത്മപാതയിലെ ഉറ്റസുഹൃത്താണ് ചിരി സന്തുഷ്ടമായ മനസ്സിനെ മെരുക്കാനും നയിക്കാനും എളുപ്പമാണ്.
‘നല്ല മൂഡ്’ ഉള്ളപ്പോള്‍ ആരോടും എന്തിനും ‘ക്ഷമിക്കാന്‍’ നമുക്ക് കഴിയുന്നതിന്റെ രഹസ്യവും ഇതുതന്നെ.
സന്തോഷം, (ചിരി) വ്യസനകാര്‍മേഘങ്ങളെ അകറ്റുന്നു.
‘പോയതുപോകട്ടെ’ എന്ന മന്ത്രം മനസില്‍ ഉറപ്പിക്കുക. ചിരിക്കാന്‍ പഠിക്കുക. ദൈവതുല്യരായ മഹത്തുക്കളൊക്കെ മധുരമനോഹരമായി ചിരിക്കുന്നവരായിരുന്നു എന്നും ഓര്‍ക്കൂ. സന്തോഷം രോഗശമനം ദ്രുത ഗതിയിലാക്കും.
കടപ്പാട്: നാം മുന്നോട്ട്